പാസ്‌പോര്‍ട്ടിലെ പരിഷ്‌കരണം സൗദിയില്‍ ഇന്ത്യക്കാര്‍ വലയുന്നു
ഇന്ത്യന്‍ പാസ്‌പോര്‍ട്ടിലെ പരിഷ്‌കരണ നടപടികള്‍ മൂലം ഉപരിപഠനത്തിനും മറ്റുമായി നാട്ടിലേക്ക് പോവാനാവാതെ സൗദിയിലെ വിദ്യാര്‍ത്ഥികള്‍ വലയുന്നു. പുതിയ പാസ്‌പോര്‍ട്ടിലെക്ക് വിസ മാറ്റാന്‍ ചെന്നവര്‍ക്കും പരിഷ്‌കരണ നടപടി വിനയാവുകയാണ്. പഴയ പാസ്‌പോര്‍ട്ടിന്റെ രണ്ടാം പേജിലെ വിവരങ്ങള്‍ നാലാം പേജിലേക്കും പുറംചട്ട പേജിന് തൊട്ടുമുമ്പുള്ള പേജിലെ വിവരങ്ങള്‍ അതിനു മുന്നിലെ പേജിന്റെ പിറകിലേക്കും മാറ്റി. പഴയ പാസ്‌പോര്‍ട്ടില്‍ ഫോട്ടോ രണ്ടാം പേജിലായിരുന്നെങ്കില്‍ പുതിയ പാസ്‌പോര്‍ട്ടില്‍ ഇത് മൂന്നാം പേജിലാണുള്ളത്. മെയ് ഒന്നുമുതലാണ് പാസ്‌പോര്‍ട്ടില്‍ മാറ്റങ്ങള്‍ വരുത്തിയത്.
പാസ്‌പോര്‍ട്ടിലെ പരിഷ്‌കരണം സംബന്ധിച്ച് ജവാസാത്തിന് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല. ഇതിനാല്‍ പുതിയ പാസ്‌പോര്‍ട്ടുമായി വരുന്നവരെ മടക്കി അയക്കുകയാണ്. ഏകദേശം ഇരുനൂറ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളാണ് ഇക്കാരണത്താല്‍ കഴിഞ്ഞ ദിവസം ജിദ്ദയിലെ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും മടക്കിഅയക്കപ്പെട്ടത്. നിയമപ്രകാരം പാസ്‌പോര്‍ട്ടിലെ മാറ്റം സംബന്ധിച്ച് ഇന്ത്യന്‍ എംബസി സൗദി വിദേശ മന്ത്രാലയത്തിന് അറിയിപ്പ് നല്‍കണം. ഇവിടെ നിന്ന് ജവാസാത്തിലേക്കും വിവരം അറിയിക്കണം. എന്നാലേ മാറ്റങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെടൂ.
പുതിയ പാസ്‌പോര്‍ട്ട് ലഭിച്ച പല വിദ്യാര്‍ത്ഥികള്‍ക്കും റീ എന്‍ട്രി വിസ അടിച്ചുകിട്ടാന്‍ വൈകുന്നത് അവരുടെ പഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു.
https://www.facebook.com/Malayalivartha