താക്കോല്‍ സ്ഥാനങ്ങളില്‍ പി.എഫ്.ഐ നുഴഞ്ഞുകയറ്റം...ലക്ഷ്യം: കലാപം, കൊലപാതകം..?കമാലിന്റെ അറസ്റ്റോടെ കൂടുതല്‍ വ്യക്തത...
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരുടെ നാടായി കേരളം മാറിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. ഗള്‍ഫ് പണത്തിന്റെ കുത്തൊഴുക്കിനെ തുടര്‍ന്നാണ് ഇവിടെ തീവ്രവാദം വേരുറപ്പിക്കാന്‍ തുടങ്ങിയത്. മാറി മാറി ഭരിച്ച ഇടത് -വലത് സര്‍ക്കാരുകള്‍ വോട്ട് ബാങ്കിന് വേണ്ടി പലതും കണ്ടില്ലെന്ന് നടിച്ചു. കാശ്മീരില്‍ നുഴഞ്ഞുകയറി തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തിയ ശേഷം അതില്‍ മലയാളികള്‍ ഉണ്ടെന്നറിഞ്ഞ് കേരളം ഞെട്ടിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കുക, ആസൂത്രണം നടത്തുക, അല്ലെങ്കില്‍ ആളുകളെ റിക്രൂട്ട് ചെയ്യുക എന്നിങ്ങിനെ തീവ്രവാദത്തിന്റെ വിപുലമായ മേഖലകളിലേക്ക് മലയാളികളെത്തി.
കേരളത്തിലെ സര്‍ക്കാരുകള്‍ ഇത്തരക്കാര്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്നെന്ന് അന്നും ഇന്നും ബി.ജെ.പി ആരോപിക്കുന്നു. അത് ശരിവയ്ക്കുന്ന പല സംഭവങ്ങളും പലപ്പോഴും ഉണ്ടായിട്ടുണ്ട്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ രാജ്യത്തിന് പുറത്ത് നിന്നുള്ള ഭീകരാക്രമണങ്ങള്‍ക്ക് പുറമേ രാജ്യത്തിനകത്തും ചില സംഘടനകള്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കം തുടങ്ങി. ഹാത്രസില്‍ കലാപം ഉണ്ടാക്കാന്‍ ആസൂത്രിത ശ്രമം നടത്തിയതിന് ഒരു മലയാളി കൂടി യു.പി പോലീസിന്റെ പിടിയിലായത് ഇത്തരത്തിലൊരു നീക്കത്തിന് ശ്രമിച്ചതോടെയാണ്. നിരോധിച്ച സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാവായിരുന്ന കമാല്‍ കെ.പിയാണ് അറസ്റ്റിലായത്. ഹാത്രസില്‍ ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായി ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ട് 27 മാസത്തിന് ശേഷമാണ് ഈ അറസ്റ്റ്. ഹാത്രസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോഴാണ് മാധ്യമപ്രവര്‍ത്തകനായ സിദ്ധിഖ് കാപ്പനെ അറസ്റ്റ് ചെയ്തിരുന്നു. ഹത്രാസ് സംഭവത്തിന്റെ മറവില്‍ അന്താരാഷ്ട്ര ഗൂഢാലോചനയില്‍ പങ്കാളിയായി എന്നാരോപിച്ചായിരുന്നു യുപി പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കാപ്പനെ ജയിലിലാക്കി.
ഹത്രാസിലെ ചാന്ദ്പാ പോലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസിലും സിദ്ദീഖ് കാപ്പനേയും സംഘത്തെയും ഉള്‍പ്പെടുത്തി. ഈ കാപ്പന്‍ കമാലിന് ശബ്ദ സന്ദേശം അയച്ചെന്ന് യു.പി പോലീസ് ഇപ്പോള്‍ പറയുന്നു. സാധാരണ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു എന്ന് ചില ബുദ്ധിജീവികളടക്കം പറയാറുണ്ട്. എന്നാല്‍ പി.എഫ്.ഐ പോലുള്ള തീവ്ര സ്വഭാവമുള്ള സംഘടനയില്‍ പെട്ടവര്‍ മാത്രമാണ് ഇത്തരം കേസുകളില്‍ അറസ്റ്റിലായിട്ടുള്ളത്. അല്ലാതെ സാധാരക്കാരനായ ഒരു പൗരനും എങ്ങും പിടിയിലായിട്ടില്ല.
എന്‍.ഐ.എ സ്വന്തം നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മിന്നല്‍ ഹര്‍ത്താല്‍ നടത്തി സംസ്ഥാനത്തെ പൊതുമുതല്‍ നശിപ്പിച്ചവരാണ് പി.എഫ്.ഐക്കാര്‍. അതിന്റെ പേരില്‍ നേതാക്കളുടെ അടക്കം വീടും വസ്തുവകകളും കണ്ടുകെട്ടിയിരിക്കുകയാണ്. ഈ നടപടി പരമാവധി നീട്ടിക്കൊണ്ടു പോകാന്‍ സി.പി.എം ഭരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചു. പക്ഷെ, കേരള ഹൈക്കോടതി കട്ടയ്ക്ക് നിന്നതോടെ നടപടി അതിവേഗത്തിലാക്കി. ഇത്തരം സംഘനകളുടെ വോട്ട് വാങ്ങി അധികാരത്തിലെത്താനായി എന്ത് വിട്ട് വീഴ്ചകള്‍ക്കും ഇടത്-വലത് മുന്നണികളും അവരിലെ ഒരു വിഭാഗം നേതാക്കളും തയ്യാറാണ്. പലര്‍ക്കും ഇവര്‍ സംരക്ഷണം കൊടുക്കുണ്ടെന്ന് ബി.ജെ.പി-സംഘപരിവാര്‍ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് എന്‍.ഐ.എയ്ക്കും ഡെല്‍ഹി, യു.പി പോലീസിനും കേരളാ പോലീസിനെ വിശ്വാസമില്ലാത്തതെന്ന് രാഷ്ട്രീയ നിരീക്ഷകനായ ടി.ജി മോഹന്‍ദാസ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
കേരളാ പോലീസിനെ അറിയിക്കാതെ പി.എഫ്.ഐ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും കേന്ദ്ര ഏജന്‍സികള്‍ പരിശോധന നടത്തിയതിന്റെ വെളിച്ചത്തിലാകാം അദ്ദേഹം ഇത് പറഞ്ഞത്. കേരളാ പോലീസില്‍ തന്നെ എസ്.ഡി.പി.ഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും മറ്റും അനുഭാവികള്‍ കടന്ന് കൂടിയിട്ടുണ്ട്. പൊലീസ് ശേഖരിച്ച രാഷ്ട്രീയ നേതാക്കളുടെ വ്യക്തി വിവരങ്ങള്‍ എസ്.ഡി.പി.ഐയ്ക്ക് ചോര്‍ത്തി കൊടുത്ത പോലീസുകാരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇടുക്കി കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന പി.കെ അനസിനെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ എസ്.പി ആര്‍.കറുപ്പസ്വാമിയാണ് പിരിച്ചുവിട്ടത്. പോലീസിന്റെ ഔദ്യോഗിക ഡാറ്റാ ബേസില്‍ നിന്നുള്ള വ്യക്തിഗത വിവരങ്ങളാണ് വാട്‌സാപ്പിലൂടെ ചോര്‍ത്തി കൊടുത്തത്.
അന്വേഷണത്തില്‍ മറ്റ് പാര്‍ട്ടികളിലുള്ളവരുടെ വ്യക്തിവിവരങ്ങള്‍ പലപ്പോഴായി ഇയാള്‍ ചോര്‍ത്തി കൊടുത്തതായി കണ്ടെത്തി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അനസ് രാഷ്ട്രപതിക്ക് ഇ-മെയിലും അയച്ചിരുന്നു. പോലീസിന് രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടരുതെന്ന് നിയമമുള്ളപ്പോഴാണ് ഇത്തരത്തിലൊരു കത്തയച്ചത്. ഇതില്‍ നിന്നൊക്കെ ഇയാളും എസ്.ഡി.പി.ഐയും തമ്മിലുള്ള ബന്ധം മനസ്സിലാക്കാവുന്നതേയുള്ളൂ. പൊലീസിലെ ഹിന്ദു വിശ്വാസികളുടെയും ക്ഷേത്രാചാരങ്ങളില്‍ പങ്കെടുക്കുന്നവരുടെയും വിശദമായ പട്ടിക അനസ് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് കൈമാറിയിരുന്നു. ഇവര്‍ ജോലി ചെയ്തിരുന്ന പൊലീസ് സ്റ്റേഷനുകളുടെ വിവരങ്ങള്‍ അടക്കമാണ് കൈമാറിയത്. മാത്രമല്ല സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും സംസ്ഥാന നേതാക്കളുടെയും അവരുടെ അടുത്ത അനുയായികളുടെയും വിവരങ്ങളും ഇത്തരത്തില്‍ ചോര്‍ത്തി നല്‍കി. പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും എതിര്‍ക്കുന്നവരാണ് ഇവരില്‍ അധികവും.
പോലീസില്‍ പ്രവേശിച്ചയുടന്‍ തീവ്രവാദസ്വഭാവമുള്ള ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നതും ദേശവിരുദ്ധ സ്വഭാവമുള്ള സന്ദേശങ്ങള്‍ കൈമാറുന്നതുമെല്ലാം വ്യക്തമായ ആസൂത്രണത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്. ഈ വാട്സ് ആപ്പ് ഗ്രൂപ്പിലുള്ള എറണാകുളം റൂറലിലെ രണ്ട് എസ്.ഐമാരെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിലൊരാളെ സ്ഥലം മാറ്റിയിരുന്നു. ഇസ്ലാമിക ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന പോലീസിലെ ഇത്തരം ഗ്രൂപ്പുകളെ പച്ചവെളിച്ചം എന്നാണ് വിളിക്കുന്നത്.
തീവ്ര സ്വഭാവമുള്ള സംഘടനയ്ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി കൊടുത്ത മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ കൊല്ലം ജൂലായില്‍ സ്ഥലം മാറ്റിയിരുന്നു. മൂന്നാര്‍ പോലീസ് സ്‌റ്റേഷന്‍ ഉദ്യോഗസ്ഥരായിരുന്ന പി.വി അലിയാര്‍, പി.എസ് റിയാസ്. അബ്ദുള്‍ സമദ് എന്നിവര്‍ക്കെതിരെയാണ് നടപടി എടുത്തത്. പോപ്പുലര്‍ ഫ്രണ്ട് ഓള്‍ ഇന്ത്യ ചെയര്‍മാന്‍ ഓവുങ്കല്‍ മുഹമ്മദ് അബ്ദുല്‍ സലാം എന്ന ഒ.എം.എ സലാമിനെ 2022 ഒക്ടോബറില്‍ കെ.എസ്.ഇ.ബി സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. മഞ്ചേരിയിലെ റീജണല്‍ ഓഡിറ്റ് ഓഫീസില്‍ സീനിയര്‍ ഓഡിറ്റ് ഓഫീസറായിരുന്നു.
രാജ്യവ്യാപകമായി പിഎഫ്‌ഐ നിരോധിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി എത്തിയത്. പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിനും സര്‍വ്വീസ് ചട്ടം ലംഘിച്ചതിനും 2020 ഡിസംബര്‍ 14 മുതല്‍ സലാം സസ്പെന്‍ഷനിലായിരുന്നു. രാജ്യവ്യാപകമായി നടന്ന റെയ്ഡിനോട് അനുബന്ധിച്ച് സലാമിനെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് എന്‍ഐഎ കസ്റ്റഡിയിലായിരുന്നു.
അറസ്റ്റിലായതിനെത്തുടര്‍ന്ന് സസ്പെന്‍ഷനിലായ സലാമിന് 20 മാസം കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ശമ്പളം നല്‍കിയിരുന്നു എന്നാണ് വിവരം. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 7.84 ലക്ഷം രൂപ ശമ്പളം ലഭിച്ചതായി ഒഎംഎ. സലാം സമര്‍പ്പിച്ച ഇന്‍കംടാക്സ് സ്റ്റേറ്റ്മെന്റില്‍ വ്യക്തമാക്കുന്നതായി മംഗളം പത്രം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഓഫീസില്‍ വരാതെയാണ് സലാം ഇത്രയും തുക കൈപ്പറ്റിയത്. ഓഫീസില്‍ വരാതിരിക്കുകയും സര്‍ക്കാര്‍ ശമ്പളം വാങ്ങി പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം നടത്തിക്കൊണ്ടുപോകാന്‍ സലാമിന് സൗകര്യമൊരുക്കിക്കൊടുക്കുകയാണ് സസ്പെന്‍ഷനിലൂടെ കേരള സര്‍ക്കാര്‍ ചെയ്തതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിനുവേണ്ടി വിദേശരാജ്യങ്ങളില്‍നിന്ന് കോടികള്‍ സ്വീകരിക്കുകയും ഈ പണം ഉപയോഗിച്ച് രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുകയും ചെയ്തുവെന്ന് ആരോപിച്ചായിരുന്നു 2020 ഡിസംബറില്‍ല്‍ കേന്ദ്ര സര്‍ക്കാര്‍ സലാമിനെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ഇയാള്‍ക്കതിരേ വിജിലന്‍സ് അന്വേഷണവും നടന്നിരുന്നു. സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമായി 2022 ആഗസ്റ്റില്‍ ഷോകോസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ സലാം ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും വിധി അനുകൂലമായിരുന്നില്ല. തുടര്‍ന്ന് സെപ്റ്റംബര്‍ 30ന് പിരിച്ചുവിടല്‍ ഉത്തരവ് നടപ്പിലാക്കുകയായിരുന്നു. പി.എഫ്.ഐ നേതാക്കളെ കസ്റ്റഡിയിലെടുത്ത ശേഷം ഇവര്‍ രാഷ്ട്രീയ എതിരാളികളെ വകവരുത്താനായി കില്ലര്‍ സ്‌ക്വാഡ് രൂപീകരിച്ചതായി വ്യക്തമായിരുന്നു. അതിന് വേണ്ടിയാകാം പോലീസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയത്.
ഇതെല്ലാം സൂചിപ്പിക്കുന്നത് പോലീസ്, സര്‍ക്കാര്‍ സര്‍വ്വീസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കിടയിലെല്ലാം പി.എഫ്.ഐ പോലുള്ള തീവ്രസംഘടനകളുടെ ആളുകള്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെന്നാണ്. അതുകൊണ്ട് യു.പി പോലീസിന്റെ നടപടിയെ കുറ്റംപറയാനൊക്കില്ല. എന്തെങ്കിലും കാര്യമില്ലാതെ തെക്കേ അറ്റത്തുള്ള കേരളത്തില്‍ വന്ന് അവര്‍ ഒരാളെ വലയിലാക്കില്ലല്ലോ?
https://www.facebook.com/Malayalivartha