പ്രണയത്തില്‍ ഒരു പെണ്ണ് ശരീരം പങ്കിടുന്നത് ഇത്ര നിസാരമായിട്ടാണോ?
മലയാള സിനിമയിലെ എക്കാലത്തേയും ധീരയായ സ്ത്രീകഥാപാത്രം ജന്മമെടുക്കാന്‍ ആരുമില്ലാത്ത സമയത്ത് കാമുകനെ വീട്ടില്‍ വിളിച്ചു വരുത്തി കിടക്കപങ്കിട്ടശേഷം അതിലൊന്നും ഒരുകഥയും ഇല്ല എന്നു പറയേണ്ടി വന്നു നായികയ്ക്ക്. അവിടെ വിജയിച്ചത് ആരായിരുന്നാലും പരാജയപ്പെട്ടതു പ്രണയമാണ്. പ്രണയം മാത്രമാണ്. പ്രണയത്തില്‍ ഒരു പെണ്ണ് ഉടല്‍ പങ്കിടുന്നത് ഇത്ര നിസാരമായിട്ടാണോ? ഒരു രാത്രി ഉറങ്ങി എണീല്‍ക്കുമ്പോള്‍ തീരുന്ന, ഒന്നു കുളിച്ചാല്‍ മാഞ്ഞുപോകുന്ന അടയാളങ്ങളെ ആ പങ്കിടല്‍ നല്‍കുന്നുവുള്ളോ? പ്രണയത്തെ കുറിച്ചും സ്ത്രീയെ കുറിച്ചും പ്രമുഖ ഓണ്‍ലൈന്‍ പത്രമായ മംഗളത്തില്‍ അലീന മരിയാ വര്‍ഗ്ഗീസ് എഴുതിയ കുറിപ്പ്.
കുറിപ്പിന്റെ പൂണരൂപം:
സെക്‌സ് ഇസ് നോട്ട് എ പ്രോമീസ്... വല്ലാതെ ഭയപ്പെടുത്തുന്നു ആ വാചകവും അതിനു കിട്ടിയ കൈയടിയും. ആരുമില്ലാത്ത ഒരു രാത്രി മുന്‍കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തി കിടക്കപങ്കിട്ട് ഉറക്കമുണര്‍ന്നശേഷം എന്നാണ് നമ്മള്‍ ഒരുമിച്ചു ജീവിച്ചു തുടങ്ങുന്നത് എന്നു കാമുകന്റെ ചോദ്യത്തിന് നീ എന്താ ഇന്നലത്തെ കാര്യമാണോ ഉദ്ദേശിച്ചത് എന്ന് ഒരു തമാശ കേട്ടതുപോലെ ചോദിക്കുന്ന കാമുകി. അവനെ പരിഹാസത്തോടെ തലോടിക്കൊണ്ടു സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് എന്നു പറയുമ്പോള്‍ അതു മലയാള സിനിമാചരിത്രത്തിലെ ഏറ്റവും ശക്തമായ ഡയലോഗായി മാറി. മലയാള സിനിമയിലെ എക്കാലത്തേയും ധീരയായ സ്ത്രീകഥാപാത്രം ജന്മമെടുക്കാന്‍ ആരുമില്ലാത്ത സമയത്ത് കാമുകനെ വീട്ടില്‍ വിളിച്ചു വരുത്തി കിടക്കപങ്കിട്ടശേഷം അതിലൊന്നും ഒരുകഥയും ഇല്ല എന്നു പറയേണ്ടി വന്നു നായികയ്ക്ക്. അവിടെ വിജയിച്ചത് ആരായിരുന്നാലും പരാജയപ്പെട്ടതു പ്രണയമാണ്. പ്രണയം മാത്രമാണ്.
ആ വാചകത്തിനുകിട്ടിയ ഒരോ കൈയ്യടിയും വല്ലാതെ ഭയപ്പെടുത്തുന്നു. അസ്വസ്ഥതയുണ്ടാക്കുന്നു. പ്രണയത്തില്‍ ഒരു പെണ്ണ് ഉടല്‍ പങ്കിടുന്നത് ഇത്ര നിസാരമായിട്ടാണോ? ഒരു രാത്രി ഉറങ്ങി എണീല്‍ക്കുമ്പോള്‍ തീരുന്ന, ഒന്നു കുളിച്ചാല്‍ മാഞ്ഞുപോകുന്ന അടയാളങ്ങളെ ആ പങ്കിടല്‍ നല്‍കുന്നുവുള്ളോ? പ്രണയത്തില്‍ ഒരു പെണ്ണുടല്‍ പുരുഷനോടു ചേരുന്നത് ഏത് അവസ്ഥയിലാണ് എന്നു തിരിച്ചറിയാന്‍ കഴിയാതെപോയ ഒരു കൂട്ടം മനുഷ്യരാകാം ആ കയ്യടികള്‍ക്കെല്ലാം പിന്നില്‍. ഒരു രാത്രി ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ മാഞ്ഞു പോകുന്ന ഒരു സുഖമുള്ള സ്വപ്നമല്ല പ്രണയത്തില്‍ പെണ്ണിന്റെ രതി. അവിടെ ഉയര്‍ന്നു നില്‍ക്കുന്നതു ശരീരത്തിന്റെ ജൈവിക ആവശ്യങ്ങളല്ല. മറിച്ച് ഒരു ഘട്ടത്തില്‍ അത്തരം ആവശ്യങ്ങളെക്കാളും ചേതനകളേക്കാളും പ്രേരണകളേക്കാളും മുകളില്‍ ഇരുശരീരങ്ങള്‍ തമ്മില്‍ ചേര്‍ത്തു വയ്ക്കുന്നതിനു പിന്നില്‍ പ്രണയമെന്ന വികാരം മാത്രമാണ്.
ഞാനും നീയും പിന്നിട്ട് നമ്മള്‍ എന്ന വികാരം അടിവയറ്റില്‍ നിന്നു പതഞ്ഞു പതഞ്ഞ് ഉടലോളംമൂടി കവിഞ്ഞൊഴുകുമെന്ന അവസ്ഥയിലാണ് അവള്‍ തന്റെ അധരങ്ങള്‍ മറുപാതിയോടു ചേര്‍ത്തു വയ്ക്കുന്നത്. ഹൃദയം ചൂട്ടുപൊള്ളുമ്പോള്‍ അവനെ ആശ്വസിപ്പിക്കാന്‍ ചേര്‍ത്തുപിടിക്കാന്‍ അവന്റെ ഹൃദയത്തില്‍ തൊടാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗമില്ല എന്ന തിരിച്ചറിവിലാണ് ഒരു പെണ്ണ് അവളുടെ ഉടല്‍ പുരുഷനോടു ചേര്‍ത്തു വയ്ക്കുന്നത്. ഇന്നോളം ലോകത്തു പ്രണയിച്ചു ശരീരം പങ്കുവച്ചവര്‍ എല്ലാം ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ഈ അവസ്ഥയിലൂടെ കടന്നു പോയവരാണ്. ഒരു രാത്രിക്കപ്പുറമല്ല ഒരു ജന്മം മുഴുവന്‍ എത്രയേറെ തവണ ഡേറ്റോളും സോപ്പും ചേര്‍ത്ത് അമര്‍ത്തി തിരുമ്മി ചൂടു വെള്ളത്തില്‍ കുളിച്ചാലും അവന്‍ ചേര്‍ത്ത അധരങ്ങളുടെ ചൂടും അവന്‍ ഒപ്പിയ വിയര്‍പ്പുതുള്ളികളുടെ നനുനനുപ്പും അവന്‍ ഒഴുക്കിയ പ്രണയത്തിന്റെ സ്‌നിഗ്ദതയും ഒരു പെണ്ണുടലില്‍ നിന്നു പോകില്ല.
അത് അവള്‍ ഭീരുവായതു കൊണ്ടല്ല മറിച്ച് അതാണു ഉടലുകള്‍ തമ്മില്‍ ചേര്‍ത്തുവയ്ക്കുന്ന പ്രണയം. പ്രണയം എന്നത് അതില്‍തന്നെ ഒരു വാഗ്ദാനമായിരിക്കുമ്പോള്‍ പ്രണയത്തിന്റെ പേരില്‍ ശരീരം പങ്കിടുമ്പോള്‍ എങ്ങനെ അത് ഒരു വാഗ്ദാനമല്ലാതാകും. ഒരു പക്ഷേ ആ വാഗ്ദാനം ഒരു പുഴ പോലെ ചെറുതാകാം ഒരു കടല്‍ പോലെ സാന്ദ്രവും ഗഹനവുമാകാം. പക്ഷേ അത് ഒരു വാഗ്ദാനം തന്നെയാണ്. നീ എന്റേതും ഞാന്‍ നിന്റേതും എന്നുള്ളതല്ല, മറിച്ചു നമ്മള്‍ പ്രണയിക്കുന്നു എന്നതു മാത്രം. പ്രണയമില്ലാത്ത രതി സ്ത്രീകള്‍ക്ക് എല്ലായിപ്പോഴും വേദനാജനകമാണെങ്കിലും പ്രണയമില്ലാതെ തന്റെ ശരീരം ഒന്നിലധികം പുരുഷനുമായി അവള്‍ പങ്കുവച്ചേക്കാം. അതു പൂര്‍ണ്ണമായും അവളുടെ മാത്രം സ്വാതന്ത്ര്യം.
പക്ഷേ പ്രണയത്തെ കൂട്ടു പിടിക്കുന്നെങ്കില്‍ അത് ഒരു വാഗ്ദാനം തന്നെയാണ്. ചിലപ്പോള്‍ ആ വാഗ്ദാനത്തിന്റെ ആയുസ് വളരെ ചെറുതാകാം. പ്രണയിച്ചു ശരീരം പങ്കിട്ടവര്‍ ഒരുമിച്ച് ജീവിക്കണം എന്നതു നിര്‍ബന്ധമല്ല. പക്ഷേ ഒരു രാത്രി ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ തീര്‍ന്നു പോകാന്‍ മാത്രം ചൂടെ ആ പങ്കുവയ്ക്കലിന് ഉള്ളു എങ്കില്‍ അതിനെ പ്രണയമെന്നു വിളിക്കരുത്. ആ വിളി വല്ലാതെ ഭയപ്പെടുത്തുന്നു.എത്ര ശക്തയെന്നു വിളിച്ചാലും ഇത്തരം പാതി വേകാത്ത പങ്കുവയ്ക്കലുകളും ഒത്തു ചേരലുകളും പെണ്ണിനു സമ്മാനിക്കുക കടുത്ത അരക്ഷിതാവസ്ഥ മാത്രമാണ്
https://www.facebook.com/Malayalivartha