തിരുതയ്ക്കും ഓണറേറിയം കിട്ടുമോ?തോമാച്ചന്റെ മാസവരുമാനം എത്രയാണെന്നോ?കെ വി തോമസിന് പിണറായി വക ലോട്ടറി
സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ ഔദ്യോഗിക പ്രതിനിധി കെ.വി.തോമസിന് ശമ്പളമല്ല, ഓണറേറിയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഓണറേറിയം നൽകുന്ന വകയിൽ പ്രതിമാസം പൊതു ഖജനാവിന് നഷ്ടമാകുക ലക്ഷങ്ങളാകും.
ഡൽഹിയിലെ മുൻ പ്രതിനിധി എ.സമ്പത്തിന് ശമ്പളമായി മാസം ഒരു ലക്ഷത്തോളം രൂപ നൽകിയപ്പോൾ സ്പെഷ്യൽ ഓഫീസർ വേണു രാജാമണിക്ക് ഓണറേറിയം എന്ന പേരിൽ മാംസം നൽകിയത്ത് തൊണ്ണൂറ്റി ആറായിരത്തി അറുന്നൂറ്റി അറുപത്തി ആറ് രൂപയാണ്
തനിക്ക് ശമ്പളം വേണ്ട എന്ന് കെ വി തോമസ് നേരത്തെ വ്യക്തമാക്കിയതാണ്.
തോമസിനെ ശമ്പളം അല്ല പകരം ഓണറേറിയം ആണെന്ന് നിയമസഭയിൽ മുഖ്യമന്ത്രിയും പറഞ്ഞു. എന്നാൽ ഓണറേറിയം തുക എത്രയാണെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല.അതേസമയം പൊതു ഖജനാവിന് ഭീമമായ നഷ്ടമാകും സർക്കാരുമായി ചേർന്ന കെ.വി തോമസ് വരുത്തുവെക്കുക. മുൻപ് ഉണ്ടായിരുന്ന പ്രത്യേക പ്രതിനിധി എ.സമ്പത്തിന്റെ അടിസ്ഥാന ശമ്പളം 2000 രൂപയായിരുന്നു. എന്നാൽ വിവിധ അലവൻസുകൾ ഉൾപ്പെടെ മാസം 92423 രൂപയായിരുന്നു സമ്പത്ത് കൈപ്പറ്റിയിരുന്നത്.ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി ഡൽഹിയിൽ വേണു രാജാമണിയെ നിയമിച്ചപ്പോൾ ശമ്പളം നൽകിയില്ല.പകരം ഓണറേറിയം നൽകാനാണ് സർക്കാർ തീരുമാനിച്ചത്. പ്രതിമാസം 96666 രൂപയാണ് ഓണറേറിയം എന്ന പേരിൽ വേണു രാജാമണി കൈപ്പറ്റുന്നത്.
ഓണറേറിയം ഉൾപ്പെടെ കഴിഞ്ഞ 16 മാസത്തിനിടെ വേണു രാജമണിക്കായി പൊതുജനാവിൽ നിന്നും ചിലവിട്ടത് 24,18,417 രൂപയാണ്. ഇതിനെല്ലാം മറ്റൊരു യാഥാർത്ഥ്യം കൂടിയുണ്ട്.ഏതെങ്കിലും പെൻഷൻ വാങ്ങുന്നയാളിനു സർക്കാരിൽ പുനർനിയമനം ലഭിച്ചാൽ അദ്ദേഹത്തിന്റെ മാസ ശമ്പളത്തിൽ നിന്നു പെൻഷൻ തുക കുറയ്ക്കണമെന്നാണു ചട്ടം. ബാക്കി തുകയേ ശമ്പളമായി ലഭിക്കൂ. ഓണറേറിയത്തിന് ഈ തടസ്സമില്ല.
അതിനാൽ തന്നെ കെ.വി.തോമസിനു പെൻഷനും ഓണറേറിയവും ഒന്നിച്ചു വാങ്ങാൻ കഴിയും. ശമ്പളത്തിന് ആദായ നികുതി നൽകണം. എന്നാൽ ഓണറേറിയത്തിന് അതു വേണ്ട. ശമ്പളം വേണ്ട എന്ന് പറഞ്ഞ് കെ വി തോമസ് കത്ത് നൽകി എന്നൊക്കെ പറയുമ്പോൾ സാധാരണക്കാർ കരുതുന്നത് സൗജന്യസേവനമായിരിക്കും എന്നാണ്. ഇങ്ങനെ ലക്ഷങ്ങൾ വാരിക്കോരി നൽകി മുൻ കോൺഗ്രസ് നേതാവിനെ പ്രത്യക്ഷമായും പരോക്ഷമായും പിണറായി സർക്കാർ സഹായിക്കുമ്പോൾ നഷ്ടം സംസ്ഥാന ഖജനാവിനും പൊതുജനങ്ങൾക്കും മാത്രമാണ്.
ധനകാര്യവകുപ്പാണ് ജീവനക്കാരുടെ എണ്ണവും ആനുകൂല്യങ്ങളും നിശ്ചയിക്കേണ്ടത്. മുഖ്യമന്ത്രിയുടെ ഓഫിസ് അംഗീകാരം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. വിമാനയാത്ര നിരക്കു കുറവുള്ള ക്ലാസുകളിൽ മതിയെന്നും കത്തിൽ അഭ്യർഥിച്ചിട്ടുണ്ടായിരുന്നു. ഡൽഹി കേരള ഹൗസിലാകും കെ.വി.തോമസിന്റെ ഓഫിസ് പ്രവർത്തിക്കുക. എറണാകുളത്തും ഓഫിസുണ്ടാകും. അടിസ്ഥാന ശമ്പളം, ഡിഎ, എച്ച്ആർഎ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ശമ്പളം. സേവനത്തിനു പ്രതിഫലമായുളളതാണ് ഓണറേറിയം.
ജനുവരി 18ലെ മന്ത്രിസഭായോഗമാണു കെ.വി.തോമസിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനമെടുത്തത്. കാബിനറ്റ് റാങ്കോടെയാണു നിയമനം. കോൺഗ്രസ് വിലക്കു ലംഘിച്ച് കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതോടെയാണു പാർട്ടിയുമായി അകലുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുത്തതോടെ കോൺഗ്രസിൽനിന്ന് പുറത്താക്കുകയും ചെയ്തു.
ഡൽഹിയിൽ മന്ത്രിയായും എംപിയായും പ്രവർത്തിച്ച കെ.വി തോമസിനു വിപുലമായ സൗഹൃദങ്ങളുണ്ട്. അദ്ദേഹത്തിന്റെ സൗഹൃദങ്ങൾ സംസ്ഥാനത്തിനു മുതൽകൂട്ടാകുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ എംപി എ.സമ്പത്തിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. അടിസ്ഥാന ശമ്പളം, ഡിഎ, ഡൽഹി അലവൻസ് ഉൾപ്പെടെ 92,423 രൂപയായിരുന്നു ശമ്പളം. 5 ജീവനക്കാരെയും അന്ന് അനുവദിച്ചിരുന്നു....
ബിനുപളളിമൺ
https://www.facebook.com/Malayalivartha