മാറ്റങ്ങൾ ഇങ്ങനെ...റിപ്പോർട്ടർ തലപ്പത്ത് അരുൺകുമാർ; ഡിജിറ്റൽ ചാനലുമായി നികേഷും
റിപ്പോർട്ടർ ടി വി അടിമുടി മാറുന്നു. റിപ്പോർട്ടർ ചീഫ് എഡിറ്ററായി വിവാദ മാധ്യമപ്രവർത്തകൻ അരുൺകുമാർ എത്തുമെന്ന് സൂചന. സർവ്വകലാശാലയിൽ നിന്നും അവധി ലഭിച്ചാൽ അരുൺകുമാർ ചുമതലയേൽക്കും. നികേഷ് കുമാർ പുതിയ ഡിജിറ്റൽ ചാനലുമായി എത്തും. 24 ൽ നിന്നും അനിൽ അയിരൂർ സുജയ്യ പാർവ്വതി അടക്കം എത്തുന്നതോടെ റിപ്പോർട്ടറിലെ നിലവിലെ സീനിയർ ജേർണ്ണലിസ്റ്റായ അപർണ്ണ അടക്കം നികേഷിനൊപ്പം പുതിയ ചാനലിലെത്തിയേക്കും. ദീപക് ധർമ്മടം അടക്കം 24 വിട്ടേക്കുമെന്നും സൂചനയുണ്ട്.
നികേഷ് കുമാറിൽ നിന്നും റിപ്പോർട്ടർ ടിവി വാങ്ങിയ മാംഗോ മൊബൈൽസ് ഉടമകളായ അഗസ്റ്റിൻ സഹോദരൻമാർ ചാനൽ ഉടച്ച് വാർക്കുന്നതിന്റെ ഭാഗമായി അനിൽ അയിരൂരിനെ മാനേജ്മെന്റ് തലപ്പത്തേക്ക് നിയമിക്കുമെന്നാണ് സൂചന. 24 സി ഇ ഒ ആയിരുന്ന അനിൽ അയിരൂരിനെ ഈയടുത്ത കാലത്ത് 24 പ്രധാന ചുമതലകളിൽ നിന്നും മാറ്റിയിരുന്നു. ഡിജിറ്റലായി തുടങ്ങിയ ദ ഫോർത്ത് ഉപഗ്രഹ ചാനലാകും. ശ്രീജൻ ഫോർത്ത് മേധാവിയാകും. സ്വാതന്ത്യദിനത്തിൽ സംപ്രേഷണം ചെയ്യാനുളള തയ്യാറെടുപ്പിലാണ് ദി ഫോർത്ത്. നേരത്തെ സംപ്രേഷണം തുടങ്ങി നിലച്ചു പോയ ചാനലിന്റെ ലൈസൺസ് ആണ് ഫോർത്ത് എടുത്തത്. ഫോർത്തിന്റെ കെട്ടിടം പണിക്കിടെ കോൺട്രാക്ടർ സാമ്പത്തിക വിഷയത്തെത്തുടർന്ന് കെട്ടിടത്തിൽ തന്നെ ആത്മഹത്യചെയ്യുന്ന സാഹചര്യവും ഉണ്ടായി.
കേരളവിഷനും സാറ്റ്ലൈറ്റ് എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. മനോരമയിൽ നിന്നും ഫിജിയേയും ഏഷ്യാനെറ്റിൽ നിന്നും ഡി ബിനോയ് യേയും ഫിറോസ് സാലി മുഹമ്മദിനേയും ഒക്കെ എടുത്ത് ചാനൽ മുഖം മിനുക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മംഗളം ചാനൽ അടച്ചു പൂട്ടി. ചാനലിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ ജപ്തി ചെയ്ത് ലേലത്തിൽ വച്ചു. സീ മലയാളം ചാനൽ എഡിറ്റർ മഞ്ജുഷ് ഗോപാൽ ചാനൽ ഒരു വർഷം പിന്നിട്ടതോടെ രാജി വച്ച് ന്യൂസ് 18 ൽ ജോയ്ൻ ചെയ്തു. ചാനൽ ഒരു വർഷമാകുന്നതിന് മുൻപ് തന്നെ എസ് രഞ്ജിത്തും ബിനുമുരളീധരനും ചാനൽ വിട്ടിരുന്നു. കൊച്ചി ബ്യൂറോയിലേയും കോഴിക്കോട് ബ്യൂറോയിലേയും റിപ്പോർട്ടർമാർ അടക്കം 10 ഓളം ജേർണ്ണലിസ്റ്റുകൾ ഇതിനകം സീ വിട്ടു. ഈ വർഷം സാറ്റലൈറ്റ് ആകുന്ന സീ യുടെ നിലവിലെ എഡിറ്റർ ചുമതല തമിഴ്നാട് സീയുടെ ചുമതലയുളള സെബിസ്റ്റാൻലിക്കാണ്. സാറ്റ്ലൈറ്റ് ആകുന്നതോടെ എഡിറ്റർ അടക്കം നിരവധി പ്രമുഖ മാധ്യമപ്രവർത്തകർ സീ യിലേക്കെത്തുമെന്നാണ് സൂചന. 24 ലെ ഗോപീ കൃഷ്ണനും ന്യൂസ് 18 ലെ രഞ്ജിത്ത് രാമചന്ദ്രനും സീ സാറ്റലൈറ്റ് ആകുന്നതോടെ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ന്യൂസ് 18 നും മുഖം മിനുക്കലിന്റെ പാതയിലാണ്. ഏറെ പ്രതീക്ഷയോടെ തുടങ്ങിയ യു ടോക്കും ഉണ്ണിബാലകൃഷ്ണനും വേണുബാലകൃഷ്ണനും ഇറങ്ങിയതോടെ പ്രതിസന്ധിയിലാണ്. എങ്കിലും ശമ്പളം മുടങ്ങാതെ ചാനൽ പ്രവർത്തിക്കുന്നുണ്ട്. വേണുബാലകൃഷ്ണൻ 24 ലേക്കും സുബീഷ് ജനത്തിലേക്കും ചുവടുമാറിയിരുന്നു. ഏപ്രിലിൽ റീ ലോഞ്ചിനൊരുങ്ങുന്ന രാജ് ന്യൂസ് മലയാളവും ഉണ്ണിബാലകൃഷ്ണൻ അടക്കം നിരവധി മുൻ നിര മാദ്ധ്യമപ്രവർത്തകരെ മാർച്ച് അവസാനത്തോടെ ചാനലിലേക്കെത്തിക്കും എന്നാണ് ലഭിക്കുന്ന സൂചന. ജികെ സുരേഷ് ബാബു പോയതോടെ ജനം ടി വിയിൽ അനിൽ നമ്പ്യാരും ശ്യാംബാബുകോറോത്തും അനൂപും രാജീവുമാണ് എഡിറ്റോറിയൽ നോക്കുന്നത്. നിലവിൽ ചാനൽ റേറ്റിംഗ് താഴാത്തതിനാൽ ഇതേ രീതിയിൽ തുടരാനാണ് സാധ്യത. എം എം ഹസന്റെ നേതൃത്വത്തിൽ ഓഹരി സമാഹരണം തുടങ്ങിയ ജയ്ഹിന്ദും മുഖം മിനുക്കാനുളള തയ്യാറെടുപ്പിലാണ്. ശരത് ചന്ദ്രനും പി ആർ സുനിലും എം പി ചന്ദ്രശേഖരനുമൊക്കെ കൈരളിയെ ജനത്തിന് മുകളിൽ റേറ്റിംഗിലെത്തിക്കാനുളള ശ്രമത്തിലാണ്. കോടിയേരി ബാലകൃഷ്ണൻ മരിച്ച ആഴ്ചയിലെ റേറ്റിംഗിൽ കൈരളി ജനത്തിന് മുകളിലെത്തിയിരുന്നു. നിലവിൽ ഏഷ്യാനെറ്റ് ന്യൂസ് ആണ് ഒന്നാമത് രണ്ടാമത് 24 ഉം 3 ഉം 4 ഉം യഥാക്രമം മനോരമയും മാതൃഭൂമിയുമാണ് 5 മത് ജനവും 6 കൈരളിയും 7 ന്യൂസ് 18 നും 8 മീഡിയ വണ്ണുമാണ് റേറ്റിംഗിൽ. ആദ്യ 5 സ്ഥാനത്തിനുളളിൽ എത്തപ്പെട്ടാലേ ദേശീയ പരസ്യങ്ങൾ ലഭിക്കുകയുളളു. അതിനാൽ തന്നെ അഞ്ചാമത് എത്താനുളള ശ്രമത്തിലാണ് കൈരളിയും ന്യൂസ് 18 നും മീഡിയവണ്ണും. ശബരിമല യുവതി പ്രവേശന സമയത്ത് ജനം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. പിന്നീട് ശബരിമലക്കാലം കഴിഞ്ഞെങ്കിലും ജനം അഞ്ചാമത് തന്നെ തുടരുകയാണ്. കോടിയേരി ബാലകൃഷ്ണൻ മരിച്ച ആഴ്ച മാത്രം കൈരളി അഞ്ചാമത് എത്തിയിരുന്നു. ഒരു സാറ്റ്ലൈറ്റ് ചാനൽ തുടങ്ങാൻ വൻ മുതൽ മുടക്കാണ് വേണ്ടത്. എസിവി കേരളവിഷൻ ഡിഷുകൾ ഇവയ്ക്കൊക്കെ സംപ്രേഷണത്തിനായി കോടികൾ നൽകണം. പിന്നെ ഉപഗ്രഹ ചാർജ്ജും. കറന്റ് ചാർജ്ജും വാടകയും ബ്യൂറോ ചെലവും വാഹനവും പെട്രോളും സ്റ്റാഫുകളും എന്ന് വേണ്ട ഒരു ചെറിയ ചാനൽ ആണെങ്കിൽ പോലും ഒരു മാസം പ്രവർത്തിപ്പിക്കാൻ ചുരുങ്ങിയത് 1 കോടി രൂപ വേണം. ആദ്യ 3 വർഷങ്ങളിലൊന്നും തന്നെ പരസ്യത്തിലൂടെ കൂടുതൽ വരുമാനം ലഭിക്കില്ല. 3 വർഷമെങ്കിലും ആയാലെ ലാഭം കിട്ടുകയുളളു. അത് വരെ പിടിച്ച് നിൽക്കാൻ പ്രയാസമുളള ചാനലുകളാണ് ഇടയ്ക്ക് വച്ച് നിർത്തുന്നത്. റിപ്പോർട്ടർ വാങ്ങാനുളള നീക്കത്തിൽ അഗസ്റ്റിൻ സഹോദരൻമാർക്ക് പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്.
ബിനു പളളിമൺ
https://www.facebook.com/Malayalivartha