ആനവണ്ടി വെളളത്തിൽ പെൻഷൻ ഇനി നോക്കണ്ട ഇതും ബാലഗോപാലിന്റെ തന്ത്രമോ?
ശമ്പളത്തിനും പെൻഷനും സർക്കാർ സഹായം തികയാതെ ആനവണ്ടികൾ. 6000 ബസുകളെങ്കിലും ഓടിച്ചെങ്കിൽ മാത്രമേ കാര്യങ്ങൾ വെടിപ്പാകു. ബജറ്റിൽ ശമ്പളത്തിനും പെൻഷനുമായി 900 കോടി രൂപയാണ് അനുവദിച്ചത്. ഇപ്പോഴത്തെ സാഹചര്യം തുടരുകയാണെങ്കിൽ പെൻഷൻ ബാധ്യത ഏറ്റെടുക്കാനൊന്നും കഴിയില്ല. ഒരു വർഷത്തെ പെൻഷൻ നൽകാൻ 780 കോടി വേണ്ടി വരും. കയ്യിലുളളത് 120 കോടി മാത്രം.
ഇത് തികയില്ല. ശമ്പളത്തിന് മാത്രം 50 കോടി വീതം സർക്കാരിൽ നിന്നും വാങ്ങുന്നുണ്ട്. ഇപ്പോഴുളളത് 4200 ബസുകളാണ് ഇതിൽ നിന്നും പരമാവധി വരുമാനം ലഭിക്കുന്നുണ്ട്. ഒരു ബസിന് ദിവസവരുമാനം 17,500 രൂപയോളം വരും. ഇത് സ്വകാര്യ ബസിനേക്കാൾ കൂടുതലാണ്. 263 വൈദ്യുത ബസുകൾ വാങ്ങാൻ പ്ലാൻ ഫണ്ടിൽ നിന്നും ടെൻഡർ വിളിച്ചിട്ടുണ്ട്. 300 ഡീസൽ ബസുകൾ ഈ മാസം വരും. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നിന്നും 1000 ഓളം ബസുകൾ കിട്ടാൻ സാധ്യതയുണ്ട്. ചെലവ് കുറയ്ക്കാൻ മറ്റൊരു എളുപ്പവഴി കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നിന്നും ബസ് ലഭിക്കുക എന്നുളളതാണ്.1000 ബസുകൾ ഇത്തരത്തിൽ ലഭിക്കാനുളള സാധ്യത ഉണ്ട്.ഡീസൽ ബസുകൾ സി എൻ ജിയിലേക്ക് മാറ്റിയാൽ ചെലവ് ഒരുപാട് കുറയ്ക്കാൻ കഴിയും.
എന്നാൽ ഇത് യാഥാർത്ഥ്യമാകണമെങ്കിൽ ഒരു വർഷമെങ്കിലും ചുരുങ്ങിയത് വേണ്ടി വരും. ശമ്പള വിതരണം സ്വയം നൽകണമെങ്കിൽ ദിവസം വരുമാനം 12 കോടി രൂപയെങ്കിലും കടക്കണം. അപ്പോൾ ബസുകളുടെ എണ്ണം കൂട്ടേണ്ടി വരും. 6000 ബസുകളെങ്കിലും ചുരുങ്ങിയത് ഓടിയാലേ വരുമാനം 10 കോടിയെങ്കിലും കടത്താൻ കഴിയൂ. പദ്ധതി വിഹിതമായി അനുവദിച്ച 131 കോടി രൂപയ്ക്കൊപ്പം ബസ് വാങ്ങാനായി അനുവദിച്ച 76 കോടി രൂപയും ചേർത്ത് വിനിയോഗിച്ചാൽ വരുമാനം കുത്തനെ കൂട്ടാനാകും. ഇത്തവണ പല വിധത്തിലായി 1176 കോടി രൂപ കെ എസ് ആർ ടി സി ക്കുണ്ട്.
ജനുവരിയിലെ ശമ്പളം എങ്ങനെ കൊടുക്കണമെന്നറിയാതെ ഉഴലുകയാണ് കെ എസ് ആർ ടി സി. 50 കോടി രൂപയാണ് സർക്കാരിനോട് ചോദിച്ചിരിക്കുന്നത്. ഇത് കിട്ടിയെങ്കിൽ മാത്രമേ എന്തെങ്കിലും നടപടി ഉണ്ടാവുകയുളളു. ഇത് ലഭിച്ചാൽ ശേഷിക്കുന്ന തുക പതിവുപോലെ ബാങ്ക് ഓവർ ഡ്രാഫ്റ്റ് വഴി കണ്ടെത്താനാണ് നടപടി കൈക്കൊളളുക. എല്ലാ മാസവും 5 നാണ് ശമ്പളം നൽകേണ്ടത്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ ഇനി ശമ്പളം വീണ്ടും മുടങ്ങും. വിവാഹം മറ്റ് വിനോദയാത്രകൾ എന്നിങ്ങനെയുളള ആവശ്യങ്ങൾക്കൊക്കെ വാഹനം നൽകുന്നത് വഴിയും നല്ല വരുമാനമാണ് കെ എസ് ആർ ടി സി ക്ക് ലഭിക്കുന്നത്. ഒപ്പം സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കായൽ യാത്ര നടത്താൻ ഇനി കെ എസ് ആർ ടി സിയും എത്തും. കുമരകത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ബോട്ട് സവാരി വിജയിച്ചതിനെ തുടർന്ന് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ 10 ജില്ലകളിൽ കൂടി ബോട്ട് യാത്ര ആരംഭിക്കും.
തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, കോട്ടയം, ആലപ്പുഴ,കൊച്ചി,ഇടുക്കി, കണ്ണൂർ,കോഴിക്കോട്,വയനാട് ജില്ലകളിൽ പദ്ധതിയിൽ പങ്കാളികളാകാൻ തയ്യാറുളള ബോട്ടുടമകളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു കഴിഞ്ഞു. ദിവസ മാസ വാടക അടിസ്ഥാനത്തിലും കമ്മീഷൻ വ്യവസ്ഥയിലും ബോട്ടുകൾ നൽകാം. ബുക്കിംഗിനായി കെ എസ് ആർ ടി സി ഓൺലൈൻ പോർട്ടൽ തുടങ്ങും. പാക്കേജുകളിൽ കായൽ യാത്രയും ഭക്ഷണവും ഹൗസ് ബോട്ടുകളിലെ താമസവും ഉണ്ടാകും. ഓൺലൈൻ വഴിയും ഡിപ്പോ വഴിയും ബുക്ക് ചെയ്യാം.
ഡിപ്പോകളിൽ നിന്നും സ്പോട്ടിലേക്ക് ബസുകളുമുണ്ട്. സർക്കാർ പറയുന്ന സുരക്ഷാ സംവിധാനങ്ങളുളള ബോട്ടുടമകൾക്ക് കരാറിൽ ഏർപ്പെടാം. ബസ് യാത്ര ഒഴിവാക്കി നേരിട്ട് എത്തുന്നവർക്കും ബോട്ടുകൾ ബുക്ക് ചെയ്യാം. എല്ലാ പാക്കേജുകൾക്കും ഏറ്റവും കുറഞ്ഞ ചിലവ് മാത്രമേ ഉണ്ടാകു. ഇത്തരത്തിലുളള നിരവധി പദ്ധതികളാണ് കെ എസ് ആർ ടി സി യുടെ അണിയറയിൽ ഒരുങ്ങുന്നത്
ബിനു പളളിമൺhttps://www.facebook.com/Malayalivartha