ചുട്ടുപൊള്ളി കേരളം...രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നു വരെ ശരീരത്തില്‍ നേരിട്ട് തുടര്‍ച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം...! കേരളത്തില്‍ എല്ലാ ജില്ലകളിലും റിക്കാര്‍ഡ് താപനില..?!അന്തരീക്ഷ ഈര്‍പ്പം കുറഞ്ഞുനില്‍ക്കുന്നതിനാല്‍ ഈ മാസം സംസ്ഥാനത്ത് വേനല്‍മഴ ലഭിക്കാനുള്ള സാധ്യത തുലോം വിരളം..പരീക്ഷകളെഴുത്തുന്ന വിദ്യാര്‍ഥികളും കടുത്ത പ്രതിസന്ധിയിൽ
കേരളം ചുട്ടുപൊള്ളുന്നു. വരുംദിവസങ്ങളില്‍ അപ്രതീക്ഷിതമായി പകല്‍താപനില 41 ഡിഗ്രിവരെ ഉയര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം. കേരളത്തില്‍ ഏറെക്കുറെ എല്ലാ ജില്ലകളിലും ഇക്കൊല്ലം റിക്കാര്‍ഡ് താപനില രേഖപ്പെടുത്തുംവിധം ചൂട് ഓരോ ദിവസവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. താപനില കൂടുമ്പോഴും വേനല്‍മഴയ്ക്കുള്ള സാഹചര്യം തീരെയില്ലതാനും.
കണ്ണൂര്‍, കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളില്‍ ഈ ദിവസങ്ങളില്‍ പല ദിവസങ്ങളിലും പകല്‍താപനില 40 ഡിഗ്രി കടന്നിരിക്കുന്നു. മുമ്പൊരിക്കലുമില്ലാത്ത വിധം കോട്ടയം ജില്ലയില്‍ പകല്‍ താപനില പുതിയ റിക്കാര്‍ഡു കുറിക്കുമെന്ന നിലയിലാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വേനല്‍മഴയില്‍ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 ശതമാനമാണ് ഇക്കൊല്ലം ഫെബ്രുവരിയില്‍ സംസ്ഥാനത്ത് മഴയിലുണ്ടായ കുറവ്. ഫെബ്രുവരി മധ്യം മുതല്‍ ഏതാനും ജില്ലകളില്‍ ചാറ്റല്‍മഴ പെയ്തതല്ലാതെ ശക്തമായ മഴ ഒരിടത്തും പെയ്തിട്ടില്ല. മാര്‍ച്ച് പകുതി വരെ സംസ്ഥാനത്ത് മഴയ്ക്കുള്ള സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ അന്തരീക്ഷ ഈര്‍പ്പം കുറഞ്ഞുനില്‍ക്കുന്നതിനാല്‍ ഈ മാസം സംസ്ഥാനത്ത് വേനല്‍മഴ ലഭിക്കാനുള്ള സാധ്യത തുലോം വിരളമാണ്. അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ സാന്നിധ്യം ഏറെ കുറവായതിനാല്‍ മഴയ്ക്കുള്ള സാധ്യത ഏറെ അകലെയാണ്.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വരുംദിവസങ്ങളില്‍ താപനില സാധാരണയില്‍ നിന്നുയര്‍ന്ന് 41 ഡിഗ്രി കടക്കാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്‍പുതന്നെ സൂചന നല്‍കിയിരുന്നു. ഈ രണ്ടു ജില്ലകളുടെയുടെ മലയോരമേഖലയില്‍ കൃഷിയിടങ്ങള്‍ വന്‍തോതില്‍ കരിഞ്ഞുണങ്ങുകയാണ്. വനമേഖലയില്‍ ചൂട് കൂടി കുടിവെള്ളത്തിന് ക്ഷാമമായതോടെ കാട്ടുമൃഗങ്ങള്‍ വന്‍തോതില്‍ നാട്ടിലേക്ക് ഇറങ്ങി ഭീഷണി സൃഷ്ടിക്കുകയാണ്.
സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. ചൂട് കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാര്‍ഷിക പരീക്ഷകളെഴുത്തുന്ന വിദ്യാര്‍ഥികളും കടുത്ത പ്രതിസന്ധിയിലാണ്. പരീക്ഷാ ഹാളുകളില്‍ കുട്ടികള്‍ക്ക് കുടിവെള്ളം എത്തിക്കാനും പരീക്ഷാഹാളില്‍ ഫാന്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ ഒരുക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേളിക്കുന്നു. പരീക്ഷാ ഹാളുകളില്‍ നന്നായി കാറ്റും വെളിച്ചവും കടക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തണം.
താപനില കുത്തനെ ഉയരുന്നതിനാല്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നു വരെയുള്ള സമയത്ത് ശരീരത്തില്‍ നേരിട്ട്, കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണെന്നാണ് നിര്‍ദേശം. അണക്കെട്ടുകളിലും ജലസ്രോതസുകളിലും ജലനിരപ്പ് കുത്തനെ താഴുന്നതിനാല്‍ ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനല്‍ മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണെന്നും നിര്‍ദേശത്തില്‍ പറയുന്നു. താപനില വര്‍ധിച്ചതോടെ കേരളത്തില്‍ പനിയും മറ്റ് പകര്‍ച്ചവ്യാധികളും വര്‍ധിച്ചുവരികയാണ്. നിര്‍ജലീകരണം തടയാന്‍ യാത്രകളില്‍ കുടിവെള്ളം കരുതി പരമാവധി ശുദ്ധജലം കുടിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കണം. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങളും തൊപ്പിയും ധരിക്കുക, പാദരക്ഷകള്‍ ധരിക്കുക തുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങള്‍. വേനല്‍ രൂക്ഷമായതോടെ വനാതിര്‍ത്തികളില്‍ കാട്ടുതീ വ്യാപകമായിട്ടുണ്ട്. വനത്തിലെ ജലസ്രോതസുകള്‍ വറ്റിയതിനാല്‍ കാട്ടുമൃഗങ്ങള്‍ വന്‍തോതില്‍ നാട്ടിലേക്കിറങ്ങാനും സാഹചര്യമുണ്ട്. തീപിടിത്തം പതിവായതോടെ ഫയര്‍ഫോഴ്‌സ് സംസ്ഥാനത്തെങ്ങും രാപകല്‍ തീയണക്കല്‍ ജോലിയിലാണ്
പായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റു രോഗങ്ങള്‍ മൂലം അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ചൂട് കൂടുതലാണ്. കാലാവസ്ഥാ വകുപ്പ് നിരീക്ഷണകേന്ദ്രത്തിന്റെ ഔദ്യോഗിക കണക്കിലും കണ്ണൂര്‍ ജില്ലയിലെ ഉയര്‍ന്ന താപനില ് എടുത്തുപറയുന്നു. കഴിഞ്ഞ മാസം മൂന്ന് ദിവസം 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു കാലവസ്ഥാവകുപ്പിന്റെ നിരീക്ഷണകേന്ദ്രത്തില്‍ കണ്ണൂരിലെ താപനില രേഖപ്പെടുത്തിയത്. താപനിലയിലെ വര്‍ധന കാര്‍ഷിക മേഖലയിലും കടുത്ത പ്രതിസന്ധി ഉളവാക്കിയിരിക്കുന്നു. നെല്ല്, തെങ്ങ്, പച്ചക്കറി ഉള്‍പ്പെടെ കൃഷികളെ വേനല്‍ സാരമായി ബാധിച്ചുകഴിഞ്ഞു. കൊടുംചൂടില്‍ വലയുകയാണ് ജീവജാലങ്ങള്‍. തീറ്റക്ഷാമം രൂക്ഷമായതോടെ ആടുമാടുകളെ വന്‍തോതില്‍ വില്‍ക്കാന്‍ ഒട്ടേറെ കര്‍ഷകര്‍ നിര്‍ബന്ധിതരായിക്കൊണ്ടിരിക്കുന്നു.
https://www.facebook.com/Malayalivartha