റവന്യുമന്ത്രി കെ.രാജനെയും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും വെല്ലുവിളിച്ച് മുൻ മന്ത്രി എം എം മണിയുടെ അശ്വമേധം ഇടുക്കിയിൽ....സി പി എമ്മിൻ്റെ അമ്യൂസ്മെൻ്റ് പാർക്ക് നിർമ്മാണം തടയാൻ ശ്രമിച്ചാൽ സി പി ഐ യെ ജീവനോടെ കുഴിച്ചുമൂടുമെന്നാണ് മണിയാശാൻ്റെ ഭീഷണി.....കാനത്തിനും മന്ത്രി കെ രാജനും ഇടുക്കി ജില്ലയിൽ അപ്രഖ്യാപിത വിലക്കാണ്.....
റവന്യു വകുപ്പിന്‍റെ സ്റ്റോപ് മെമ്മോ അവഗണിച്ചാണ് മൂന്നാറില്‍ സിപിഎം അമ്യൂസ്മെന്‍റ് പാര്‍ക്ക് നിര്‍മ്മാണം തുടങ്ങിയത്. സ്റ്റോപ് മെമ്മോയ്ക്കെതിരെ ജനകീയ പ്രതിഷേധ സമിതി ചേര്‍ന്ന ശേഷമാണ് പാര്‍ക്ക് നിര്‍മ്മാണം തുടങ്ങിയത്. സൂര്യന് കീഴിലുള്ള ഏത് ശക്തികൾ തടയാൻ വന്നാലും അമ്യൂസ്മെന്‍റ് പാർക്കിന്‍റെ നിർമ്മാണ പ്രവർത്തനവുമായി മുന്നോട്ട് പോകുമെന്ന് എം എം മണി എംഎൽഎ വെല്ലുവിളിച്ചു.
മുതിരപ്പുഴയുടെ തീരത്ത് മുന്നാര്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് അമ്യൂസ്മെന്‍റ് പാർക്കിന്‍റെ നിര്‍മ്മാണം നടക്കുന്നത്. റവന്യു തര്‍ക്കമുള്ള ഭൂമിയായതിനാല്‍ നിര്‍മ്മാണ പ്രവർത്തനങ്ങള്‍ക്ക് റവന്യു വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. അനുമതി നല്‍കാൻ കഴിയില്ലെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവുമിറക്കി. ഇതിനെയെല്ലാം വെല്ലുവിളിച്ചാണ് നിര്‍മ്മാണം തുടങ്ങിയിരിക്കുന്നത്. സിപിഎം എംഎല്‍എമാരായ എ രാജയുടെയും എംഎം മണിയുടെയും സാന്നിധ്യത്തിലായിരുന്നു ഉത്തരവ് ലംഘിച്ചത്. സിപിഎം പ്രവര്‍ത്തകരെ ഉള്‍കൊള്ളിച്ച അമ്യൂസ്മെന്‍റ് പാര്‍ക്ക് സംരക്ഷണ സമിതിയെന്ന സംഘടനയുണ്ടാക്കി പ്രതിരോധം സൃഷ്ടിച്ചായിരുന്നു നീക്കം.
ഉത്തരവ് ലംഘിച്ചത് ഗൗരവത്തോടെയാണ് റവന്യു വകുപ്പ് കാണുന്നത്. റവന്യുസംഘം സ്ഥലം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കും. കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ആവശ്യമെങ്കില്‍ നിലവിലെ സ്ഥിതിഗതികള്‍ കോടതിയെ അറിയിക്കാനാണ് റവന്യു ഉദ്യോഗസ്ഥരുടെ തീരുമാനം. റവന്യു വകുപ്പിനെ പോകാൻ പറ എന്നാണ് മണിയുടെ ഭീഷണി .
ഹൈക്കോടതി സുരക്ഷയുടെ പേരില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ ജലാശയത്തിന് സമീപത്ത് സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സിപിഐ ജില്ലാ കമ്മറ്റി കഴിഞ്ഞ കുറെ നാളുകളായി ആരോപണം ഉന്നയിക്കുന്നുണ്ട്.
കഴിഞ്ഞ എല്‍ഡിഎഫ് സർക്കാരിൻ്റെ കാലത്താണ് മന്ത്രിയായിരുന്ന എം എം മണിയുടെ നേതൃത്വത്തില്‍ മൂന്നാറിൽ രാമസ്വാമി അയ്യർ ഹെഡ്‍വർക്ക്സ് ജലാശയത്തിന് സമീപത്ത് കുട്ടികള്‍ക്ക് വിനോദത്തിനായി പാര്‍ക്ക് നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ ഇതിന്‍റെ മറവില്‍ ഇവിടെയുള്ള വന്‍ മരങ്ങള്‍ മുറിക്കുകയും വലിയ തോതില്‍ മണ്ണ് മാറ്റി സ്ഥലത്തിന്‍റെ ഘടന തന്നെ നശിപ്പിക്കുകയാണെന്നും സിപിഐ ജില്ലാ കമ്മിറ്റിയംഗം റ്റി എം മുരുകൻ ആരോപിച്ചു.
ബ്രിട്ടീഷ് കാലഘട്ടത്തില്‍ മൂന്നാറിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള പഴയ മൂന്നാറിൽ രാമസ്വാമി അയ്യർ ഹെഡ്‍വർക്ക്സ് ജലാശയം നിർമ്മിച്ചത്. തുടർന്ന് വർഷങ്ങൾക്ക് ശേഷം ഇവിടെ വൈദ്യുതി ഉത്പാദിപ്പിക്കാനായി ടണൽ നിർമ്മിച്ചു. തുടര്‍ന്ന് ഇവിടെ നിന്നും ജലം പൈപ്പ്ലൈൻ വഴി പള്ളിവാസൽ ജലവൈദ്യുത പദ്ധതിയിലെത്തിച്ചാണ് വൈദ്യുതി നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.
പിന്നീട് മൂന്നാർ , ടൂറിസം മാപ്പിൽ ഇടംനേടിയതോടെ ഡാം പരിസരത്ത് വൈദ്യുതിവകുപ്പ് ഹൈഡൽ ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ പൂന്തോട്ടം നിർമ്മിച്ചു. മരങ്ങൾ വെട്ടിമാറ്റാതെ സമീപങ്ങളിൽ കുട്ടികൾക്ക് വിനോദത്തിനായി ഊഞ്ഞാലും ഇരിപ്പിടങ്ങളും നിർമ്മിച്ചു. എന്നാല്‍ എംഎം മണി മന്ത്രിയായതോടെ പാർക്ക് വിപുലീകരിക്കാൻ പദ്ധതികൾ തയ്യറാക്കി. ഇതോടെ പാർക്കിലെ നിര്‍മ്മാണ പ്രവർത്തനങ്ങൾ പാർട്ടിയുടെ ഉടമസ്ഥതയിലുള്ള സൊസൈറ്റിക്ക് കൈമാറിയതായി സിപിഐ ആരോപിച്ചു. പാർട്ടിയുടെ ഉന്നത നേതാവിന്‍റെ ഉടമസ്ഥതയിലുള്ള സൊസൈറ്റി പാർക്ക് വിപുലീകരണത്തിന്‍റെ പേരിൽ മരങ്ങൾ വെട്ടിനശിപ്പിച്ച് ഡാമിന്‍റെ അതീവ സുരക്ഷ മേഖലയിൽ മണ്ണിട്ട് നിരത്തി കെട്ടിടങ്ങൾ നിർമ്മിക്കുകയാണെന്ന് റ്റി എം മുരുകൻ ആരോപിച്ചു.
പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള മുതിരപ്പുഴയിൽ നിന്നും യന്ത്രങ്ങളുടെ സഹായത്തോടെ മണൽ കോരിയെടുക്കുന്നതായും സിപിഐ ആരോപിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ജലാശയത്തിന്‍റെ അതീവ സുരക്ഷമേഖലയിൽ യാതൊരുവിധ നിർമ്മാണപ്രവർത്തനങ്ങളും പാടില്ലെന്നാണ്. എന്നാൽ, കോടതി ഉത്തരവുകളെ പോലും കാറ്റിൽപറത്തിയാണ് സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് എഐവൈഎഫ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.
വൈദ്യുതി മന്ത്രിയായിരുന്ന എം എം മണിയുടെ നടപടി റവന്യു മന്ത്രി കെ രാജൻ റദ്ദാക്കിയിരുന്നു. സി പി എം - സി പി ഐ തർക്കം പുതിയ മേഖലകളിലേക്ക് വഴിതിരിച്ചു വിട്ടു കൊണ്ടാണ് മന്ത്രി രാജനും മണിയാശാനും കൊമ്പുകോർത്തത്. മുഖ്യമന്ത്രിയുടെ കൂടി അറിവോടെ കെഎസ്ഇബിക്ക് നൽകിയ സ്ഥലമാണ് തിരിച്ചെടുക്കാൻ തീരുമാനിച്ചത്.. സി പി എം നിർമ്മിക്കുന്ന അമ്യൂസ്മെൻറ് പാർക്കിനാണ് സ്ഥലം വിട്ടു നൽകിയത്. എന്നാൽ തിരിച്ചെടുക്കലിന് പുല്ലുവിലയാണ് ആശാൻ കൽപ്പിച്ചത്.
മൂന്നാറിലെ ഹൈഡൽ പാര്‍ക്ക് നിര്‍മ്മാണത്തിനാണ് എന്‍ഒസി നിഷേധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്. ഇടുക്കിയിലെ നിര്‍മ്മാണ നിരോധനം അടക്കമുള്ള കോടതി ഉത്തരവുകൾ നിലനിൽക്കുന്നതിനാൽ എൻഒസി നൽകാനാവില്ലെന്ന് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി എ ജയ്തിലക് ഐഎഎസിന്റെ ഉത്തരവിൽ പറഞിരുന്നു. എ.ജലതിലകിന് മന്ത്രി അനുവദിച്ച സ്ഥലം റദ്ദാക്കാനാവില്ല. ഫയൽ റവന്യുമന്ത്രി കെ.രാജൻ കണ്ടിട്ടുണ്ട്.
അനുമതി റദ്ദാക്കാൻ റവന്യൂ വകുപ്പ് മൂന്ന് കാരണങ്ങളാണ് ചൂണ്ടിക്കാണിച്ചത്.. ഒന്ന്, ഇടുക്കി ജില്ലയിൽ നിലനിൽക്കുന്ന നിര്‍മ്മാണ നിരോധന ഉത്തരവിന് വിരുദ്ധമായാണ് പാര്‍ക്കിന്റെ പണികൾ നടന്നത്. രണ്ട്, മുതിരപ്പുഴയാറിന്റെ അമ്പത് വാര പരിധിയിൽ നിര്‍മ്മാണങ്ങൾ പാടില്ലെന്ന ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകൾ ലംഘിച്ചു. മൂന്നാമത്തെ കാരണം റോഡ്, കുടിവെള്ള പദ്ധതി പോലെ അടിയന്തിരമായി നടപ്പാക്കേണ്ട പദ്ധതിയല്ല എന്നത്. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കാണ് പഴയ മൂന്നാറിലെ കെഎസ്ഇബിയുടെ സ്ഥലത്ത് ഹൈഡൽ പാര്‍ക്ക് പണിയുന്നത്.
ഹൈഡൽ പാര്‍ക്കിനായി ഭൂമി വിട്ടുകൊടുത്തതിൽ പ്രശ്നങ്ങൾ ഉണ്ടെന്ന കെഎസ്ഇബി ചെയര്‍മാന്റെ ഫേബുക്ക് പോസ്റ്റ് നേരത്തെ വൻ ചര്‍ച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. നിര്‍മ്മാണം സംബന്ധിച്ച് റവന്യൂവകുപ്പ് കൂടി തടസ്സം നിൽക്കുന്നതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിലായിരുന്നു.. കെ എസ് ഇ ബി ചെയർമാനെ നിയമിച്ചത് സി പി എം ആണ്. സ്ഥലം നിലനിർത്താൻ അദ്ദേഹം കഷ്ടപ്പെട്ടങ്കിലും ഫലമുണ്ടായില്ല.
എം എം മണി വൈദ്യുതി മന്ത്രിയായിരുന്ന 2017 ലാണ് കെഎസ്ഇബി ഹൈഡൽ പാർക്കിനോട് ചേർന്നുള്ള ഭൂമി ബാങ്കിന് കൈമാറിയത്. പതിനേഴര ഏക്കർ ഭൂമിയിൽ നാലരയേക്കറാണ് നൽകിയത്. വരുമാനത്തിന്‍റെ 21 ശതമാനം ആദ്യ ഘട്ടത്തിലും കാലവധി പൂർത്തിയാകുന്ന വർഷം 31 ശതമാനവും നൽകണമെന്നാണ് കരാർ. ഹൈക്കോടതി വിധിയെ തുടർന്ന് നിർമ്മാണ നിരോധനം നിലനിൽക്കുന്ന സ്ഥലത്ത് റവന്യൂ വകുപ്പിന്‍റെ എൻഒസി ഇല്ലാതെ അമ്യൂസ്മെൻറ് പാർക്കിൻറെ പണികൾ തുടങ്ങി. മുൻ ജില്ലാ കളക്ടർ മൗനാനുവാദവും നൽകി. തണ്ണീർത്തടവും അണക്കെട്ടിൻറെ സംഭരണിയും മണ്ണിട്ട് നികത്തിയതോടെ കോൺഗ്രസ് നേതാവായ രാജാറാം ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ ഹൈക്കോടതി ഇടപെട്ട് നിർമ്മാണം തടഞ്ഞു.
പത്ത് കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ തുടങ്ങിയത്. ഇതിനായി വിദേശത്ത് നിന്നും സാധനങ്ങൾ എത്തിക്കുകയും ചെയ്തു. രണ്ടാം ഘട്ടത്തിലെ പത്തു കോടി രൂപയുടെ പദ്ധതിയിൽ ബിയർ ആൻറ് വൈൻ പാർലറും മിനി തിയേറ്ററും നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. കെഎസ്ഇബി ഭൂമി കൈമാറ്റത്തിലുൾപ്പെടെ കഴിഞ്ഞ സർക്കാരിൻറെ കാലത്ത് നടപടികൾ പൂർത്തിയാക്കിയില്ലെന്ന് ആരോപണം ഉയരുന്ന സ്ഥലങ്ങളിലൊന്നാണിത്.
വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി സ്ഥലം വിട്ടുകൊടുക്കാതിരിക്കാൻ അദ്ദേഹത്തിൻ്റെ കഴിവിൻ്റെ പരമാവധി ശ്രമിച്ചു. എന്നാൽ റവന്യുമന്ത്രി വഴങ്ങിയില്ല. കാനം രാജേന്ദ്രനുമായി ചർച്ച ചെയ്താണ് റവന്യുമന്ത്രി ഇങ്ങനെയൊരു തീരുമാനം എടുത്തത്. സി പി എം ഇക്കാര്യത്തിൽ കാനവുമായി സംസാരിച്ചിട്ടില്ല. സംസാരിച്ചി്ട്ട് ഫലമില്ലെന്ന് അവർ കരുതുന്നു.അങ്ങനെയാണ് കാനത്തെ വെട്ടാൻ മണിയാശാൻ തീരുമാനിച്ചത്.
മുൻ മന്ത്രി എം.എം.മണിയുടെ ഭീഷണി ഭയന്ന് ഐ എ എസ് ഉദ്യോഗസ്ഥർ പോലും സംസാരിക്കാറില്ല. അടുത്തിടെയാണ് ഐ എ എസ് ഉദ്യോഗസ്ഥനായ യുവാവ് മണിയെ
പേടിച്ച് സ്ഥലം വിട്ടത്. യുവ ഐഎഎസ് ഉദ്യോഗസ്ഥനായ ദേവികുളം സബ് ഇൻസ്പെക്ടർ രാഹുൽക്യഷ്ണ ശർമ്മയാണ് ഭയം കാരണം സ്ഥലം വിട്ടത്. തെമ്മാടി എന്ന് വിളിച്ചാണ്
മുൻ മന്ത്രി മണി രാഹുലിനെ അപമാനിച്ചത്. കൈ വയ്ക്കുമെന്നും ഭീഷണിപെടുത്തി. സി പി എമ്മിൻ്റെ പ്രമുഖനേതാവ് ഭീഷണിപെടുത്തിയപ്പോൾ ഇതര സംസ്ഥാനക്കാരനായ ഐ എ എസുകാരൻ ഭയന്നത് സ്വാഭാവികം മാത്രം.
ഭൂപതിവ് ചട്ടലംഘനത്തില്‍ സബ്കളക്ടർ ശക്തമായ നടപടിയെടുത്തതാണ് മണിയെ പ്രകോപിപ്പിച്ചത്. തുടർന്ന് ദേവികുളം സബ് കളക്ടര്‍ നീണ്ട അവധിയില്‍ പ്രവേശിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ അവധിയില്‍ പ്രവേശിക്കുകയാണെന്നാണ് സബ് കളക്ടര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ്മ പറയുന്നതെങ്കിലും പിന്നില്‍ എംഎം മണിയടക്കം നടത്തിയ വിമര്‍ശനങ്ങളാണ് കാരണമെന്നാണ് വിലയിരുത്തല്‍.
ദേവികുളം താലൂക്കില്‍ നിലനിന്നിരുന്ന ഭൂവിഷയുമായി ബന്ധപ്പെട്ട് കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് സബ് കളക്ടര്‍ നടപടികള്‍ സ്വീകരിച്ചുവന്നത്. ഇതിന്‍റെ ഭാഗമായി മൂന്നാറിലും സമീപ പ്രദേശങ്ങളിലും നടത്തിയ നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നതിന് സബ് കലക്ടര്‍ നോട്ടീസ് നല്‍കുകയും ചെയ്തു. എം എം മണിയുടെ സഹോദരന്‍ ലംബോദരന്‍റെ തോക്കുപാറയ്ക്ക് സമീപം ആരംഭിച്ച പാര്‍ക്കിനെതിരെയും നടപടിയുണ്ടായി. തുടര്‍ന്ന് സി പി എം പാര്‍ട്ടി നേത്യത്വം പ്രശ്‌നത്തില്‍ ഇടപെടുകയും താലൂക്കിലെ ഭൂമി പ്രശ്‌നങ്ങളില്‍ താല്കാലിക ഇടപെടല്‍ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് സെപ്ടബര്‍ 26 ന് ജില്ലയിലെത്തിയ മുഖ്യമന്ത്രി ഭൂപതിവ് ചട്ട ഭേതഗതി സര്‍ക്കാരിന്‍റെ പരിഗണനയില്‍ ഉള്ളതിനാല്‍ പരിശോധനകള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. എന്നാല്‍, റവന്യുവകുപ്പിന്‍റെ നേത്യത്വത്തില്‍ നിയമ ലംഘനം കണ്ടെത്തിയ കെട്ടിടങ്ങള്‍ക്ക് നോട്ടീസ് നല്‍കുന്നത് ജില്ലയില്‍ തുടര്‍ന്നു. ഇതിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്ന പ്രദേശിക സി പി എം നേത്യത്വം ദേവികുളം ആ ര്‍ഡി ഒ ഓഫീസ് ഉപരോധിച്ചു. മുഖ്യമന്ത്രി എഴുതി നൽകാത്തതാണ് ജില്ലാ കളക്ടറെ ബുദ്ധിമുട്ടിച്ചത്. മുഖ്യമന്ത്രിയുടെ ഉത്തരവ് തത്കാലം അനുസരിക്കേണ്ടതില്ലെന്ന് സി പി ഐ നേതൃ ത്വവും കളക്ടറെ അറിയിച്ചു. റവന്യുമന്ത്രി പറഞ്ഞതാണ് കളക്ടർ അനുസരിച്ചത്.
ഉപരോധം ഉദ്ഘാടനം ചെയ്ത എംഎം മണി ദേവികുളം സബ് കലക്ടര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ്മയെ തെമ്മാടിയാണെന്നും പെൺകുട്ടികളെ ബലാൽസംഗം ചെയ്ത് കൊല്ലുന്ന യു പി യിൽ നിന്നുള്ളവനാണ് സബ് കലക്ടറെന്നും അതിക്ഷേപിച്ചു. നോട്ടീസ് കൊടുക്കുന്നത് തുടര്‍ന്നാല്‍ ജനങ്ങള്‍ പ്രതികരിക്കുമെന്നും അദ്ദേഹം സബ് കളക്ടറെ താക്കീത് ചെയ്തു. നിരവധി ഐ എ എസുകാർ ഇത്തരത്തിൽ ദേവികുളത്ത് നിന്നും തെറിച്ചിട്ടുണ്ട്.മണിയുടെ പ്രീതി ഇല്ലെങ്കിൽ ദേവികുളത്ത് ജീവിക്കാൻ കഴിയില്ല. അത് ഗവർണറുടെ പ്രീതിയെക്കാൾ വലുതാണ്.
ഇടുക്കിയിലെ ഭൂമി മാഫിയക്കും കയ്യേറ്റക്കാര്‍ക്കും എതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ച ദേവികുളം സബ് കളക്ടര്‍ ഡോ. രേണുരാജാണ് ഇതിന് മുമ്പ് തെറിച്ചത്. ചുമതലയേറ്റെടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് രേണു രാജ് സ്ഥലം മാറിയത്. പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായാണ് രേണുരാജിനെ നിയമിച്ചിരിക്കുന്നത്.
ഇടുക്കിയിലെ മുന്‍ എംപിയും ഇടതുനേതാവുമായ ജോയ്‌സ് ജോര്‍ജ്ജിന്റെയും കുടുംബത്തിന്റെയും പേരിലുള്ള കൊട്ടക്കമ്പൂരിലുള്ള ഭൂമിയുടെ പട്ടയം സബ്കളക്ടര്‍ രേണുരാജ് റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് സബ് കളക്ടറെ ഏതു നിമിഷവും മാറ്റുമെന്ന് അഭ്യൂഹം നിലനിന്നിരുന്നു. ദേവികുളം മേഖലയിലെ കയ്യേറ്റ മാഫിയയെക്കെതിരെ അതിശക്തമായ നിലപാടാണ് രേണു രാജ് സ്വീകരിച്ചത്.
കയ്യേറ്റക്കാര്‍ക്കെതിരെയും അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ച രേണുരാജിനെതിരെ സിപിഎം നേതാക്കള്‍ക്കിടയില്‍ വ്യാപക പരാതിയും ഉയര്‍ന്നിരുന്നു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ പേരില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയുമായി രേണു രാജ് കൊമ്പുകോര്‍ത്തു. സബ് കളക്ടര്‍ ബുദ്ധിയില്ലാത്തവളാണെന്ന് എസ് രാജേന്ദ്രന്‍ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. മൂന്നാര്‍ പഞ്ചായത്ത് ചട്ടം ലംഘിച്ച് നിര്‍മ്മിച്ച ഷോപ്പിംഗ് കോംപ്ലക്‌സിന് രേണുരാജ് സ്റ്റോപ്പ് മെമ്മോ നല്‍കിയും ഏറെ വിവാദമായിരുന്നു.
ജോയ്‌സ് ജോര്‍ജ്ജിന്റെ കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നടപടിയുടെ പേരില്‍ സ്ഥാനംമാറ്റപ്പെടുന്ന രണ്ടാമത്തെ സബ് കളക്ടറാണ് രേണു രാജ്. വി ആര്‍ പ്രേംകുമാറാണ്, കൊട്ടക്കമ്പൂരില്‍ നടപടിക്ക് മുതിര്‍ന്നതിനെ തുടര്‍ന്ന് തൊട്ടുമുമ്പ് സ്ഥലംമാറ്റപ്പെട്ടത്. ഭൂമാഫിയ ശക്തമായ ദേവികുളത്ത് അഞ്ചു വര്‍ഷത്തിനിടെ 15 സബ് കലക്ടര്‍മാരാണ് വന്നു പോയത്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് പേരെയാണു മാറ്റിയത്. സബിന്‍ സമീദ്, എന്‍ടിഎല്‍ റെഡ്ഡി, ശ്രീറാം വെങ്കിട്ടരാമന്‍, വി.ആര്‍. പ്രേംകുമാര്‍, ഡോ. രേണു രാജ് എന്നിവരാണ് ഇതുവരെ സ്ഥലംമാറ്റപ്പെട്ടവര്‍.
മൂന്നാര്‍ ടൗണില്‍ കയ്യേറ്റം ഒഴിപ്പിച്ച് കെട്ടിടം പൊളിച്ചു മാറ്റിയതിനു പിന്നാലെ മൂന്നാം ദിവസം സബിന്‍ സമീദിനെ സ്ഥലം മാറ്റി. ഒരു മാസം തികച്ചു പോലും കസേരയില്‍ ഇരിക്കാന്‍ എന്‍ടിഎല്‍ റെഡ്ഡിയെ അനുവദിച്ചില്ല. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരിലും കൊട്ടാക്കമ്പൂര്‍, വട്ടവട വില്ലേജുകളിലെ ഭൂരേഖകളുടെ പരിശോധനയുടെ പേരിലുമാണ് ശ്രീറാം വെങ്കിട്ടരാമന്‍ മുൻമന്ത്രി എംഎം മണി, എസ് രാജേന്ദ്രന്‍ എംഎല്‍എ, ജോയ്‌സ് ജോര്‍ജ്ജ് മുന്‍ എംപി, സിപിഎം ഇടുക്കി ജില്ലാ നേതൃത്വം തുടങ്ങിയവരുടെ കണ്ണിലെ കരടായത്. തുടര്‍ന്നെത്തിയ സബ് കളക്ടര്‍ വി ആര്‍ പ്രേംകുമാറും സ്വാധീനങ്ങള്‍ക്ക് വഴങ്ങാതായതോടെ, അധികകാലം ദേവികുളത്ത് തുടരാനായില്ല. ഇതാണ് ദേവികുളത്തിൻ്റെ അവസ്ഥ .
ദേവികുളം സബ് കളക്ടർ വാഴാത്ത സ്ഥലമായി മാറിയിരിക്കുകയാണ്. സബ് കളകടർമാർ യുവ ഉദ്യോഗസ്ഥർ ആയതിനാൽ അവർ ശുപാർശകൾക്ക് വഴങ്ങാറില്ല. സി പി എം നേതാക്കളെ ഇതാണ് പ്രകോപിപ്പിക്കുന്നത്. എം എം മണിയാണ് ഇതിൽ കൂടുതൽ ഉപദ്രവമുണ്ടാക്കുന്നത്. മുമ്പ് ദേവികുളം സബ് കളക്ടറെ മാറ്റിയ വിഷയത്തിൽ അന്നത്തെ റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വേണുവും സർക്കാരും തമ്മിലുടക്കിയിരുന്നു. അങ്ങനെ വേണുവിനെ റവന്യു സെക്രട്ടറി തലത്തിൽ നിന്നും മാറ്റി . സർവേ ഡയറക്ടർ വി. ആർ. പ്രേം കുമാറിനെ നീക്കിയതിൽ പ്രതിഷേധിച്ച് റവന്യു മന്ത്രിയെ ധിക്കരിച്ച് വേണു മുഖ്യമന്ത്രിക്ക് കത്ത് നൽകിയ സാഹചര്യത്തിലാണ് അദ്ദേഹത്തെ മാറ്റിയത്. അന്നത്തെ മന്ത്രി ചന്ദ്രശേഖരൻ മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കാനം രാജേന്ദ്രന്റെ അനുമതി മന്ത്രിക്ക് ലഭിച്ചിരുന്നു.
2014 ലെ കേന്ദ്ര പഴസ്ണൽ മന്ത്രാലയത്തിന്റെ ഉത്തരവിൽ ഒരു ഉദ്യോഗസ്ഥന് കുറഞ്ഞത് രണ്ട് വർഷമെങ്കിലും ഒരു തസ്തികയിൽ അവസരം നൽകണമെന്ന് നിർദ്ദേശമുള്ളപ്പോഴാണ് ഉദ്യോഗസ്ഥരെ അടിക്കടി മാറ്റിയത്.ഇതിന് ശേഷം ഉണ്ടായ ഏറ്റവും വലിയ വിവാദമാണ് ഇപ്പോൾ ദേവികുളത്ത് തകർക്കുന്നത്. ദേവികുളം ജോലി ചെയ്യാൻ കഴിയാത്ത സ്ഥലമാണെന്ന് ഐഎഎസുകാരെല്ലാം പറഞ്ഞു തുടങ്ങിയിരിക്കുന്നു.
ഇങ്ങനെയുള്ള സെൻസിറ്റീവ് മേഖലയിലാണ് ഇപ്പോൾ മണിയാശാൻ താണ്ഡവം തുടങ്ങിയിരിക്കുന്നത്. കാനം രാജേന്ദ്രനും കെ രാജനുമൊക്കെ ജീവനും കൊണ്ട് രക്ഷപ്പെട്ടില്ലെങ്കിൽ മണി പല്ലടിച്ച് തെറുപ്പിക്കുമെന്നാണ് ആശാൻ്റെ വിശ്വസ്തർ പാടി നടക്കുന്നത്.
https://www.facebook.com/Malayalivartha