സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വിഡിയോ ആണെന്ന വിശദീകരണവുമായി നടൻ സുരേഷ് ഗോപി
തന്റെ പ്രസംഗമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വിഡിയോ ആണെന്ന വിശദീകരണവുമായി നടൻ സുരേഷ് ഗോപി. നിരീശ്വര വാദികളോട് തനിക്ക് അനാദരവില്ലെന്നും ശബരിമലയിലെ ശല്യക്കാരെയും തന്റെ മതത്തിന് എതിരെ നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും ഉദ്ദേശിച്ചാണ് ആലുവ ശിവരാത്രി ആഘോഷത്തിൽ പ്രസംഗിച്ചതെന്നും സുരേഷ് ഗോപി ഫേസ് ബുക്കിലൂടെ വ്യക്തമാക്കുന്നു..ഈവിഷയത്തിൽ സിപിഎം സൈബർ ആക്രമണം തുടരുന്നതിനിടെയാണ് സുരേഷ്ഗോപിയുടെ വിശദീകരണം... രാഷ്ട്രീയത്തിന്റെ പേരിലോ മറ്റു മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ അവരുടെ നാശത്തിനായി ഞാന്‍ പ്രാർഥിക്കുമെന്നുള്ള നിലപാട് ഫെയ്സ്ബുക്കിലൂടെ സുരേഷ് ഗോപി ആവർത്തിക്കുന്നുമുണ്ട്..
അവിശ്വാസികളോടു തനിക്കു സ്നേഹമില്ലെന്നും വിശ്വാസികളുടെ അവകാശങ്ങൾക്കു നേരെ വരുന്നവരുടെ സർവനാശത്തിനു വേണ്ടി പ്രാർഥിക്കുമെന്നും സുരേഷ് ഗോപി പറയുന്ന വിഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
‘‘അടുത്തിടെ നടത്തിയ എന്റെ പ്രസംഗത്തില്‍ നിന്നുള്ള ഒരു വിഡിയോ ക്ലിപ് പ്രചരിക്കുന്നത് കണ്ടു. എന്നാല്‍ അത് എഡിറ്റ് ചെയ്തതാണ്. ഈ പ്രശ്‌നത്തെ പറ്റി അറിഞ്ഞയുടനെ പ്രതികരിക്കണമെന്നു തോന്നി. അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ മൂല്യവത്തായതും വിവേകപൂര്‍ണവുമായ ചിന്തകളെ ഞാന്‍ അനാദരിക്കുന്നില്ല, അത് ഞാന്‍ ഒരിക്കലും ചെയ്യില്ല. ഞാന്‍ അവരെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്റെ ആശയം വഴിതിരിച്ചുവിടാനുള്ള ചിലരുടെ വിഷലിപ്തമായ ആഗ്രഹം നടത്താനായി ആ പ്രസംഗത്തെ കഷണങ്ങളാക്കി മുറിച്ചു.
ഭരണഘടനാപരമായി അനുവദിക്കപ്പെട്ടിട്ടുള്ള എന്റെ മതത്തിന്റെ ആചാരങ്ങള്‍ നടത്തുന്നതിന് തടസം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെപ്പറ്റിയാണ് ഞാന്‍ പറഞ്ഞത്. രാഷ്ട്രീയത്തിന്റെ പേരിലോ മറ്റു മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ അവരുടെ നാശത്തിനായി ഞാന്‍ പ്രാർഥിക്കും. ശബരിമലയില്‍ വന്ന ശല്യക്കാരെയും എന്റെ മതപരമായ അവകാശത്തിന് എതിരായി വന്ന എല്ലാ രാഷ്ട്രീയ ശക്തികളെയുമാണ് ഞാന്‍ ഉദ്ദേശിച്ചത്. അതു മാത്രമായിരുന്നു എന്റെ ഉദ്ദേശ്യവും ഉള്ളടക്കവും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി, തന്റെ രാഷ്ട്രീയം പ്രദര്‍ശിപ്പിക്കാന്‍ ഒരാളെയും അനുവദിക്കരുത്, ഞാന്‍ അതിനെ പൂര്‍ണമായും എതിര്‍ക്കുന്നു. എന്റെ ഉദ്ദേശ്യം ഞാന്‍ പറയട്ടെ, ആരും അത് വഴിതിരിച്ചുവിടേണ്ടതില്ല. ഇത് പറയുമ്പോള്‍ എനിക്ക് അതില്‍ രാഷ്ട്രീയ ഉദ്ദേശ്യങ്ങളില്ലായിരുന്നു. അങ്ങനെ ഒരിക്കലും ചെയ്യില്ല.’’ സുരേഷ് ഗോപി തന്റെ നിലപാട് വ്യക്തമാക്കുകയാണ് ഫേസ് ബുക്കിലൂടെ.
https://www.facebook.com/Malayalivartha