കേരളത്തിൽ കോൺഗ്രസ് വെന്റിലേറ്ററിലോ? തെരെഞ്ഞെടുപ്പടുത്തിട്ടും തമ്മിലടി മാറാതെ എല്ലാം പാർട്ടി തീരുമാനിക്കും: ആന്റണി കെ സി എഫക്ട് തരൂരും സമ്മർദ്ദത്തിലോ?
നിലവിലെ വിവാദങ്ങളിൽ കേരളം ചലിക്കുമ്പോൾ ശശി തരൂരും കോൺഗ്രസിലെ വിവാദങ്ങളും കെട്ടടങ്ങിയ അവസ്ഥയിലാണുളളത്. ഭാരത് ജോഡോ യാത്രയുടെ മാസ്റ്റർ ബ്രെയിനായിരുന്ന കെ സി വേണുഗോപാൽ കേരളത്തിലേക്ക് ചുവടുറപ്പിക്കുകയാണിപ്പോൾ. ശശി തരൂർ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ധാരാളം പര്യടനങ്ങളൊക്കെ നടത്തിയപ്പോൾ മാധ്യമങ്ങളടക്കം അതേറ്റ് പിടിക്കുന്ന സാഹചര്യം ഉണ്ടായി. എന്നാൽ ഇപ്പോൾ ചിന്താ ജെറോം വിഷയങ്ങളടക്കം കത്തി നിൽക്കുമ്പോൾ കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി വിവാദമൊക്കെ കെട്ടടങ്ങിയ അവസ്ഥയിലാണിപ്പോൾ. ഭാരത് ജോഡോ യാത്രയ്ക്ക് മികച്ച വിജയം നേടി നിൽക്കുമ്പോൾ അതിന്റെ വിജയത്തിന് ചുക്കാൻ പിടിച്ച കെ സി വേണുഗോപാൽ കേരള രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഏതായാലും പ്ളീനറി സമ്മേളനം കഴിയുമ്പോൾ എ ഐ സി സി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വരുമെന്ന് കെ സി ക്കറിയാം. അത് മാത്രമല്ല അടുത്ത ലോക് സഭ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് അധികാരം പിടിക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യം കോൺഗ്രസ് മനസിലാക്കി കഴിഞ്ഞു. വെറും ഒരു എം പി സ്ഥാനം കൊണ്ട് കെ സി തൃപ്തനാകില്ല. അത് കൊണ്ട് തന്നെയാണ് അദ്ദേഹം കേരള രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കെ സി വേണുഗോപാലിന് ഇന്ദിര ഭവനിൽ സ്വീകരണം നൽകുകയുണ്ടായി. കെ സി ക്കൊപ്പം നിൽക്കാനും ധാരാളം പേരുണ്ടെന്ന് ആ സ്വീകരണത്തിൽ പങ്കെടുത്ത ജനക്കൂട്ടത്തിൽ നിന്നും മനസിലാക്കാൻ കഴിയും. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അനിവാര്യമായിട്ടുളളത് പുന സംഘടനയാണ്. ഡി സി സി ഭാരവാഹികളുടെ പട്ടികയൊന്നും ഇതുവരെയും നൽകിയിട്ടില്ല. വനിതകൾക്ക് പ്രാധാന്യം നൽകണമെന്നുളള എ ഐ സി സിയുടെ നിർദേശങ്ങളൊന്നും ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല. കൊല്ലത്തും പത്തനംതിട്ടയിലും കാസർകോഡുമൊക്കെ പ്രശ്നങ്ങളൊഴിഞ്ഞ നേരമില്ല. കോൺഗ്രസ് സംഘടനാ സംവിധാനം പൂർണമായും പരാജയപ്പെട്ടു. പുനസംഘടന അനിവാര്യമായി തീർന്നിരിക്കുകയാണിപ്പോൾ. അതോടൊപ്പം കെ സുധാകരനും വി ഡി സതീശനും നേതൃസ്ഥാനത്തേക്ക് എത്തിയപ്പോൾ മുതൽ എ ഐ ഗ്രൂപ്പുകൾ ഒളിഞ്ഞും തെളിഞ്ഞും ഇവർക്കെതിരെ പാരകൾ ആരംഭിച്ചിരുന്നു. ഇപ്പോൾ കെ സുധാകരനും വി ഡി സതീശനം 2 തട്ടിലായെന്ന് വേണമെങ്കിൽ പറയാം. വർദ്ധിപ്പിച്ച നികുതി ആരും അടയ്ക്കേണ്ടെന്ന് കെ സുധാകരൻ പറഞ്ഞ വിവരം അറിഞ്ഞിട്ടില്ലെന്ന് വി ഡി സതീശൻ പറയുന്നതിലൂടെ ഇവർ തമ്മിലുളള അനൈക്യം വ്യക്തമാകും. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കി നിൽക്കെ കോൺഗ്രസിന് ഏറെ സീറ്റുകൾ ലഭിക്കുന്ന സംസ്ഥാനം എന്ന നിലയ്ക്കും രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലം എന്ന നിലയ്ക്കും എ ഐ സി സി ഏറെ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് കേരളം. ലോക്സഭാ തെരഞ്ഞടുപ്പിനുളള ഒരുക്കങ്ങളെക്കുറിച്ചും പാർട്ടിയിലെ വിവാദങ്ങളെക്കുറിച്ചുമുളള മലയാളി വാർത്തയുടെ ചോദ്യത്തോട് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മറുപടി ഇങ്ങനെയായിരുന്നു.
എന്നാൽ ഇവിടെ ഇപ്പോൾ കെ സി വേണുഗോപാൽ ശശി തരൂർ കെ സുധാകരൻ, വി ഡി സതീശൻ, കെ മുരളീധരൻ, രമേശ് ചെന്നിത്തല ഇത്രയും പേരാണ് മുഖ്യമന്ത്രി ക്കുപ്പായം തുന്നി വച്ചിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയാകട്ടെ അധികാരമില്ലാതെ ഭ്രാന്തമായ അവസ്ഥയിലും. എൽ ഡി എഫിൽ പോയാലും അത്ഭുതമൊന്നുമില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇവർക്കാർക്കും ഒരു താൽപര്യവുമില്ല. എല്ലാവരുടേയും ഉറ്റുനോട്ടം 2026 ലേക്കാണ്. 2026 ൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നും അന്ന് മുഖ്യമന്ത്രിയാകാമെന്നുമാണ് ഈ നേതാക്കളുടെ എല്ലാം കണക്കുകൂട്ടൽ. എൽ ഡി എഫാകട്ടെ മൂന്നാമതും അധികാരം പിടിക്കാനുളള എല്ലാ പ്രവർത്തനങ്ങളും ആരംഭിച്ച് കഴിഞ്ഞു. ഇതിന്റെ ഭാഗമായി പെൻഷൻ വർദ്ധിപ്പിക്കുന്നതും കിറ്റുകൾ നൽകുന്നതും അടക്കമുളള നടപടികൾ വേഗത്തിലാക്കാനുളള തയ്യാറെടുപ്പുകൾ ആരംഭിച്ച് കഴിഞ്ഞു. തമ്മിലടി മാറാതെ കോൺഗ്രസിന് ഒരു വളർച്ചയും ഉണ്ടാകില്ല എന്നത് അണികൾ നന്നായി മനസിലാക്കി കഴിഞ്ഞു. ഏതായാലും ഗ്രൂപ്പുകളും മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുളള അടിയുമൊക്കെ എങ്ങനെ പരിഹരിക്കണമെന്നറിയാതെ വിഷമ വൃത്തത്തിലാണ് എ ഐ സി സി നേതൃത്വം.
https://www.facebook.com/Malayalivartha