ചാനൽ മാറ്റങ്ങൾ.... ദി ഫോർത്തിൽ നിന്നും പുളിക്കൻ ഇറങ്ങി; 24 ൽ നിന്നും റിപ്പോർട്ടറിലെത്തുന്ന മുഖങ്ങൾ; അരുൺ കുമാർ തീരുമാനമെടുത്തു
സംസ്ഥാനത്തെ ചാനൽ രംഗത്തെ മാറ്റങ്ങൾ തുടരുന്നു. ഡിജിറ്റലിൽ നിന്നും മുഴുവൻ സമയ വാർത്താ ചാനലായി മാറാൻ ശ്രമിക്കുന്ന ദി ഫോർത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ രാജി വച്ചു. ആക്ഷേപ ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധ നേടിയ ജോർജ് പുളിക്കനാണ് ചാനൽ തലപ്പത്തുനിന്നും ഇറങ്ങിയത്. അദ്ദേഹം അധ്യാപന രംഗത്ത് തുടരാനാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിലെ മോട്ടിവേഷണൽ ട്രെയിനറായി പ്രവർത്തന മേഖല മാറ്റും.
കഴിഞ്ഞദിവസം മാനേജ്മെൻറിന് രാജിക്കത്ത് കൈമാറിയ അദ്ദേഹം നോട്ടീസ് പിരീഡ് പാലിക്കാൻപോലും കാത്തുനിൽക്കാതെ സ്ഥാപനം വിട്ടു.
ദി ഫോർത്ത് ഡിജിറ്റൽ പ്ളാറ്റ് ഫോമായി പ്രവർത്തനം ആരംഭിക്കുമ്പോൾ അതിൻെറ എഡിറ്റോറിയൽ തലപ്പത്ത് പ്രവർത്തിച്ചിരുന്ന ജോർജ് പുളിക്കൻ മാനേജുമെന്റുമായുളള ആശയക്കുഴപ്പത്തെ തുടർന്നാണ് സ്ഥാപനം വിടുന്നതെന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസിൽ ചിത്രം വിചിത്രം ഇന്ത്യാവിഷനിൽ പൊളിട്രിക്സ് മാതൃഭൂമി ന്യൂസിൽ ധിം തരികിടതോം എന്നിങ്ങനെ ആക്ഷേപ ഹാസ്യ പരിപാടി അവതരിപ്പിച്ച ജോർജ് പുളിക്കൻ ഫോർത്തിലും ആക്ഷേപഹാസ്യ പരിപാടി നടത്തിയിരുന്നു. എന്നാൽ പരിപാടി മാനേജ്മെന്റ് ഇടപെട്ട് നിർത്തിച്ചിരുന്നു. പരിപാടി ഡിജിറ്റൽ പ്ളാറ്റ് ഫോമിൽ ശ്രദ്ധനേടി വരുന്നതിനിടയിലായിരുന്നു പ്രോഗ്രാം നിർത്താൻ മാനേജ്മെന്റ് ആവശ്യപ്പെട്ടത്. ഇതിൽ വിഷമം തോന്നിയ ജോർജ് പുളിക്കൻ പിന്നീട് ദി ഫോർത്തിൻെറ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിന്നിരുന്നു. തിരുവനന്തപുരത്തെ ഓഫീസിൽ നിന്ന് മാറിനിൽക്കുകയും ഇടയ്ക്ക് കൊച്ചിയിലെ ഓഫിസിൽ മാത്രം പോകുകയും ചെയ്യുന്നതിനിടയിലാണ് രാജി വെയ്ക്കാൻ തീരുമാനിച്ചത്. തീരുമാനം അറിഞ്ഞ മാനേജ്മെന്റ് നിൽക്കാൻ ആവശ്യപ്പെട്ടില്ല. സ്ഥാപനത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ച വ്യക്തിയെന്ന നിലയിൽ ഇത്തരം സമീപനം ഉണ്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് അദ്ദേഹവുമായി അടുപ്പമുളളവർ പറയുന്നത്. ചാനൽ രംഗത്തേക്ക് മാറുന്നതിനായി പുളിക്കൻെറ നേതൃത്വത്തിൽ തയാറാക്കിയ പരിപാടികളിൽ വാർത്താ തലപ്പത്തേക്ക് പുതുതായി വന്ന വ്യക്തിക്ക് താൽപര്യമില്ലാത്തതാണ് മാനേജ്മെന്റിൻെറ ചുവടുമാറ്റത്തിന് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്. ഡിജിറ്റൽ പ്ളാറ്റ് ഫോം എന്ന നിലയിൽ ചുവടുറപ്പിക്കുന്നതിന് മുൻപേ വാർത്താ തലപ്പത്തെ പ്രമുഖനായ ജോർജ് പുളിക്കൻ വിട്ടുപോകുന്നത് കനത്ത തിരിച്ചടിയാണ്. സ്ഥാപനത്തിൻെറ മാനേജിങ്ങ് എഡിറ്ററായിരുന്ന എ.യു. രഞ്ജിത്തും അടുത്ത കാലത്ത് മാനേജ്മെന്റുമായുളള ഭിന്നതയെ തുടർന്ന് വിട്ടുപോയിരുന്നു. വാർത്താ തലപ്പത്തെ പുതിയ നേതൃത്വവുമായുളള ആശയ വൈരുദ്ധ്യത്തെ തുടർന്ന് മാറിനിന്ന എ.യു. രഞ്ജിത്തിനെ തിരികെ വിളിക്കണമെന്ന് പുളിക്കൻ ആവശ്യപ്പെട്ടിരുന്നു. അത് മാനേജ്മെന്റ് ചെവിക്കൊളളാതിരുന്നതും രാജിക്ക് കാരണമായിട്ടുണ്ടെന്നാണ് സ്ഥാപനത്തിൽ അദ്ദേഹത്തോട് അടുപ്പമുളളവർ നൽകുന്ന വിവരം. നിരവധി ചാനലുകളാണ് മുഖം മിനുക്കുന്നത്. ന്യൂസ് 18 ചാനൽ മഞ്ജുഷ് ഗോപാലിനെ ഉൾപ്പടെ അണിനിരത്തി മാറ്റത്തിനുളള തയ്യാറെടുപ്പ് ആരംഭിച്ചു. രാജ് ന്യൂസ് ഏപ്രിലിൽ റീ ലോഞ്ചിനുളള തയ്യാറെടുപ്പിലാണ്. സീ മലയാളം ചാനലും ഉപഗ്രഹ ചാനലാകുന്നതോടെ പരിചയസമ്പന്നരായ ജേർണ്ണലിസ്റ്റുകളെ ചാനലിലെത്തിക്കും. കേരളാ കൗമുദി ലിയോ രാധാകൃഷ്ണന്റെ നേതൃത്വത്തിലും യോഗനാദം ടിവി ജോയ് നായരുടെ നേതൃത്വത്തിലും പുതിയ പ്രോഗ്രാമുകൾ ഒരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണ്. അതേ സമയം മുതൽമുടക്കാൻ പുതിയ ആളുകൾ എത്തിയതോടെ മുഖം മിനുക്കാനുളള ശ്രമത്തിലാണ് റിപ്പോർട്ടർ ചാനൽ. ഇന്ത്യാവിഷനിലൂടെ കേരളത്തിലെ വാർത്താ ചാനൽ രംഗത്ത് വിപ്ളവം സൃഷ്ടിച്ച എം.വി. നികേഷ് കുമാർ സ്വന്തം നിലയിൽ തുടങ്ങിയ റിപ്പോർട്ടർ ടി.വിക്ക് തുടക്കത്തിലുണ്ടായിരുന്ന സ്വീകാര്യത പിന്നീട് ഒരിക്കലും ലഭിച്ചിരുന്നില്ല. നികേഷിൽ നിന്ന് റിപ്പോർട്ടർ ടി.വി സ്വന്തമാക്കിയ മാംഗോ മൊബൈൽസ് വൻതുക മുടക്കി ശ്രദ്ധേയരായ അവതാരകരെ കൊണ്ടുവന്ന് ചാനലിനെ പൊക്കിയെടുക്കാനുളള ശ്രമത്തിലാണ്. 24 ന്യൂസിൻെറ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന ഡോ. അരുൺ കുമാറും മീഡിയ വൺ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന സ്മൃതി പരുത്തിക്കാടുമാണ് റിപ്പോർട്ടറിനെ രക്ഷിക്കാനെത്തുന്നത്. നിലവിലെ ജോലിയിൽ നിന്നും ലീവ് ലഭിച്ചാലുടൻ അരുൺകുമാർ ചുമതലയേൽക്കുമെന്നാണ് ലഭിക്കുന്ന വിവരം. 24 ന്യൂസ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ അനിൽ അയിരൂരായിരിക്കും റിപ്പോർട്ടറിൻെറ സി.ഇ.ഒ. അതേ സമയം റിപ്പോർട്ടറിന്റെ ഡിജിറ്റൽ വിങ്ങിന്റെ ചുമതല ഉണ്ണിബാലകൃഷ്ണനും ഏറ്റെടുത്തു. അനിൽ അയിരൂരിനൊപ്പം 24 ന്യൂസിൽ നിന്ന് ദീപക് ധർമ്മടവും സുജയ്യ പാർവ്വതിയുമടക്കം പതിനഞ്ചോളം മാധ്യമ പ്രവർത്തകർകൂടി റിപ്പോർട്ടറിലേക്ക് എത്തിയേക്കും. 24 ൽ മികച്ച അവതാരകർക്ക് പോലും മുഖം കാണിക്കാൻ അവസരം കൊടുക്കുന്നില്ലെന്ന പരാതി വ്യാപകമായുണ്ട്. റിപ്പോർട്ടർ ടി വി സജീവമാകുന്നതോടെ 24 ൽ അവതാരകരുടെ ക്ഷാമം രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. സ്മൃതി പരുത്തിക്കാട് പോകുന്നതോടെ പുതിയ അവതാരകനെ തേടുന്ന മീഡിയാവൺ മാതൃഭൂമി ന്യൂസിൽ നിന്ന് അഭിലാഷ് മോഹനനെ തിരികെയെത്തിക്കാൻ ചർച്ചകൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
ബിനുപളളിമൺ
https://www.facebook.com/Malayalivartha