സ്വപ്നക്കെതിരെ കേസ് കൊടുക്കാനുള്ള ഗോവിന്ദൻ്റെ നീക്കത്തിന് പിണറായിയുടെനോ ! പത്രക്കുറിപ്പിലും സെക്രട്ടറിയെ വെട്ടി: ഗോവിന്ദനും പിണറായിയും തെറ്റുമോ?
സ്വപ്ന സുരേഷിനെതിരെ സി പി എം കേസ് കൊടുക്കണമെന്ന എം.വി.ഗോവിന്ദൻ്റെ ആവശ്യം പിണറായി വിജയൻ തള്ളി. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സ്വപ്നക്കെതിരെ കേസ് കൊടുക്കണമെന്ന് എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടത്. എന്നാൽ മുഖ്യമന്ത്രി മിണ്ടിയില്ല. ഇതിൽ ഗോവിന്ദൻ അസ്വസ്ഥനാണ്.
സ്വപ്നക്കെതിരെ സി പി എം കേസ് കൊടുക്കുമെന്ന് പത്രപ്രസ്താവനയിൽ ഉൾപ്പെടുത്തണമെന്ന സെക്രട്ടറിയുടെ ആവശ്യവും പിണറായി തള്ളി. പത്ര പ്രസ്താവനയിൽ ഇങ്ങനെയൊരു പരാമർശം പോലുമില്ല. എന്നാൽ താൻ സ്വപ്നക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. പാർട്ടി സെക്രട്ടറി കേസ് കൊടുക്കുകയാണെങ്കിൽ സ്വയം കൊടുക്കട്ടെ എന്നാണ് പിണറായിയുടെ നിലപാട്. മുമ്പ് സ്വപ്നക്കെതിരെ നിരവധി നേതാക്കൾ കേസു കൊടുക്കുമെന്ന് പറഞ്ഞെങ്കിലും ആരും കൊടുത്തില്ല.
പ്രശസ്തരായ വ്യക്തികളെ കൊണ്ട് സ്വപ്നക്കെതിരെ പ്രസ്താവന നൽകണമെന്ന ആവശ്യം പക്ഷേ പിണറായി അംഗീകരിച്ചു.സ്വപനയുടെ ഇമേജ് പൊളിക്കണമെന്ന ആവശ്യം പരക്കെ അംഗീകരിക്കപെട്ടു. ഇടനിലക്കാരനെന്ന് സ്വപ്ന സുരേഷ് ആരോപിക്കുന്ന വിജേഷ് പിള്ള തട്ടിപ്പുകാരനാണെന്ന് സംവിധായകൻ മനോജ് കാന പറഞ്ഞത് ഇതിൻ്റെ ഭാഗമായാണ്.
കെഞ്ചിറ സിനിമ ഒടിടി യിലൂടെ പ്രദർശിപ്പിക്കാമെന്ന് പറഞ്ഞു കബളിപ്പിച്ചുവെന്നും മനോജ് കാന പറഞ്ഞു. സിനിമയുടെ പബ്ലിസിറ്റി ഒടിടി പ്ലാറ്റ്ഫോമിന് വേണ്ടി ഉപയോഗിച്ചു. സിനിമ മേഖലയിലെ പലരെയും വിജേഷ് പറ്റിച്ചിട്ടുണ്ട്. എം വി ഗോവിന്ദനെ പോലുള്ളവരെ അറിയാമെന്ന് പറഞ്ഞെങ്കിൽ അത് നെഗറ്റീവ് പബ്ലിസിറ്റി ക്ക് വേണ്ടിയാണ്. സ്വപ്നയുമായി ചേർന്ന് നടത്തിയ നീക്കമാണോ എന്ന് സംശയമുണ്ടെന്നും നാടുമായി ഒരു ബന്ധവും ഇല്ലാത്ത ആളാണ് ഇയാളെന്നും മനോജ് കാന പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എം വി ഗോവിന്ദന്റെ ഇടനിലക്കാരനെന്ന് പറഞ്ഞ് വിജയ് പിള്ള എന്ന വിജേഷ് പിള്ള തന്നെ സമീപിച്ചുവെന്ന് സ്വപ്ന സുരേഷ് ആരോപിച്ചത്. ഇയാൾ 30 കോടി രൂപ വാഗ്ദാനം ചെയ്തതായും എം വി ഗോവിന്ദന് വേണ്ടിയാണ് എത്തിയതെന്ന് വെളിപ്പെടുത്തിയതായും സ്വപ്ന പറഞ്ഞിരുന്നു. എന്നാൽ സ്വപ്നയുടെ ആരോപണങ്ങളെയെല്ലാം തള്ളി വിജേഷ് പിള്ള മാധ്യമങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. എം വി ഗോവിന്ദന്റെ നാട്ടുകാരനാണെന്നാണ് പറഞ്ഞതെന്നും ഒടിടി വരുമാനത്തിൽ നിന്ന് 30 ശതമാനം നൽകാമെന്നാണ് പറഞ്ഞതെന്നും ഇയാൾ പ്രതികരിച്ചിരുന്നു.
ആരോപണങ്ങള്‍ തെളിയിക്കാനുള്ള വിജേഷ് പിള്ളയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നാണ് ഇതിന് പിന്നാലെ സ്വപ്ന ഫേസ്ബുക്കിൽ കുറിച്ചത്. താൻ പറഞ്ഞതെല്ലാം വിജേഷ് സമ്മതിച്ചിരിക്കയാണെന്നും വിജേഷ് പിള്ളക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സ്വപ്ന പറഞ്ഞു. തെളിവുകൾ ഏജൻസികൾക്ക് ഇതിനകം കൈമാറിയിട്ടുണ്ട്. ഉടൻ കോടതിയിലും നൽകും. എം വി ഗോവിന്ദൻ നിയമ നടപടി സ്വീകരിച്ചാലും നേരിടും. ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും വിജേഷ് പിള്ളകയ്ക്കെതിരായ ആരോപണങ്ങളിൽ തെളിവ് ഉണ്ടെന്നും സ്വപ്ന ഫേസ്ബുക്കില്‍ കുറിച്ചു.
ഒത്തുതീർപ്പിനായി സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഇടനിലക്കാരൻ ബന്ധപ്പെട്ടെന്ന സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ പുതിയ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. സ്വപ്നയുടേത് കള്ളക്കഥയാണെന്ന് സിപിഎം പ്രസ്താവനയിലൂടെ മറുപടി നൽകി. സ്വർണ്ണ കടത്തിൽ കേസ് എടുത്തത് കേന്ദ്ര ഏജൻസികളാണെന്നിരിക്കെ, കേസ് പിൻവലിക്കാൻ സിപിഎം വാഗ്ദാനം നല്കിയെന്നത് കല്ലുവെച്ച നുണയാണ്. കേന്ദ്ര ഏജൻസികളുടെ കേസിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നതാണ് വാസ്തവം. എന്നിട്ടുിം സംസ്ഥാനം ഭരിക്കുന്ന പാർട്ടിയെന്ന നിലയിൽ കേസ് പിൻവലിക്കാൻ വാഗ്ധാനം നൽകിയെന്നത് നട്ടാൽ മുളക്കാത്ത നുണയാണെന്നും സിപിഎം പ്രസ്താവനയിലൂടെ അറിയിച്ചു. ഈ പ്രസ്താവനയിലാണ് അട്ടിമറിയുണ്ടായത്. കേസ് കൊടുക്കുന്നതെല്ലാം പാർട്ടി കാര്യമല്ലെന്നാണ് പിണറായിയുടെ നിലപാട്. അതാണ് സി പി എമ്മിൻ്റെ പ്രസ്താവനയിൽ നിന്നും ഗോവിന്ദൻ്റെ പരാമർശം ഒഴിവാക്കിയത്.
എന്നാൽ ഗോവിന്ദൻ കേസ് കൊടുക്കാതിരിക്കാനുള്ള കളികൾ പാർട്ടി യിൽ തുടങ്ങിക്കഴിഞ്ഞു.
ഗോവിന്ദൻ കേസു കൊടുത്താൽ തനിക്കും കേസു കൊടുക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രിക്കറിയാം..ഇത് ഒഴിവാക്കാനാണ് പിണറായി ശ്രമിക്കുന്നത്. എന്നാൽ പാർട്ടി സെക്രട്ടറി വിട്ടുവീഴ്ചക്ക് തയ്യാറല്ല. ഏതായാലും കേസെല്ലാം ശരിയാവണ്ണം ആലോചിച്ച ശേഷം മതിയെന്നാണ് പിണറായി നൽകിയ നിർദ്ദേശം.
സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ നിലപാട് പ്രഖ്യാപിച്ചതിനു പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി.
ഒരു ദിവസം ഒരൊറ്റ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ സ്വപ്നയ്ക്കെതിരെ ഗോവിന്ദനും വിജേഷ് പിള്ളയും നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും, പലതവണയായി ഇത്രയേറെ ഗുരുതരമായ ആരോപണങ്ങൾ നേരിട്ട മുഖ്യമന്ത്രി എന്തുകൊണ്ട് സ്വപ്നയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നില്ല എന്ന് പ്രതിപക്ഷം ചോദിച്ചു തുടങ്ങി.
കഴിഞ്ഞ ദിവസം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘പുതിയ വിജയൻ, പഴയ വിജയൻ’ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ‘പുതിയ വിജയൻ’ എന്ന പരിഹാസത്തോടെയാണ് രാഹുൽ ചോദ്യം ഉന്നയിച്ചത്. പിണറായി വിജയൻ മാനനഷ്ടക്കേസ് കൊടുക്കാറില്ല എന്ന വാദം നിലനിൽക്കില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി. സിപിഎം സെക്രട്ടറിയായിരുന്ന ‘പഴയ വിജയൻ’ ജസ്റ്റിസ് സുകുമാരൻ നടത്തിയ പരാമർശത്തിന്റെ പേരിൽ മുൻപ് മാനനഷ്ടക്കേസ് കൊടുത്തിട്ടുണ്ട്. അപ്പോൾ ‘പുതിയ വിജയനാണോ’ മാനം നഷ്ടമായാലും കേസ് കൊടുക്കാത്തതെന്നും രാഹുൽ ചോദിച്ചു.
സ്വപ്ന സുരേഷ് ഒരു ദിവസം ഒരൊറ്റ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ സ്വപ്നയ്ക്കെതിരെ സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരിക്കുന്നു. സ്വപ്നയുടെ ഒരൊറ്റ ദിവസത്തെ ആരോപണത്തിനെതിരെ ഏതോ ഒരു വിജീഷ് പിള്ള നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരിക്കുന്നു... ഈ രണ്ട് വാർത്ത കണ്ട ഒരു പൗരൻ എന്ന നിലയിൽ ചില സംശയങ്ങൾ ചോദിക്കട്ടെ എന്നും രാഹുൽ ചോദിച്ചു.
പല തവണയായി ഇത്രയേറെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ 'പുതിയ വിജയൻ' എന്തുകൊണ്ട് മാനനഷ്ടക്കേസ് സ്വപ്നയ്ക്കെതിരെ കൊടുക്കുന്നില്ല?പിണറായി വിജയൻ മാനനഷ്ടക്കേസ് കൊടുക്കാറില്ല എന്ന് വാദം നിലനില്ക്കില്ല, കാരണം സിപിഎം സെക്രട്ടറിയായിരുന്ന 'പഴയ വിജയൻ' ജസ്റ്റിസ് സുകുമാരൻ നടത്തിയ പരാമർശത്തിന്റെ പേരിൽ മുൻപ് മാനനഷ്ടക്കേസ് കൊടുത്തിട്ടുണ്ട്. അപ്പോൾ 'പുതിയ വിജയനാണോ' മാനം നഷ്ടമായാലും കേസ് കൊടുക്കാത്തത്?
ശ്രീ 'പുതിയ വിജയൻ' മാനനഷ്ടക്കേസ് കൊടുക്കാറില്ല എന്ന പോളിസി ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കുടുംബം കേസ് കൊടുക്കാത്തത് ?
സ്വപ്നയുടെ വാക്കിന് ആരു വിലകൊടുക്കുന്നുവെന്ന് മറുപടി പറഞ്ഞാൽ, പിന്നെ എന്തിനാണ് സ്വപ്നയുടെ ആരോപണത്തിന്റെ പേരിൽ എഡിജിപി എം.ആർ. അജിത് കുമാറിന് വിജിലൻസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത്?
ഷാജ് കിരണിനെതിരായ അന്വേഷണം എവിടെ വരെയായി?
മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കാത്തതിനെയും, പാർട്ടി സെക്രട്ടറി കേസ് കൊടുക്കുന്നതിനെയും ബാലൻസ് ചെയ്തുള്ള ലോജിക്കലായ ന്യായീകരണം സിപിഎം തയ്യാറാക്കിയോ?
സ്വപ്ന ഫ്രോഡാണെന്ന് നിങ്ങൾ പറയുമ്പോൾ, ഫ്രോഡിന് ക്രമവിരുദ്ധമായി ജോലി കൊടുത്ത ശിവശങ്കരനെ ഇപ്പോഴും വിശ്വസിക്കുന്ന പിണറായിയെ എന്ത് വിളിക്കും
ഇത്രയും ചോദ്യങ്ങളാണ് രാഹുൽ ചോദിക്കുന്നത്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർക്ക് ചോദ്യം ചോദിക്കാൻ ധൈര്യം കിട്ടാത്തപ്പോഴാണ് രാഹുൽ പിണറായിക്കെതിരെ രംഗത്തെത്തിയത്.
മുമ്പ് കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ സ്വപ്ന ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചപ്പോഴും സുരേന്ദ്രൻ കേസു കൊടുത്തില്ല. കേസു കൊടുക്കുമെന്ന് കടകംപള്ളി വീമ്പിളക്കിയത് മാത്രം മിച്ചം. തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എതിരെയും സ്വപ്ന ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു.എന്നാൽ അവരാരും കേസു കൊടുത്തില്ല. എന്നാൽ കെ.റ്റി.ജലീൽ മാത്രം സ്വപ്നക്കെതിരെ പോലീസിൽ പരാതി നൽകി. അതു കൊണ്ടു യാതൊരു പ്രയോജനവും ഉണ്ടാവില്ലെന്ന് ജലീലിന് അറിയാമായിരുന്നെങ്കിലും അത് ഒരു പബ്ളിസിറ്റി സ്റ്റണ്ടായിരുന്നു.
ഭരണഘടനാപരമായി അധികാരത്തിലിരിക്കുന്ന ഒരു മന്ത്രിസഭയെ അട്ടിമറിക്കാൻ പോന്ന ഭാഷയിൽ സ്വപ്ന സംസാരിച്ചിട്ടും അവർക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെ
ന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും സി പി എം സഹയാത്രികനുമായ ജി.ശക്തിധരൻ ചോദിച്ചു.
ഭരണത്തലവനും അദ്ദേഹത്തിൻ്റെ കുടുംബത്തിനെതിരെ ഭീഷണിയുടെ ഭാഷയിലാണ് സ്വപ്ന സംസാരിക്കുന്നതെന്ന് ശക്തി പറയുന്നു. അതും എണ്ണി എണ്ണി? .എന്തുകൊണ്ട് ഈ സ്ത്രീയെ കയ്യാമം വെച്ച് ജയിലിൽ അടയ്ക്കുന്നില്ല?അഭിമാനമുള്ള ഏതെങ്കിലും ഭരണാധികാരി ഇത് വെച്ചുപൊറുപ്പിക്കുമോ?
1992 ൽ സാമ്പത്തിക കുറ്റങ്ങളുടെ മദർ സ്‌കാം എന്ന് വിളിപ്പേര് നേടിയ ഓഹരി ദല്ലാൾ ഹർഷദ് മേത്തക്കെതിരെ സമാനമായ കിംവദന്തി ഉയർന്നപ്പോൾ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു അയാളെ പിടിച്ചു ജയിലിൽ ഇടുകയല്ലേ ചെയ്തത്? എന്നാൽ ഇപ്പോൾ സ്വപ്ന സുരേഷ് എന്ന് കേൾക്കുമ്പോൾ തന്നെ മുഖ്യമന്ത്രി വിറകൊള്ളുന്നു. എന്തിന് ഭയക്കണം മുഖ്യമന്ത്രി? ശക്തിധരൻ ചോദിക്കുന്നു.
മുഖ്യമന്ത്രിക്ക് അന്വേഷണ ഏജൻസികളോട് എന്തെങ്കിലും തുറന്ന് പറയാനുണ്ടോ? ഉണ്ടെങ്കിൽ അത് പറയണം. അതല്ല പാർട്ടിയോട് എന്തെങ്കിലും പറയാനുണ്ടോ? എങ്കിൽ അതിന് ധൈര്യം കാണിക്കണം.മുഖ്യമന്ത്രിയുടെ പാർശ്വവർത്തി നിയമമന്ത്രി ഭൂമുഖത്ത് ലഭ്യമായ എല്ലാ നിയമജ്ഞരുടെയും അടുത്ത് നെട്ടോട്ടമോടുകയാണ്.പക്ഷെ പോംവഴി തെളിയുന്നില്ല. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ യാത്രയും കുളമായി.എന്നിട്ടും മുഖ്യമന്ത്രിക്ക് കുലുക്കമില്ല. ഉന്നത നേതാക്കളോട് പോലും മിണ്ടാട്ടമില്ല. പോളിറ്റ് ബ്യുറോ അംഗം ഈ വിവാദം ആളിക്കത്തുമ്പോൾ എകെജി സെന്ററിൽ ഉണ്ടായിട്ടുപോലും മിണ്ടാട്ടമില്ല. ബേബിയോട് അങ്ങോട്ട് പോയി വിശദീകരിക്കുകയോ ബേബി അങ്ങോട്ട് പോയി ചോദിക്കുകയോചെയ്തില്ല. "വെച്ച് അനുഭവിച്ചോ" എന്ന ഭാവത്തിലായിരുന്നു ബേബി.
ഇന്നലത്തെ ദിവസം ചാനൽ വാർത്തകൾ സ്ഫോടകാവസ്ഥയിലായിരുന്നു. മുഖ്യമന്ത്രി കൂടി പങ്കെടുത്ത എൽഡിഎഫ് യോഗത്തിലെ ഇ പി ജയരാജന്റെ മട്ടും ഭാവവും കണ്ടാലും താൻ ഈ ലോകത്തെ ഇല്ല എന്ന് തോന്നാം . കേരളത്തിന്റെ "ഐശ്വര്യ"മായി മറ്റാരെയെ ങ്കിലും പ്രതീക്ഷിച്ചുള്ള മൗനമാണോ ഇത്.? ഏറെ കൗതുകകരം ഏഷ്യാനെറ്റിന്റെ സീനിയർ ലേഖകൻ നിഴൽ പോലെ പരിസരത്തു ഉണ്ടായിട്ടും ഈ അപൂർവ്വ ദൃശ്യങ്ങൾ ഒന്നും അദ്ദേഹത്തിന്റെ മനോമുകുരത്തിൽ പതിഞ്ഞില്ല. പറയാറാകുമ്പോ മുഖ്യമന്ത്രി പറയും എന്ന പാർട്ടി കൂറ് ആ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു. പാർട്ടി നല്ല ഐക്യത്തിലാണെന്ന് വ്യക്തം.
മറ്റൊരു തമാശ. ഭരണം ഞാണിന്മേൽ തൂങ്ങുമ്പോൾ മാതൃഭൂമി പത്രം ഇന്നലെ പൊടിപ്പും തൊങ്ങലും വെച്ച് സ്വന്തം ചാനലിൽ അതൊരു ആഘോഷമാക്കിയപ്പോൾ ഇന്ന് ശ്രേയംസ് കുമാർ സ്വന്തം ചെവിയുടെ വലുപ്പം നോക്കി അത്രയും ഒരു ചെറിയ വാർത്ത വലിയ മുഖത്ത് പ്രതിഷ്ഠിച്ചു കോമാളിയായി. മുഖത്തേക്കാൾ വലുതായിരുന്നു ഇന്നലെ ചെവി.ഇന്ന് കൂപമണ്ഡൂകം!. 30 കോടിയിൽ എത്ര വീഴും എന്ന് നോക്കിയായിരിക്കും ഇന്നത്തെ പ്രകടനം. എന്തതിശയമേ ദൈവത്തിന്‍ സ്നേഹം! എന്നും പറഞ്ഞ് ശക്തി പരിഹസിക്കുന്നു.
ഓരോ സി പി എം പ്രവർത്തകനും പാർട്ടി കേസു കൊടുക്കാത്തതിൽ എന്തെന്നില്ലാത്ത ദു:ഖമുണ്ട്. അവർക്ക് പാർട്ടിയുടെ സ്റ്റാൻ്റ് വിശദീകരിക്കാൻ കഴിയുന്നില്ല. ഏതാണ്ട് ബംഗാളിലെ സി പി എം പ്രവർത്തകരുടെ അവസ്ഥയിലാണ് കേരളത്തിലെ സി പി എമ്മുകാർ.
എന്നാ താൻ കൊണ്ട് കേസു കൊട് എന്ന സിനിമ പോലെ ഓരോ സി പി എമ്മു കാരനും നിമ്മിളിക്കുന്നു.
https://www.facebook.com/Malayalivartha