മൂന്നാറിൽ വീണ്ടും കാട്ടിലെ ഒറ്റയാൻ പടയപ്പയുടെ വിളയാട്ടം...
മൂന്നാറിൽ വീണ്ടും കാട്ടിലെ ഒറ്റയാൻ പടയപ്പയുടെ വിളയാട്ടം. നയമക്കാട് എസ്‌റ്റേറ്റിനു സമീപം നടുറോഡിലിറങ്ങിയ അവൻ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് .... ബസിന്റെ സൈഡ് ഗ്ലാസ് തകര്‍ക്കുകയും ചെയ്തു.. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പഴനി - തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ബസിനു നേരെയാണ് ആക്രമണമുണ്ടായത്. യാത്രക്കാര്‍ക്ക് പരിക്കുകളൊന്നുമില്ല. മൂന്നാറില്‍ നിന്ന് തിരിച്ചെത്തുന്ന വഴിയാണ് ആനയുടെ ആക്രമണമുണ്ടായത്. പ്രകോപനങ്ങളൊന്നുമില്ലാത്തതിനാല്‍ തന്നെ ആന വലിയ രീതിയിലുള്ള ആക്രമ സ്വഭാവം പ്രകടിപ്പിച്ചില്ല. അഞ്ചു മിനിറ്റോളം ബസ് തടഞ്ഞു നിര്‍ത്തി. ഒരു ലോറി അതുവഴി വരികയും എയര്‍ഹോണ്‍ മുഴക്കുകയും ചെയ്ത ശേഷമാണ് റോഡില്‍ നിലയുറപ്പിച്ച ആന പിന്തിരഞ്ഞത്.
സ്ഥിരമായി ആനയിറങ്ങുന്ന പാതയാണിത്. മേഖലയിലെ കടകള്‍ തകര്‍ത്ത് ഭക്ഷണസാധനങ്ങള്‍ എടുക്കുന്ന പതിവുമുണ്ട്. ഇതിനു മുമ്പും സമാനമായ ആക്രമണം പടയപ്പയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ട്. മൂന്നാറില്‍ നിന്ന് മറയൂരിലേക്കു പോകുന്ന ബസ് തടഞ്ഞു നിര്‍ത്തി ചില്ലു തകര്‍ത്തിരുന്നു.
വിവിധ എസ്റ്റേറ്റുകളിൽ സ്ഥിരം സന്ദർശകനായ പടയപ്പ എന്ന ആന ഒരാഴ്ചക്കിടെ അഞ്ചോളം വാഹനങ്ങളാണ് തകർത്തത്. വഴിയോരങ്ങളിൽ നിർത്തിയിട്ട വാഹനങ്ങളും ലയങ്ങളുടെ സമീപത്ത് നിർത്തിയിട്ട വാഹനങ്ങളുമാണ് ആക്രമിച്ച് തകർത്തതിൽ അധികവും. ഇതുകൂടാതെ തൊഴിലാളികളുടെ അടുക്കളത്തോട്ടങ്ങൾ നശിപ്പിക്കുകയും പശുക്കളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായി. ഇതിനെല്ലാം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫോറസ്റ്റ് ഓഫീസിൽ ഓരോ ദിവസവും നിരവധി അപേക്ഷകളാണ് എത്തുന്നത്.
ഇതിനിടെ ഇന്ന് പുലർച്ചെ മാട്ടുപ്പെട്ടി ജലാശയത്തിന് സമീപത്തെത്തിയ കാട്ടാന പതിനൊന്നോളം പെട്ടിക്കടകളാണ് തകർത്ത്. ഒരു ലക്ഷത്തി എഴുപതിനായിരം രൂപയുടെ നഷ്ടമുണ്ടായതായാണ് കടയുടമകൾ പറയുന്നത്. എന്നാൽ ഒരു പ്രാവശ്യം പോലും നഷ്ടപരിഹാരം നൽകാൻ അധികൃതർ തയ്യറായിട്ടില്ല.
മൂന്നാറില്‍ മാട്ടുപെട്ടിയിലും പരിസരത്തും ജനങ്ങള്‍ക്ക് ഏറെ പരിചിതനായ കാട്ടാനയാണ് പടയപ്പ. മൂന്നാറിന്‍റെ ജനവാസ കേന്ദ്രങ്ങളില്‍ പടയപ്പയുടെ സാന്നിധ്യം സ്ഥിരമായി ഉണ്ട്. രജനീകാന്ത് നായകനായ പടയപ്പ എന്ന സിനിമ ഇറങ്ങിയ സമയത്താണ് ആദ്യമായി പടയപ്പ കാടിറങ്ങിവരുന്നത്. അന്ന് കുട്ടിയാനയായിരുന്നു. ആ സിനിമയിലെ പാട്ടുകള്‍ക്കനുസരിച്ച് കുട്ടിയാന തലയാട്ടിത്തുടങ്ങിയതോടെയാണ് അവന് പടയപ്പയെന്ന് പേര് വീണത്.
https://www.facebook.com/Malayalivartha