ഇനിയെങ്കിലും പഠിക്കുമോ പാഠങ്ങള്‍
ഇത്രയേറെ പുരോഗമിച്ച നാട്ടില്‍ കാലാവസ്ഥ പ്രവചനം എല്ലാം കഴിഞ്ഞ് നടത്തിയപ്പോള്‍ വില കൊടുക്കേണ്ടി വന്നത് ആയിരക്കണക്കിന് സാധാരണക്കാരുടെ കണ്ണീരാണ്. നേരത്തെ അറിഞ്ഞില്ലെങ്കില്‍ കടലില്‍ പോകുമായിരുന്നില്ലെന്ന് തൊഴിലാളികള്‍ തന്നെ പറയുന്നുണ്ട്. സംസ്ഥാനത്തെ കുറ്റപ്പെടുത്തി കേന്ദ്രവും പ്രതിപക്ഷവും രംഗത്തെത്തിക്കഴിഞ്ഞു. ഇനിയെങ്കിലും പാഠം ഉള്‍ക്കൊണ്ട് ദുരിതങ്ങള്‍ മുന്‍കൂട്ടികാണേണ്ടതുണ്ട്.
കേരളത്തില്‍ നാശനഷ്ടം വിതച്ച് വ്യാഴാഴ്ച ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് പിറവിയെടുത്തതാണ് ഈ ചുഴലിക്കാറ്റ്. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ് തെക്കന്‍ കേരളത്തിലും തമിഴ്‌നാട്ടിലും നാശം വിതച്ചു. 15 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നു കരുതുന്നു.
ഇത്രയും വലിയ കാറ്റ് ഉണ്ടായിട്ട് അതു സംബന്ധിച്ച് മുന്‍കരുതല്‍ ഒന്നും എടുത്തിരുന്നില്ലെന്നത് ഞെട്ടിപ്പിക്കുന്ന വിവരമാണ്. മുന്നറിയിപ്പൊന്നും ഇല്ലാതിരുന്നതിനാല്‍ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് കേരളതീരത്ത് കടലില്‍ മീന്‍പിടിക്കാന്‍ പോയത്. ഇവര്‍ പുലര്‍ച്ചെതന്നെ കടലില്‍ പോയി. അതിരാവിലെ തന്നെ കാലാവസ്ഥ മാറുകയും കനത്ത കാറ്റു വീശുകയും ചെയ്തു. കടലില്‍ പോയവര്‍ തികച്ചും നിസ്സഹായരായിട്ടുണ്ടാവണം. അവരേക്കാള്‍ നിസ്സഹായാവസ്ഥയിലായത് കരയിലിരിക്കുന്ന ബന്ധുക്കളാണ്. ഉറ്റവരുടെ അവസ്ഥയോര്‍ത്ത് അവരെല്ലാം തേങ്ങുമ്പോള്‍ ഒന്നും ചെയ്യാനാവാതെ അധികൃതര്‍ ഇരിക്കുന്നു.
അധികൃതര്‍ക്കുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഈ അവസ്ഥയിലേക്ക് നയിച്ചതെന്ന് വ്യക്തമാണ്. ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും മുന്‍കൂട്ടി പ്രവചിക്കാവുന്നതാണ്. ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇതില്‍ കാര്യക്ഷമതയുള്ളവരാണ്. ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുവെന്നും അത് ചുഴലിക്കാറ്റിലേക്ക് രൂപാന്തരം പ്രാപിക്കുമെന്നും 29ാം തീയതി തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചതാണ്. സമുദ്രഗവേഷണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും അറിയിച്ചു. കേരളത്തിന്റെ ദുരന്ത നിവാരണ അഥോറിറ്റിക്കും ഈ റിപ്പോര്‍ട്ട് കിട്ടി. അവര്‍ അതിനുമേല്‍ അടയിരുന്നു എന്നു വേണം നടപടിയൊന്നും ഉണ്ടാകാത്തതില്‍ നിന്നു മനസ്സിലാക്കാന്‍. അധികൃതര്‍ വേണ്ട നടപടിയെടുത്തിരുന്നതില്‍ നൂറുകണക്കിനു മനുഷ്യരുടെ ജീവന്‍ അപകടത്തിലാക്കുകയും അവരുടെ ബന്ധുക്കളെ ആശങ്കയിലാക്കുകയും ചെയ്ത ഈ അവസ്ഥ ഉണ്ടാവില്ലായിരുന്നു.
കേരളത്തിന്റെ കാലാവസ്ഥയില്‍ കാര്യമായ മാറ്റം ഉണ്ടാകുന്നു എന്നതാണ് ഈ സംഭവം വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും ഇത്തരം ന്യൂനമര്‍ദ്ദങ്ങളുണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും കേരളതീരത്ത് ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചിരുന്നില്ല. ഇനി അതിനും സാധ്യതയുണ്ടെന്നാണ് ഓഖി ചുഴലിക്കാറ്റ് കേരളീയര്‍ക്ക് നല്‍കുന്ന പാഠം. അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിനു മുന്നില്‍ കേരളം പകച്ചു നില്‍ക്കുന്നതാണ് കഴിഞ്ഞ രണ്ടുദിവസമായി കാണുന്നത്. വലിയ ദുരന്തങ്ങളെ നേരിടാന്‍ നമ്മുടെ സംസ്ഥാനം സജ്ജമല്ലെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം. ഇതും അധികൃതരുടെ കണ്ണുതുറപ്പിക്കുന്നതായിരിക്കണം. കേരളം ചുഴലിക്കാറ്റ് മേഖലയില്‍പെടുന്നു എന്നതു മനസ്സിലാക്കി ഭാവിയില്‍ ഇങ്ങനെയൊരു അവസ്ഥയുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനും മുന്‍കരുതലിനും വേണ്ട സജ്ജീകരണങ്ങള്‍ തയാറാക്കണം.
https://www.facebook.com/Malayalivartha