സി.പി.എം നേതാക്കളുടെ മക്കളുടെ കേസുകള്‍ ഒതുക്കാന്‍ കോടികള്‍ എവിടെ നിന്ന്? വമ്പന്‍ കമ്പനികളുണ്ടെന്നും ആക്ഷേപം പണം എവിടെ നിന്ന്?
മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, മകന്‍, വിവേക്, ഭാര്യ കമല എന്നിവര്‍ക്കെതിരെ സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കോഴ തുടങ്ങിയ അതീവഗുരുതരമായ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച സ്വപ്‌നയെ സ്വാധീനിക്കാന്‍ വിജേഷ് പിള്ള വാഗ്ദാനം ചെയ്തത് 30 കോടി. സ്വപ്‌ന തന്നെയാണ് ഇക്കാര്യം ഫെയിസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയത്. ഇക്കാര്യം പറയാന്‍ കാര്യം സി.പി.എം നേതാക്കളുടെ മക്കള്‍ക്കെതിരെ മുമ്പും പരാതികളും ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്. പലപ്പോഴും കോടിക്കണക്കിന് രൂപ കൊടുത്ത് ഒത്തുതീര്‍പ്പാക്കിയിട്ടുണ്ട്. ഇതിന് തക്ക എന്ത് വരുമാനമാണ് ഇവര്‍ക്കൊക്കെ ഉള്ളത്. പലപ്പോഴും വ്യവസായികളും മറ്റുമാണ് പണം കൊടുത്തതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അങ്ങനെയെങ്കില്‍ വ്യവസാസികളുമായുള്ള ചങ്ങാത്തമുതലാളിത്തത്തിലല്ലേ പല നേതാക്കളും എന്ന് സംശയം തോന്നാം. അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി വ്യവസായി രവിപിള്ളയുടെ കമ്പനിയില്‍ ഉന്നതസ്ഥാനം വഹിച്ചതിന്റെ യോഗ്യത എന്താണ്.
ഇക്കാര്യം സാരക്ഷരകേരളം പലവട്ടം ചോദിച്ചതാണ്. അതുപോലെ ബിനീഷിന്റെ സഹോദരന്‍ ബിനോയി ദുബൈയില്‍ ബിസിനസ് നടത്തിയിരുന്നു. അതിലൊന്നും തെറ്റില്ല. പക്ഷെ, മറ്റൊരു രാജ്യത്ത് പോയി വലിയ രീതിയിലുള്ള ബിസിനസ് തുടങ്ങാനുള്ള പണത്തിന്റെ സ്രോതസ് എന്താണെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റംപറയാനാകില്ല. കാരണം അതിന് തക്ക സാമ്പത്തിക ചുറ്റുപാടോ, അല്ലെങ്കില്‍ വ്യാപാര വൈദഗ്ധ്യമോ ബിനോയിക്ക് ഉണ്ടായതായി അറിവില്ല. അങ്ങനെയിരിക്കുമ്പോഴാണ് 2018ല്‍ ഒരു അറബി ബിനോയിക്കെതിരെ പരാതിയുമായി കേരളത്തില്‍ വിമാനമിറങ്ങിയത്.
ബിനോയ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്ന് ബിനോയിക്ക് യു.എ.ഇ യാത്രാവിലക്കും ഏര്‍പ്പെടുത്തിയിരുന്നു. അന്ന് ദുബായിലുണ്ടായിരുന്നപ്പോഴാണ് ബിനോയിക്കു യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. പത്തുലക്ഷം ദിര്‍ഹത്തിന്റെ ചെക്കു കേസുമായി ബന്ധപ്പെട്ടായിരുന്നു ഇത്. യാത്രാവിലക്ക്. ജാസ് ടൂറിസം ഉടമ ഹസന്‍ ഇസ്മായില്‍ മര്‍സൂഖിക്ക് 1.75 കോടി രൂപ അതായത് 10 ലക്ഷം ദിര്‍ഹം നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് അന്ന് ശ്രമം നടന്നത്. കേരളത്തില്‍ നിന്നുള്ള ചില വ്യവസായ പ്രമുഖരും വിഷയത്തില്‍ ഇടപെട്ടിരുന്നു. സ്വന്തംപേരില്‍ ലോണെടുത്ത് ബിനോയ് കോടിയേരിക്ക് പലിശയ്ക്ക് നല്‍കിയതാണ് ജാസ് ടൂറിസം ഉടമ ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂക്കിയെ വെട്ടിലാക്കിയത്. ജാസ് ടൂറിസം പാര്‍ടണറായ രാഹുല്‍കൃഷ്ണ വഴിയാണ് ബിനോയ്ക്ക് പലതവണയായി 35ലക്ഷം ദിര്‍ഹം വായ്പ നല്‍കിയത്. അടവു മുടങ്ങിയതോടെ 2014ല്‍ ക്രിമിനല്‍ കേസുനല്‍കി. അറുപതിനായിരം ദിര്‍ഹം പിഴ അടച്ച് ബിനോയി ക്രിമിനല്‍ കേസില്‍ നിന്നും ഒഴിവായി.
ഇടപാടുകള്‍ സംബന്ധിച്ച മുഴുവന്‍രേഖകളും കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചെങ്കില്‍ മാത്രമെ പരാതിക്കാരന് സിവില്‍കേസ് നല്‍കാന്‍ കഴിയുള്ളൂ. മാത്രമല്ല വസ്തുതകള്‍ സംശയാതീതമായി തെളിയിക്കുകൂടി വേണം. എന്നാല്‍ പലിശയ്ക്ക് പണം നല്‍കിയതിനാല്‍ ബിനോയുടെ പേരിലുള്ള ചെക്ക് മാത്രമെ ഹസന്‍ ഇസ്മായില്‍ അബ്ദുള്ളയുടെ പക്കലുള്ളൂ. അതുകൊണ്ടാണ് സിവില്‍കേസ് നല്‍കാതെ ഒത്തുതീര്‍പ്പിലൂടെ കാശ് മടക്കി വാങ്ങാന്‍ യുഎഇ പൗരനെ നിര്‍ബന്ധിതനായത്. അറബി കേരളത്തിലെത്തിയതോടെ സംഭവം വലിയ വിവാദമായി. ഒടുവില്‍ പണം തിരികെ കൊടുത്താണ് കേസ് ഒതുക്കി തീര്‍ത്തത്. ആര് പണം നല്‍കിയെന്നോ, എങ്ങനെ കൊടുത്തെന്നോ എന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
2018ല്‍ തന്നെ ബിനീഷ് കോടിയേരിക്കെതിരെയും ദുബായില്‍ കേസുണ്ടെന്ന റിപ്പോര്‍ട്ടു വന്നിരുന്നു. വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്നുള്ള ക്രിമിനല്‍ കേസില്‍ ദുബായ് കോടതി ബിനീഷിനു രണ്ടുമാസം ജയില്‍ശിക്ഷ വിധിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. ബിനീഷ് യുഎഇയിലെത്തിയാല്‍ അറസ്റ്റിലാകുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൗദി അറേബ്യയിലെ സാംബാ ഫിനാന്‍സിയേഴ്‌സിന്റെ ദുബായ് ശാഖയില്‍ നിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന കേസില്‍ ദുബായ് കോടതി ബിനീഷിന്റെ അസാന്നിധ്യത്തിലാണ് ശിക്ഷ വിധിച്ചത്. ഇബ്രാഹിം കമാല്‍ ഇബ്രാഹിം നല്‍കിയ പരാതിയില്‍ പൊലീസ് 2015 ഓഗസ്റ്റ് ആറിനാണു കേസ് റജിസ്റ്റര്‍ ചെയ്തത്.
അതേസമയം, ചവറ എംഎല്‍എ ആയിരുന്ന എന്‍.വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയനെതിരെ ദുബായില്‍ കൂടുതല്‍ കേസുകളുണ്ടെന്ന വാര്‍ത്തയും അന്ന് പുറത്തുവന്നു. ഏകദേശം ഒരു കോടി ദിര്‍ഹത്തിന്റെ തട്ടിപ്പു നടത്തിയ ശേഷമാണു ശ്രീജിത്ത് ദുബായ് വിട്ടത് എന്നാണ് അറിയുന്നത്. തൊഴിലാളികള്‍ക്കു ശമ്പളം നല്‍കാതിരുന്നതിന്റെ പേരില്‍ ശ്രീജിത്തിന് എതിരെ ലേബര്‍ കോടതിയിലും കേസ് ഉണ്ടായിരുന്നു. വണ്ടിച്ചെക്കു നല്‍കിയ കേസില്‍ ദുബായ് കോടതി ശ്രീജിത്തിനെ രണ്ടുവര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. ഇടത് എം.എല്‍.എയായിരുന്നു വിജയന്‍പിള്ള.
ബിനീഷും ബിനോയ്യും ചേര്‍ന്നു വ്യാജ കമ്പനികള്‍ രൂപീകരിച്ചു കച്ചവടത്തട്ടിപ്പു നടത്തുന്നതായി ബിജെപിയുടെ ആരോപിച്ചിരുന്നു. തിരുവനന്തപുരത്ത് ഒരു കെട്ടിടത്തിനുള്ളില്‍ ബോര്‍ഡു പോലുമില്ലാതെ 28 കമ്പനികള്‍ ബിനീഷും ബിനോയിയും സുഹൃത്തുക്കളും ചേര്‍ന്നു റജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്നുണ്ടെന്ന രേഖകള്‍ ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണനാണ് പുറത്തുവിട്ടത്.
ഇതില്‍ ആറുകമ്പനികളില്‍ ബിനീഷും ബിനോയിയും നേരിട്ടു ഡയറക്ടര്‍മാരാണ്. ഈ കമ്പനികളിലെ മറ്റു ഡയറക്ടര്‍മാരുടെ പേരുകള്‍ ബാക്കി 22 കമ്പനികളിലുമായി ഡയറക്ടര്‍ ബോര്‍ഡില്‍ ചേര്‍ത്തിരിക്കുകയാണ്. 28 കമ്പനികള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഒന്നിനും ബോര്‍ഡ് പോലുമില്ല. സ്‌ക്വയര്‍ എന്റര്‍പ്രൈസസ് എന്നു പേരിന് ഒരു ബോര്‍ഡുമാത്രമാണു വച്ചിരിക്കുന്നത്. ഇതേ ഡയറക്ടര്‍മാര്‍ ഉള്‍പ്പെട്ട രണ്ടുകമ്പനി ബെംഗളൂരുവിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ കമ്പനികള്‍ക്ക് വിദേശ പണമിടപാടുവരെയുണ്ടെന്നും എ.എന്‍. രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു.2008 ല്‍ കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരിക്കെ റജിസ്റ്റര്‍ ചെയ്ത ടൂറിസം കമ്പനികളുമുണ്ടെന്നു രേഖകളിലൂടെ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഈ സ്ഥാപനങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ നോട്ടിസ് അയച്ചിട്ടുണ്ടെന്നും കമ്പനികളുടെ ലഭ്യമായ വിവരങ്ങള്‍ ഉടന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനു കൈമാറുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
ഇതിന് ശേഷമാണ് ബിനോയി കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി ലൈംഗിക പീഡനക്കേസ് നല്‍കിയത്. ഈ കേസ് പിന്നീട് ബോംബെ ഹൈക്കോടതിയില്‍ ഒത്തുതീര്‍പ്പായി. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറി. ഒത്തുതീര്‍പ്പു കരാറില്‍ പറയുന്നത് ഈ തുകയാണെങ്കിലും അതിലേറെ കൊടുത്തെന്നു സൂചനയുണ്ട്. പണം നല്‍കിയ വിവരങ്ങള്‍ ബിനോയിയും ബോധിപ്പിച്ചു. തുടര്‍ന്ന്, ഇരുവരും ഒപ്പുവച്ച ഒത്തുതീര്‍പ്പുകരാര്‍ അംഗീകരിച്ച ഹൈക്കോടതി കേസ് തീര്‍പ്പാക്കുകയായിരുന്നു. എല്ലാ കേസുകളും പിന്‍വലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികള്‍ അവസാനിപ്പിച്ചതായും യുവതി അറിയിച്ചു.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ബന്ധത്തില്‍ എട്ടു വയസ്സുള്ള ആണ്‍കുട്ടിയുണ്ടെന്നും ആരോപിച്ച് 2019 ജൂണിലാണ് യുവതി മുംബൈ ഓഷിവാര പൊലീസില്‍ പരാതി നല്‍കിയത്. വര്‍ഷങ്ങളായി മുംബൈയില്‍ താമസിക്കുകയാണിവര്‍. കുട്ടിയെ വളര്‍ത്താനുള്ള പണം വേണമെന്നാണ് പരാതിക്കാരി ആവശ്യപ്പെട്ടത്. വ്യാജക്കേസാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ഹര്‍ജി നല്‍കിയപ്പോള്‍ ബോംബെ ഹൈക്കോടതി ഡിഎന്‍എ പരിശോധനയ്ക്ക് നിര്‍ദേശിച്ചു. ഇതോടെയാണ് ബിനോയി ഒത്തുതീര്‍പ്പിന് വഴങ്ങിയത്.
സി.പി.എം നേതാവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി ജയരാജന്റെ മകന്‍ ജെയ്‌സണ് ദുബൈയില്‍ ബിനാമി ബിസിനസ് ഇടപാടുണ്ടെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. റാസല്‍ഖൈമയില്‍ സ്വന്തമായി റിഫൈനറിയുണ്ടെന്ന് കഴിഞ്ഞ ഡിസംബറിലാണ് ആരോപണം നടത്തിയത്. ഈ കമ്പനി വഴിയുള്ള ഇറക്കുമതി ഇടപാടിന് സഹായം തേടി ജയ്‌സണ്‍ തന്നെ സമീപിച്ചെന്നും വ്യക്തമാക്കിയിരുന്നു.
എന്നിട്ട് സ്വപ്‌നയ്‌ക്കെതിരെ ഒരു വക്കീല്‍ നോട്ടീസ് പോലും ഇ.പി ജയരാജനോ, മകനോ അയച്ചില്ല. സ്വപ്‌ന പറഞ്ഞത് ശരിയാണെങ്കില്‍ അതിനുള്ള പണം എവിടെ നിന്നാണ്. ഇ.പി ജയരാജന്‍ അധികകാലം മന്ത്രിയായിരുന്ന ആളല്ല, ഭാര്യയ്ക്ക് സഹകരണബാങ്കിലായിരുന്നു ജോലി. ഇത്തരത്തില്‍ സാമ്പത്തക ചുറ്റുപാടുള്ളവര്‍ക്ക് വിദേശത്ത് റിഫൈനറി തുടങ്ങനുള്ള പണം എങ്ങനെ ഉണ്ടായി. ഇതെല്ലാം അറബിക്കഥയിലെ അലാവുദ്ദീനും അത്ഭുതവിളക്കും പോലെയാണ്. ജയ്‌സണും അമ്മയും ചേര്‍ന്ന് നടത്തുന്ന വൈദേകം റിസോര്‍ട്ട് നിര്‍മാണ സമയത്തേ വിവാദമായിരുന്നു. അടുത്തിടെ ഇ.ഡി ഇവിടെ പരിശോധന നടത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ മകനും മകള്‍ക്കും എതിരെ സ്വപ്‌ന ആരോപണം ഉന്നയിച്ചിരുന്നു. മിഡില്‍ ഈസ്റ്റ് കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുന്നത് യു.എ.ഇയിലുള്ള മകന്‍ വിവേകാണെന്നും വെളിപ്പെടുത്തി. വിവേകും സഹോദരി വീണയും നടത്തുന്ന അഴിമതി പുറത്തുകൊണ്ടുവരുമെന്നും വ്യക്തമാക്കിയിരുന്നു. വീണയ്ക്ക് ഷാര്‍ജയില്‍ ഐ.ടി കമ്പനി തുടങ്ങാനായി അവിടുത്തെ രാജകുടുംബാംഗങ്ങള്‍ കേരളത്തിലെത്തിയപ്പോള്‍ ക്ലിഫ്ഹൗസില്‍ ചര്‍ച്ച നടത്തിയെന്ന ഗുരുതരമായ ആരോപണവും ഉന്നയിച്ചു. ഷാര്‍ജയില്‍ ഐ.ടി ഹബ് തുടങ്ങാനും മാത്രം പണം എവിടെ നിന്ന്?
ഇത്തരം ആരോപണങ്ങള്‍ക്കെതിരെ ഒരു സി.പി.എം നേതാവോ, അവരുടെ മക്കളോ യാതൊരു നിയമനടപടികളും സ്വീകരിച്ചിട്ടില്ല. ആക്ഷേപങ്ങള്‍ ഉന്നയിച്ചത് രാഷ്ട്രീയക്കാരല്ല. ഇനി ഇവയൊക്കെ സത്യമാണെങ്കില്‍ ഇത്തം വന്‍കിട ബിസിനസ്സുകള്‍ നടത്തുന്നതിനുള്ള പണം എവിടെ നിന്ന് വരുന്നു? നിങ്ങള്‍ ചിന്തിക്കുക.
https://www.facebook.com/Malayalivartha