താടിയുമില്ല ഹിന്ദിയും അറിയില്ല; കറുപ്പിനെ പേടിക്കുന്ന മുഖ്യൻ; വയലാർ സമരവീര്യം ചോർന്നു
രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം പുനരാരംഭിച്ചപ്പോൾ പ്രതിപക്ഷ ബഹളം. കറുപ്പണിഞ്ഞ് വന്ന ഷാഫി പറമ്പിൽ സർക്കാരിനെതിരെ വലിയ വിമർശനമാണ് ഉയർത്തിയത്. വയലാർ സമരവീര്യം പറയുന്നവർക്ക് കറുപ്പിനെ പേടിയാണെന്നും ആത്മഹത്യാ സ്ക്വാഡുകളും തില്ലങ്കേരിമാരും ഉളള പാർട്ടിയാണ് സിപിഎമ്മെന്നും ഷാഫി പരിഹസിച്ചു.
സ്പീക്കറുടെ കസേര തളളിയിട്ടവരാണ് മന്ത്രിമാരായി ഞെളിഞ്ഞിരിക്കുന്നതെന്നും ഷാഫി പറഞ്ഞു. അതേ സമയം കറുപ്പിനെ പേടി എന്നത് മാധ്യമ സൃഷ്ടിയാണെന്നും മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത് മുഖ്യമന്ത്രി അല്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. ഭരണ പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നിർത്തി വച്ചു. നിരവധി വിവാദ വിഷയങ്ങൾ കത്തിനിൽക്കെയാണ് സമ്മേളനം ചേർന്നത്. ഇന്ധന സെസിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഈ മാസം ഒമ്പതിനാണ് സഭ താൽക്കാലികമായി പിരിഞ്ഞത്. പ്ലക്കാർഡുകളും ബാനറുമായാണ് പ്രതിപക്ഷം എത്തിയത്.
നികുതി വർദ്ധനവ് സിഎംഡിആർഎഫ് തട്ടിപ്പ്, ലൈഫ് മിഷൻ കോഴ ഉൾപ്പടെയുള്ള വിഷയങ്ങൾ ഉയർത്തി പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. ബഡ്ജറ്റ് പ്രഖ്യാപനങ്ങൾക്കെതിരെ സമരം ചെയ്തവർക്കെതിരായ പൊലീസ് നടപടിയും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചേക്കും. ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലായതും സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് കരുത്ത് പകരും.അതേസമയം, കാലിക്കറ്റ് സർവകലാശാലയ്ക്ക് താൽക്കാലിക ഭരണസമിതി രൂപീകരിക്കുന്നതിൽ ചാൻസലറെന്ന നിലയിലുള്ള ഗവർണറുടെ അധികാരം വെട്ടുന്ന ഭേദഗതി ബിൽ നിയമസഭയിൽ ഇന്ന് കൊണ്ടുവരാൻ ആലോചിച്ചിരുന്നെങ്കിലും ,ഗവർണറുടെ അനുമതി കിട്ടാത്തതിനാൽ നീക്കം ഉപേക്ഷിച്ചു.
സർക്കാർ ഖജനാവിന് അധിക സാമ്പത്തിക ബാദ്ധ്യത വരുത്തുന്ന ബില്ലിന് ഗവർണറുടെ മുൻകൂർ അനുമതി വാങ്ങണം. സർക്കാരിന്റെ സഞ്ചിതനിധിയിൽ നിന്ന് 27.84 ലക്ഷം രൂപ ചെലവ് വരുന്നതാണ് ബില്ലിന്റെ കരട്, നിയമസഭയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഞ്ചായത്തിരാജ്, മുനിസിപ്പൽ ഭേദഗതി ബില്ലുകൾ സഭ പരിഗണനയ്ക്കെടുക്കും. മാർച്ച് 30 വരെ തുടരുന്ന സഭാസമ്മേളനത്തിൽ നാളെ മുതൽ 13 ദിവസം സമ്പൂർണ ബഡ്ജറ്റ് പാസാക്കുന്നതിന് വകുപ്പ് തിരിച്ചുള്ള ധനാഭ്യർത്ഥന ചർച്ചകളാണ്.
ബിനുപളളിമൺ
https://www.facebook.com/Malayalivartha