കള്ളപട്ടയം പിടിച്ചും, കയ്യേറ്റം നടത്തിയും മൂന്നാറിനെ കൊള്ളയടിക്കുന്നവരുടെ മുന്നില്‍ എം.എല്‍.എ. രാജേന്ദ്രനും, സര്‍ക്കാരും കണ്ണുതുറക്കണം
എല്‍.ഡി.എഫിലും, സി.പി.എമ്മിലും അഗ്നിപര്‍വ്വതമായി പുകയുകയാണ് മൂന്നാര്‍. ദേവികുളം എം.എല്‍.എ. എസ്. രാജേന്ദ്രന്‍ വാദിക്കുന്നത് കയ്യേറ്റക്കാര്‍ക്കു വേണ്ടിയാണെന്ന് വെട്ടിത്തുറന്നു പറഞ്ഞ് വി.എസ്. പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. എസ്. രാജേന്ദ്രന്‍ എം.എല്‍.എ. യുടെ ഭൂമിക്ക് പട്ടയമില്ലെന്ന വിവരാവകാശ രേഖ വന്‍ വിവാദത്തിലേക്ക് മുഖ്യമന്ത്രിയെ തളച്ചിടുന്നു. രാജേന്ദ്രന്‍ എം.എല്‍.എ. യെ ഇതുവരെ പിന്തുണച്ചിരുന്ന മുഖ്യമന്ത്രി കൂടുതല്‍ പ്രതിരോധത്തിലേക്ക് നീങ്ങുന്നു. അനധികൃതമായി കെ.എസ്.ഇ.ബി. ഭൂമി കൈവശം വച്ചിരിക്കുന്ന എം.എല്‍.എ. ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ന് ആവശ്യമുയര്‍ന്നു കഴിഞ്ഞു.
മൂന്നാറിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരുടെ കൈ വെട്ടും കാല്‍ വെട്ടും രണ്ടു കാലില്‍ നടക്കാന്‍ അനുവദിക്കില്ല എന്നെല്ലാം പറയുന്നവര്‍ ഭൂമാഫിയ നേതാക്കളെന്ന് വി.എസ്. വെട്ടിത്തുറന്ന് പറയുന്നു. ഭൂമാഫിയാ ഗുണ്ടകളുടെ നിലവാരമുള്ളവരെ ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞത് കൊള്ളേണ്ടിടത്തു കൊള്ളാന്‍ വേണ്ടി തന്നെ. മൂന്നാറില്‍ കയ്യേറ്റമില്ലെന്ന് എനിക്കുറപ്പുണ്ട്. പണ്ടുവന്ന പൂച്ചകളെയെല്ലാം ഞങ്ങള്‍ ഓടിച്ചതാണ്. അതിലൊരു പൂച്ച സുരേഷ്‌കുമാര്‍ ഈയിടെ മൂന്നാറില്‍ വന്നിരുന്നു. അയാളാണോ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നു മന്ത്രി എം.എ. മണി തിരിച്ചടിച്ചു.
നേതാക്കളുടെ ആരോപണപ്രത്യാരോപണങ്ങള്‍ കൊണ്ടൊന്നും സത്യം പുറത്തുവരില്ല. കേരളത്തിന്റെ പ്രകൃതി സമ്പത്താണ് മൂന്നാര്‍. കൈയ്യേറ്റക്കാരുടെ കോടാലികളില്‍ അവിടുത്തെ മരങ്ങളൊക്കെ മുറിഞ്ഞുവീണു. കുന്നുകള്‍ ഇടിച്ചുനിരത്തി. രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശയില്‍ ഒരു പ്രദേശമാകെ അനധികൃതമായി വെട്ടിപ്പിടിക്കുന്നു. അവര്‍തന്നെ പട്ടയവും ഉണ്ടാക്കുന്നു. നിയമം അവര്‍ തന്നെ കൈയ്യിലെടുക്കുന്നു.
ഇതാണ് മൂന്നാര്‍.
2000 മുതല്‍ 2003 വരെ എ.കെ. മണി താലൂക്ക് ലാന്‍ഡ് അസൈന്‍മെന്റ് കമ്മറ്റി ചെയര്‍മാനായിരുന്ന കാലത്ത് ഭൂമി കൈയ്യേറ്റ വിവാദങ്ങളെത്തുടര്‍ന്ന് അസൈന്‍മെന്റ് കമ്മറ്റി കൂടേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ കമ്മറ്റിയില്‍ നിന്നാണ് തനിക്കു പട്ടയം ലഭിച്ചതെന്ന രാജേന്ദ്രന്റെ വാദം പച്ചക്കള്ളമാണ്. 1999-2000 കാലഘട്ടത്തിലാണ് ഇതു നടന്നതെന്ന് എം.എല്‍.എ. പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ല. മൂന്നാര്‍ ടൗണിനു സമീപം ഇക്കാ നഗറില്‍ രാജേന്ദ്രനും സി.പി.എം. നേതാക്കളും കൈയ്യേറിയത് പത്തേക്കറോളം വൈദ്യുതി ബോര്‍ഡിന്റെ ഭൂമിയാണ്. മൂന്നാര്‍ ഭൂമികൊള്ള കേരളം കണ്ടതില്‍ വച്ചേറ്റവും വലിയ ഭൂമി കയ്യേറ്റമാണ്. ശക്തമായ നടപടികളാണ് കേരളം പ്രതീക്ഷിക്കുന്നത്. കൊള്ളയ്ക്കും കൈയ്യേറ്റത്തിനും, ഗുണ്ടായിസത്തിനും രാഷ്ട്രീയത്തിന്റെ നിറം നോക്കരുത്. സംസ്ഥാനത്തിന്റെ ഭൂമി സമ്പത്ത് സുരക്ഷിതമാക്കേണ്ടത് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്വമാണ്.
https://www.facebook.com/Malayalivartha