ജനതയെയും മൂല്യത്തെയും രക്ഷിക്കാനല്ല നരബലികള്‍ : ഒരു അവലോകനം
നരബലികള്‍ സത്യത്തില്‍ എന്തിനാണ് നടത്തുന്നത് ? ഒരു ജനതയെയും രക്ഷിക്കാനല്ല എന്ന കാര്യത്തില്‍ നമ്മുക്ക് ഉറപ്പിക്കാം . രാഷ്ട്രീയ കൊലപാതകം എന്നത് ഒരു വിശുദ്ധപദമല്ല. രാഷ്ട്രീയമെന്നത് ജനാധിപത്യ സമൂഹത്തിലെ വ്യവഹാരമായിരിക്കെ ഏറ്റവും അശുദ്ധവും വര്‍ജ്ജ്യവുമായ പ്രവൃത്തിയാണ് രാഷ്ട്രീയ കൊലപാതകം. യാദൃച്ഛികമായി വികാരത്തള്ളലില്‍ സംഭവിച്ചു പോകുന്ന കുറ്റകൃത്യമല്ല അത്. ആലോചിച്ച് ആസൂത്രണം നടത്തുന്ന പദ്ധതികളാണ്. രാജ്യത്ത് ഏറ്റവുമേറെ രാഷ്ട്രീയ കൊലപാതകം നടന്ന പ്രദേശം കണ്ണൂരായിരിക്കണം. കുപ്രസിദ്ധമായ ഏതു ലഹളയിലും കൂട്ടക്കൊലയിലും കൊലചെയ്യപ്പെട്ടവരുടെ എണ്ണത്തോട് മത്സരിക്കുകയാണ് കണ്ണൂര്‍. പൊടുന്നനെയുണ്ടാകുന്ന ക്ഷോഭങ്ങളുടെ ആളിക്കത്തലുകളാണ് കലാപങ്ങളില്‍ തീക്കാറ്റു പടര്‍ത്തുന്നത്.
കണ്ണൂരില്‍ അതിലും നീചമാണ് കാര്യങ്ങള്‍. ഒറ്റയൊറ്റയായി തക്കം പാത്ത് വെട്ടിയും കുത്തിയും കൊന്നൊടുക്കുന്ന രീതി. ആലോചനയും ആസൂത്രണവും നടത്തിയുള്ള ബോധപൂര്‍വ്വമായ കര്‍മ്മപദ്ധതി. എതിര്‍ രാഷ്ട്രീയത്തിന്റെ വീഴ്ച്ചകളെയും വിദ്വേഷ പ്രകടനങ്ങളെയും നേരിടാന്‍ സ്വന്തവും മാന്യവുമായ പ്രതിരോധ രീതി വികസിപ്പിക്കാന്‍ ഇന്നോളം സാധിച്ചിട്ടില്ല അവിടത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്. നരബലിയുടെ പ്രാകൃതവും ഹീനവുമായ മാര്‍ഗമേയുള്ളു. പിന്‍നോക്കി പ്രസ്ഥാനങ്ങളുടെ പാതതന്നെയാണ് ഇക്കാര്യത്തില്‍ മുന്‍ നോക്കി പ്രസ്ഥാനങ്ങളും സ്വീകരിച്ചുകാണുന്നത്.
കൊലയാളി പാര്‍ട്ടികളെ ജനാധിപത്യ വ്യവഹാരങ്ങള്‍ക്കു പുറത്തു നിര്‍ത്തേണ്ടതാണ്. പക്ഷെ നിയമനിര്‍മാണവും പരിപാലനവും അവരുടെ കൈകളിലാണ്. അതിനകത്ത് ഒതുങ്ങി ജീവിക്കാനേ പൗരന്മാര്‍ ശീലിച്ചിട്ടുള്ളു. പക്ഷെ, വരാനിരിക്കുന്ന അപകടം എത്രയോ ഭീകരമായിരിക്കും. നീചസംഘങ്ങള്‍ക്ക് ജയമോ മരണമോ മാത്രമേ തൃപ്തി നല്‍കൂ. അവസാനത്തെ പോരാട്ടങ്ങളിലേക്കു കടക്കുമ്പോള്‍ അവര്‍ മറ്റെല്ലാം മറക്കും. അധികാരവും ആയുധബലവും ഭ്രാന്തുപിടിച്ചു പൊരുതും. ശക്തിയുള്ള പ്രദേശങ്ങളില്‍ ശക്തികാണിച്ചു വിഭ്രമിപ്പിക്കുന്ന ചോരക്കളി ചൂഷകരുടെ വംശത്തിന് ഉത്സവകാലമാണ്.
പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും ജീവിതങ്ങള്‍ക്കും മഹത്തായ ജനാധിപത്യ സംവിധാനങ്ങള്‍ക്കും അതൊട്ടും ഗുണകരമാവില്ല.ഒരു ജനതയെയും രക്ഷിക്കാനല്ല, ഒരു മൂല്യവും ഉയര്‍ത്തിപ്പിടിക്കാനല്ല ഇപ്പോഴത്തെ നരബലികള്‍. ജനാധിപത്യ ജീവിതത്തിലെ ഹീനമായ കയ്യേറ്റങ്ങളാണവ. നിയമ നിഷേധങ്ങളാണ്. മനുഷ്യാവകാശത്തിന്റെയും മൗലികാവകാശത്തിന്റെയും ലംഘനമാണ്. എല്ലാ ഏറ്റുമുട്ടലുകളും അധികാര പ്രയോഗങ്ങളാണ്.
https://www.facebook.com/Malayalivartha