എന്താണ് ഈ കാപ്പ ചുമത്തി എന്ന് പറഞ്ഞാൽ ? ഇനീ അത് വല്ല പച്ചകുത്തലുപോലെ വല്ലതുമായാണോ ? പണ്ട് കാലാപാനി ജയിലിലേയ്ക്ക് അയക്കുന്നവരുടെ പുറത്ത് ചാപ്പ കുത്താറുണ്ട് എന്ന് കേട്ടിട്ടില്ലേ? അതുപോലെയൊന്നാണോ ഈ കാപ്പ? ഇങ്ങനെ പല സംശയങ്ങളും മലയാളിവാർത്ത ന്യൂസ്‌റൂമിലേയ്ക്ക് വിളിച്ചു പലരും ചോദിച്ച ആ ചോദ്യം ഇങ്ങനെ....
കാപ്പ' തടവുകാരായ ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോയെയും വിയ്യൂരിലേക്ക് മാറ്റി എന്ന ന്യൂസ് പുറത്തുവന്നതോടെ ആണിത് .. കണ്ണൂര്‍ ജയിലില്‍ നിന്നും ആണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.കാപ്പ ചുമത്തിയ തടവുകാരെ സ്വന്തം ജില്ലയിലെ ജയിലില്‍ പാര്‍പ്പിക്കരുതെന്ന ചട്ടമനുസരിച്ചാണ് ജയില്‍ മാറ്റം. ഇരുവരെയും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ കണ്ണൂരില്‍ നിന്നും വിയ്യൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു.. . ജയില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ അപേക്ഷ നല്‍കിയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്കിലാണ് ഇരുവരെയും പാര്‍പ്പിച്ചിരുന്നത്. കാപ്പ ചുമത്തിയതിനാല്‍ ആറ് മാസം ഇരുവരും തടവില്‍ കഴിയേണ്ടി വരും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധക്കേസ് ഉള്‍പ്പെടെ വിവിധ ക്വട്ടേഷന്‍ കേസുകളിലെ പ്രതിയും സി.പി.എമ്മിന്റെ സൈബര്‍ പോരാളിയുമായിരുന്നു ആകാശ് തില്ലങ്കേരി. ആകാശിനെതിരായ നാലുവര്‍ഷത്തെ കേസുകള്‍ പരിശോധിച്ച ശേഷമാണ് പോലീസ് കാപ്പ ചുമത്തിയത്.
മാധ്യമങ്ങളിലൂടെ നാം കേട്ട പരിചയിച്ച ഈ കാപ്പ എന്താണെന്നു പറയാം . ശരിക്കും എന്താണ് ഈ കാപ്പ നിയമം? സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി കേരളത്തിൽ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ(KAAPA). 2007ൽ നിലവിൽ വന്ന കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് എന്ന ഗുണ്ടാ പ്രവർത്തന നിരോധന നിയമത്തിൽ 2014 ൽ ഭേദഗതി വരുത്തി. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലാകുന്നവരുടെ കരുതൽ തടവ് കാലാവധി ഒരു വർഷമാണ്. ഗുണ്ട, റൗഡി എന്നീ രണ്ട് വിഭാഗമായി പരിഗണിച്ചാണ് തടവ് ശിക്ഷ തീരുമാനിക്കുന്നത്.
ഗുണ്ടാ, റൗഡി എന്നിവ സംബന്ധിച്ച് കൃത്യമായി നിർവചനം ഈ നിയമത്തിലുണ്ട്. അനധികൃത മണൽ കടത്തുകാർ, പണം പലിശക്ക് നൽകുന്ന ബ്ലേഡ് സംഘങ്ങൾ, അബ്കാരി കേസിലെ പ്രതികൾ തുടങ്ങി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്നവരെ ഗുണ്ടകളെന്നും കൂലിത്തല്ല്, ക്വട്ടേഷൻ പ്രവർത്തനം എന്നിവയിൽ സജീവമാകുന്നവരെ റൗഡികളെന്നും കണക്കാക്കിയാണ് നടപടിയെടുക്കുക. മൂന്നു കേസുകളിൽ പ്രതികളാവുകയോ ഒരു കേസിൽ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെയാണ് ഗുണ്ടാ നിയമ പ്രകാരം കരുതൽ തടങ്കലിൽ വയ്‌ക്കുന്നത്.
പൊതുസുരക്ഷയ്ക്കും സമാധാനത്തിനും ഭംഗം വരുത്തുന്നവർ, അറിയപ്പെടുന്ന ഗുണ്ടകൾ, അനധികൃത മദ്യക്കച്ചവടക്കാർ, കടത്തുകാർ, വിൽപനക്കാർ, ഇവരുടെ അടുത്ത ബന്ധുക്കൾ, വ്യാജ നോട്ട് നിർമാതാക്കൾ, വിതരണക്കാർ, മണൽ മാഫിയ, വ്യാജ സിഡി നിർമാതാക്കൾ, വിതരണക്കാർ, ലഹരി മരുന്ന് ഉൽപാദകർ, കടത്തുകാർ, വിൽപനക്കാർ എന്നിവരെല്ലാം നിയമത്തിന്റെ പരിധിയിൽ വരും. ഇതിനു പുറമെ, വിദേശ രാജ്യങ്ങളിൽനിന്നു ഹവാല ഇടപാടിലൂടെ പണം കടത്തുന്നവർ, പണത്തിനു വേണ്ടി വ്യക്തിയെ ആക്രമിക്കുന്നവർ, അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെടുന്നവർ, തുടങ്ങിയവർ ഇതിൽപ്പെടും. ബ്ളേഡിനു പണം നൽകിയശേഷം ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തിരിച്ചുപിടിക്കുന്നവർ, എന്നിവരെയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സഹകരണ നിയമത്തിന്റെയോ റിസർവ് ബാങ്കിന്റെയോ അംഗീകാരമില്ലാതെ പണമിടപാടു നടത്തുന്ന സ്ഥാപനങ്ങൾ, അന്യന്റെയോ സർക്കാരിന്റെയോ ഭൂമി അനധികൃതമായി തട്ടിയെടുക്കുന്നവർ എന്നിവരെയും 2014 ലെ ഭേദഗതിയിലൂടെ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അറിയപ്പെടുന്ന ഗുണ്ടകളെയും റൌഡികളെയും ചില സ്ഥലങ്ങളിൽ പ്രവേശിക്കുന്നത് ഒരു വർഷം തടയാൻ ഡി.ഐ.ജിക്കോ ജില്ലാ മജിസ്ട്രേട്ടിനോ അധികാരമുണ്ടാകും. ഏതെങ്കിലും പ്രദേശം പ്രശ്നബാധിതമെന്ന് ഉത്തരവിടാൻ ഈ ആക്ട് മൂലം ജില്ലാ മജിസ്ട്രേട്ടിന് അധികാരമുണ്ടാകും. മയക്കുമരുന്നു കേസിലെ പ്രതികൾക്കും കാപ്പ നിയമം ചുമത്താവുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ക്രിമിനൽ കേസുകളിൽ കോടതിക്കു പുറത്ത് ഒത്തു തീർപ്പുണ്ടാക്കിയാലും കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പ്രതിക്കെതിരെ കാപ്പ നിയമപ്രകാരം (ഗുണ്ടാ ആക്ട്) നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഏഴു വർഷത്തിനുള്ളിൽ ഉള്ള കേസാണ് ഇതിനു പരിഗണിക്കുക. അഞ്ചുവർഷത്തിനു മുകളിൽ ശിക്ഷ ലഭിക്കാവുന്ന ഒരു കേസോ ഒരു വർഷം മുതൽ അഞ്ചു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന രണ്ട് കേസുകളോ വേണം. അല്ലെങ്കിൽ മൂന്ന് കേസുകൾ വിചാരണയിൽ ഉണ്ടായിരിക്കണം.
ഈ നിയമത്തിലെ വകുപ്പുകൾ തെറ്റായി ഉപയോഗിച്ചാൽ അതിൽ ഇടപെട്ട് ദുരുപയോഗം തടയുന്നതിന് റിട്ട.ജഡ്ജിയുടെ നേതൃത്വത്തിലുള്ള പരിശോധനാ സമിതിയും നിയമത്തിൽ വ്യവസ്ഥചെയ്യപ്പെട്ടിട്ടുണ്ട്. സ്വത്തുതർക്കം, കുടുംബതർക്കം എന്നിവയുടെ ഭാഗമായി കേസിൽ പ്രതികളായവരെ ഈ നിയമത്തിന്റെ പരിധിയിൽപെടുത്തുന്നത് തടയുന്ന സംരക്ഷണ വകുപ്പുകളും ഇതിലുണ്ട്.
അപ്പോൾ മനസ്സിലായില്ലേ കാപ്പ കടുവയേക്കാൾ ഭീകരനായ പുലി തന്നെയാണ് ...ഒരിക്കൽ പിടിവീണാൽ കൃത്യമായി നെല്ലും പതിരും വേർതിരിച്ചയാൾ മാത്രമേ നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷനേടാനാകൂ ..പിന്നെ ഏട്ടിലെ പശു പുല്ലു തിന്നുമോ എന്നൊക്കെ ചോദിക്കുന്നവരോട്... തിന്നും , തിന്നല്ലേ പറ്റൂ ...
https://www.facebook.com/Malayalivartha