നിരവധി ജനക്ഷേമപരിപാടികളുമായി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന പിണറായി സര്‍ക്കാരിന് നാണക്കേടായി പൊലീസ് രാജ്. ക്രിമിനല്‍ സ്വഭാവമുള്ള പൊലീസിനെ എന്ത് ചെയ്യണമെന്നറിയാതെ സര്‍ക്കാര്‍
അധികാരത്തിന്റെ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തരമന്ത്രിയുടെ തൊപ്പി തലവേദനയാകുന്നു. പലതവണ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും പാലിക്കാന്‍ പല പൊലീസ് ഉദ്യോഗസ്ഥരും തയ്യാറായിട്ടില്ല. ലോക്കപ്പ് മരണങ്ങളും മര്‍ദ്ദനവും പോസ്‌ക്കോകേസുകളില്‍ പോലും കേസ് എടുക്കാത്തതും പരാതിക്കാര്‍ക്കെതിരെ കേസ് എടുക്കുന്നതും നിത്യസംഭവമാകുന്നു. ഏറ്റവും അവസാനം ആലുവ കുറ്റിയാട്ടുകരയില്‍ വെച്ച് പൊലീസ് വാഹനം ബൈക്കിലിടിച്ചത് ചോദ്യം ചെയ്ത യുവാവിനെ ഗുരുതരമായി മര്‍ദ്ദിച്ച് അവശനാക്കി. സംഭവത്തില്‍ നാല് പൊലീസുകാര്‍ക്കെതിരെ കേസ് എഠുത്തു.
ക്രിമിനല്‍ സ്വഭാവമുള്ള പൊലീസുകാരാണ് ഇതിനെല്ലാം പിന്നില്‍. ഇവരെയെല്ലാം പെട്ടെന്ന് സേനയില്‍ നിന്ന് തുടച്ച് നീല്‍ക്കാന്‍ പറ്റില്ലെന്നാണ് സി.പി.എം യുവ എം.എല്‍.എയായ എം. സ്വരാജ് ഉള്‍പ്പെടെ പറയുന്നത്. ഇത്തരത്തില്‍ പെട്ട പൊലീസുകാരെ കുറിച്ച് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് കിട്ടിയിട്ട് വര്‍ഷങ്ങളായി. മാറി മാറി വന്ന സര്‍ക്കരുകള്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.
മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകന്‍ ബ്ലേഡ് കമ്പനിക്കും സ്വന്തം
മുന്‍ സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രി പിണറായി പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുന്നു എന്നത് ശ്രദ്ധേയമാണ്. എന്നിട്ടും പൊലീസില്‍ നിന്ന് നിരന്തരം വീഴ്ചകള്‍ ഉണ്ടാകുന്നു. ആഭ്യന്തരവകുപ്പിന്റെ ഉപദേശകനായ ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പലിശയ്ക്ക് പണം കടംകൊടുക്കുന്ന പ്രമുഖ കമ്പനിയുടെയും ഉപദേശകനാണ്. ഇവരുടെയെല്ലാം താല്‍പര്യങ്ങള്‍ പലയിടങ്ങളിലും പ്രതിഫലിക്കുന്നെന്ന് ആക്ഷേപമുണ്ട്. മുഖ്യമന്ത്രിയെ പോലും പൊലീസുകാര്‍ തെറ്റിദ്ധരിപ്പിക്കുന്നു. കോട്ടയത്തെ ദുരഭിമാനക്കൊലയില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച എസ്.പിയെ സ്ഥലം മാറ്റിയിരുന്നു. പൊലീസിനെ ജനസൗഹൃദമാക്കുന്നതിന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ നിരവധി സര്‍ക്കുലറുകള്‍ ഇറക്കിയിരുന്നെങ്കിലും ഒന്നും ഫലപ്രദമായില്ല.
ഹെല്‍മറ്റ് പിടുത്തം പ്രധാന വിനോദം
ഹെല്‍മറ്റ് വയ്ക്കാതെ യാത്ര ചെയ്യുന്നവരെ പിടികൂടുന്നതും അവരെ പലതരത്തിലും പീഡിപ്പിക്കുന്നതുമാണ് പൊലീസിന്റെ പ്രധാന വിനോദങ്ങളിലൊന്ന്. രണ്ട് മാസം മുമ്പ് ആലപ്പുഴയില്‍ വെച്ച് പൊലീസ് കൈകാണിച്ചിട്ടും ബൈക്ക് നിര്‍ത്താതെ പോയ യുവാവിനെ പിന്തുടരുകയും ഭയന്ന് അമിത വേഗത്തില്‍ പോയ യുവാവിന്റെ ബൈക്ക് ലോറിയിലിടിച്ച് അയാള്‍ മരണപ്പെടുകയും ചെയ്തു. ഈ സംഭവം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ യു.ഡി.എഫും ബി.ജെ.പിയും ഉയര്‍ത്തിക്കൊണ്ടു വന്നെങ്കിലും പിന്നീട് എല്ലാം പഴയത് പോലെയായി. പണവും അധികാരവും ഉള്ളവര്‍ക്ക് കുട പിടിക്കുന്നതാണ് പൊലീസിന്റെ പ്രധാന വീഴ്ച. കെവിന്റെ ദുരഭിമാന കൊലപാതകം അടക്കം ഇങ്ങിനെയാണ് സംഭവിച്ചത്.
സ്റ്റേഷന്‍ ചുമതല സി.ഐമാര്‍ക്ക് നല്‍കിയതില്‍ വീഴ്ച
പൊലീസ് സ്റ്റേഷനുകളുടെ ചുമതല സി.ഐമാര്‍ക്ക് നല്‍കുന്നതില്‍ ആഭ്യന്തരവകുപ്പിന് വീഴ്ച പറ്റി.
സംസ്ഥാനത്തെ പകുതിയിലേറെ സ്‌റ്റേഷനുകളിലും കൊലപാതകം, പീഡനം തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ അന്വേഷിക്കാന്‍ അധികാരമുള്ള എസ്. എച്ച്. ഒമാരില്ല. നവീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വീണ്ടും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൊലപാതകം, പീഡനം തുടങ്ങി ഗുരുതര കുറ്റകൃത്യത്തില്‍ പെട്ട കേസുകള്‍ സി.ഐ അന്വേഷിക്കണമെന്നാണ് നിയമം. സി.ഐമാരില്ലാത്തതിനാല്‍ സംസ്ഥാനത്തെ 268 സ്‌റ്റേഷനുകളില്‍ ഈ നിയമം പൂര്‍ണതോതില്‍ നടപ്പാക്കാനായില്ല.
ജനുവരി ഒന്നിനാണ് 196 സ്‌റ്റേഷനുകളുടെ ചുമതല എസ്.ഐമാരില്‍ നിന്ന് മാറ്റി സി.ഐമാര്‍ക്ക് നല്‍കുന്ന നവീകരണത്തിന് തുടക്കമായത്. അവശേഷിക്കുന്ന 268 സ്‌റ്റേഷനുകളുടെ ചുമതല ഏപ്രില്‍ മാസത്തോടെ സി.ഐമാര്‍ക്ക് കൈമാറാന്‍ ലക്ഷ്യമിട്ടെങ്കിലും ഇതുവരെ നടപ്പായില്ല.
സി.ഐ കേസ് എടുക്കും എസ്.ഐ അന്വേഷിക്കും
കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ നടന്നാല്‍ സി.ഐമാരില്ലാത്ത സ്ഥലങ്ങളില്‍ അടുത്ത സ്റ്റേഷനിലെ സി.ഐ എത്തി കേസ് രജിസ്റ്റര്‍ ചെയ്യും എന്നിട്ട് എസ്.ഐ അന്വേഷിക്കുകയുമാണ് നടന്നുവരുന്നത്. ഇത് കാരണം പ്രതികളെ പിടികൂടുന്നതിനും അന്വേഷണം അവസാനിപ്പിക്കുന്നതിനും വൈകുന്നു. അധികാരമില്ലാത്ത എസ്.ഐ തയാറാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന നിയമപ്രശ്‌നവുമുണ്ട്. ഇതൊക്കെയാണ് പൊലീസിനെ കുഴയ്ക്കുന്ന പ്രശ്‌നങ്ങളെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.
കെടക്കപ്പൊറുതിയില്ലാതെ പൊലീസ്
മന്ത്രിവന്നാലും ഉത്സവം വന്നാലും പെരുന്നാള് വന്നാലും കെടക്കപ്പൊറിതിയില്ലാത്തത് പൊലീസിനാണ്. പല സ്റ്റേഷനുകളിലും വേണ്ടത്ര പൊലീസുകാരില്ലാത്തതിനാല്‍ ലീവ് എടുക്കാന്‍ പോലും പലപ്പോഴും കഴിയുന്നില്ല. വരാപ്പുഴയില്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ എസ്.ഐ ദിപക് ഭാര്യയ്ക്ക് സുഖമില്ലാത്തത് കാരണം ലീവെടുത്ത് വീട്ടില്‍ പോയ അന്ന് രാത്രി റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജ്ജ് വിളിച്ചുവരുത്തുകയായിരുന്നു. എസ്.പി എസ്.ഐയെ ശകാരിക്കുകയും ചെയ്തിരുന്നു. അതിലൊക്കെയുള്ള ദേഷ്യവും അമര്‍ഷവുമാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ തീര്‍ത്തതെന്ന് ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha