വിസിറ്റ് വിസയില്‍ വന്ന് ഹോട്ടല്‍മുറിയില്‍ താമസിച്ച് ഫ്‌ളാറ്റുകള്‍ കൊള്ളയടിക്കുന്ന മൂന്നംഗ സംഘം ദുബായില്‍ പിടികൂടി
ഹോട്ടല്‍ മുറിയില്‍ താമസിച്ച് കാറില്‍ കറങ്ങി കവര്‍ച്ച നടത്തിയിരുന്ന മൂന്നംഗ സംഘത്തെ ദുബൈ പൊലീസ് പിടികൂടി. വിവിധയിടങ്ങളില്‍ നിന്ന് മോഷ്ടിച്ച 20 ലക്ഷം ദിര്‍ഹമിന്‍െറ ആഭരണങ്ങളും വസ്തുക്കളും ഇവരുടെ മുറിയില്‍ നിന്ന് കണ്ടെടുത്തു. ടൂറിസ്റ്റുകളായി രാജ്യത്തെത്തിയ യൂറോപ്യന്‍ പൗരന്മാരാണ് പ്രതികളെന്ന് ദുബൈ പൊലീസ് മേധാവി ദാഹി ഖല്‍ഫാന്‍ തമീം അറിയിച്ചു. ദേരയിലെ ഹോട്ടല്‍ മുറിയില്‍ താമസിച്ചാണ് ഇവര്‍ കവര്‍ച്ചകള്‍ ആസൂത്രണം ചെയ്തിരുന്നത്.
വാടകക്കെടുത്ത കാറില്‍ കറങ്ങി ഫ്ളാറ്റുകളിലും വില്ലകളിലും കവര്‍ച്ച നടത്തുകയായിരുന്നു ഇവരുടെ രീതി. ദുബൈയിലെ അല്‍ റഫ, മുറഖബാത് എന്നിവിടങ്ങളിലാണ് പ്രധാനമായും കവര്‍ച്ച നടത്തിയിരുന്നത്. പരാതികളെ തുടര്‍ന്ന് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. 23 മണിക്കൂറിനകം പ്രതികളെ പിടികൂടാനും മോഷണമുതല്‍ വീണ്ടെടുക്കാനും ഇവര്‍ക്ക് സാധിച്ചു.
ഏപ്രില്‍ 25ന് ദേരയിലെ ഫ്ളാറ്റിലാണ് ആദ്യ കവര്‍ച്ച നടന്നത്. തുടര്‍ന്ന് നായിഫ് ഭാഗത്ത് കവര്‍ച്ചകള്‍ നടന്നെന്ന നിരവധി പരാതികള്‍ ലഭിച്ചു. പൊലീസും സി.ഐ.ഡികളും ഈ ഭാഗങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. ഒരു സംഘം ഹോട്ടലില്‍ നിന്ന് ബാഗുമായി പുറത്തിറങ്ങുന്നതും മാലിന്യ സംഭരണിയില്‍ നിക്ഷേപിക്കുന്നതും പൊലീസിന്‍െറ ശ്രദ്ധയില്‍ പെട്ടു. സംശയം തോന്നിയ പൊലീസ് ഇവരെ പിടികൂടാന്‍ ശ്രമിച്ചു. പൊലീസിനെ കണ്ട് കാറില്‍ രക്ഷപ്പെടാനൊരുങ്ങവെ ഇവരെ പിടികൂടുകയായിരുന്നു.മാലിന്യ സംഭരണിയില്‍ ഇവര്‍ നിക്ഷേപിച്ച ബാഗില്‍ കവര്‍ച്ചക്കുള്ള ഉപകരണങ്ങളാണ് ഉണ്ടായിരുന്നത്. കാര്‍ പരിശോധിച്ചപ്പോള്‍ മോഷണ മുതലുകള്‍ കണ്ടെത്തി. മോഷ്ടിച്ച വസ്തുക്കളുമായി കാറില്‍ രക്ഷപ്പെടാനായിരുന്നു ഇവരുടെ പദ്ധതി. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.
https://www.facebook.com/Malayalivartha