ശ്രീജിത്തിന്റെ നൊമ്പരം അഗ്നിയായി മാറുന്നു
പോലീസിലെ ശവംതീനികള്‍ വലിച്ചെറിഞ്ഞ ശവ ശരീരത്തിനു മുന്നില്‍ നിന്ന് കൂടെപ്പിറപ്പിന്റെ നിസ്സഹായവസ്ഥ നീതിക്കുവേണ്ടി യാചിച്ചു. നിയമപാലകരും ഭരണകൂടവും നിഷേധിച്ച നീതിക്കുവേണ്ടി 765 ദിവസങ്ങള്‍ തന്റെ യുവത്വം ഹോമിച്ച് ശ്രീജിത്ത് ഭരണ സിരാകേന്ദ്രത്തിനു മുന്നില്‍ വേദനയോടെ ഇരുന്നു. ഇന്ന് ആ നൊമ്പരം കേരളത്തിന്റെ അലര്‍ച്ചയായി മാറുന്നു.
ഭരണസിരാ കേന്ദ്രത്തിന്റെ മേലാപ്പിലിരുന്ന് ഭൂമിയിലേക്ക് നോക്കാത്ത അധികാരവര്‍ഗ്ഗത്തിനു മുന്നില്‍ സാമൂഹിക മാധ്യമങ്ങള്‍ തീ കൊളുത്തിയ അഗ്നി ആളിപ്പടരുന്നു. ഈ നൊമ്പരം കാണാതെ പോയതിന് കേരളം മാപ്പു ചോദിക്കുന്നു. ചേതനയറ്റ ഒരു ദേഹം നിങ്ങളുടെ കുടുംബത്തിലേക്ക് നീതി നിര്‍വഹിക്കേണ്ടവര്‍ വലിച്ചെറിയുമ്പോള്‍ മാത്രമേ ജീവന്റെ വില നമ്മള്‍ തിരിച്ചറിയൂ. കൂടപ്പിറപ്പ് നഷ്ടപ്പെട്ടവനെ ഉറ്റവന്റെ വേര്‍പാടിന്റെ വേദനയറിയൂ.
ഒരു പെണ്‍കുട്ടിയെ സ്‌നേഹിച്ചു എന്ന ഒരു ചെറിയ തെറ്റ്. പെണ്‍കുട്ടിയുടെ ബന്ധു പോലീസുകാരനായിപ്പോയി. പിന്നെ വന്നു പോലീസ് മുറ. ശ്രീജീവിന്റെ ജീവന് നിങ്ങള്‍ എന്തു വില നല്‍കും. സര്‍ക്കാര്‍ നല്‍കിയ പത്തു ലക്ഷത്തിന്റെ പിച്ചക്കാശു വാങ്ങി കൂടെ പിറപ്പിനെ ഒറ്റു കൊടുക്കണോ?
ശ്രീജിത്ത് നിങ്ങളാണ് ശരി. കേരളത്തിന്റെ നിയമപാലകര്‍ക്കു നേര്‍ക്കുള്ള താക്കീത്. ഇവിടെ നീതി നിഷേധിക്കപ്പെടരുത്. സത്യം തിരയുന്നതില്‍ നമുക്ക് രാഷ്ട്രീയം വേണ്ട. അധികാരതിമിരത്താല്‍ അന്ധരായ നമ്മുടെ രാഷ്ട്രീയക്കാരുടെ ദൃഷ്ടിയില്‍ തീ പടരട്ടെ. ഇവിടെയൊഴുകുന്ന കണ്ണീര്‍ നിങ്ങളുടെ അഹങ്കാരങ്ങളെ ഒഴുക്കിക്കളയും.
തെറ്റു പറ്റിയെന്ന് സര്‍ക്കാര്‍ സമ്മതിച്ച് പത്തു ലക്ഷം നല്‍കിയത്. എന്തു നഷ്ട പരിഹാരം. കാറ്റിലൊടിഞ്ഞു പോയ വാഴക്ക് നല്‍കുന്ന നഷ്ടപരിഹാരം പോലെ. കൊലപാതകികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരേണ്ട ബാധ്യത സര്‍ക്കാരിനല്ലേ. അവരുടെ കയ്യില്‍ കയ്യാമം വയ്‌ക്കേണ്ടത് സഹപ്രവര്‍ത്തകരാകുമ്പോള്‍ കൈ വിറയ്ക്കുന്നുവോ?
ആ കൂടെപ്പിറപ്പിനെ നിങ്ങള്‍ കൊന്നു കളഞ്ഞില്ലേ. ഒരമ്മയുടെ വേദന, ജീവിതം കൊതിച്ച ഒരു ചെറുപ്പക്കാരന്റെ നിസ്സഹായവസ്ഥ, ഒടുവില്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടം നടത്തിയ സഹോദരനെ കാണുവാന്‍ കഴിയാത്ത കേരളമേ നമുക്കു ലജ്ജിക്കാം.
https://www.facebook.com/Malayalivartha