സെക്യൂരിറ്റി ജീവനക്കാരെ കെട്ടിയിട്ട ശേഷം 18 ലക്ഷം ദിര്‍ഹത്തിന്റ മോഷണം നടത്തിയ പാകിസ്ഥാന്‍ സംഘം പിടിയില്‍
സെക്യൂരിറ്റി ജീവനക്കാരെ കെട്ടിയിട്ട ശേഷം നിരീക്ഷണ കാമറകളുടെ ബന്ധം വേര്‍പെടുത്തി വിവിധ കമ്പനികളില്‍ മോഷണം നടത്തിയ അഞ്ചംഗ സംഘത്തെ അബൂദബി പൊലീസ് പിടികൂടി. പാകിസ്താന്‍ സ്വദേശികളാണ് പിടിയിലായത്. രണ്ട് മാസത്തിനിടെ മഫ്റഖ്, മുസഫ എന്നിവിടങ്ങളിലെ വ്യവസായ മേഖലകളിലെ അഞ്ച് കമ്പനികളില്‍ നിന്ന് 18 ലക്ഷം ദിര്‍ഹം വിലവരുന്ന പണവും സാധനങ്ങളുമാണ് ഇവര്‍ കവര്‍ന്നത്. ട്രാന്‍സ്പോര്‍ട്ടിങ്, കോണ്‍ട്രാക്റ്റിങ്, മാനുഫാക്ചറിങ് കമ്പനികളിലായിരുന്നു മോഷണം. പണം, ചെമ്പ്, ഡീസല്‍ ബാരലുകള്‍ എന്നിവയാണ് കവര്‍ന്നത്.
മുഖംമൂടി ധരിച്ച് രാത്രിയുടെ അവസാന മണിക്കൂറുകളിലായിരുന്നു ഇവര്‍ മോഷണം നടത്തിയിരുന്നത്. ആയുധങ്ങളുമായി സ്ഥാപനങ്ങളിലെത്തി സുരക്ഷാ ജീവനക്കാരെ കെട്ടിയിട്ട ശേഷം നിരീക്ഷണ കാമറകളുടെ ബന്ധം വേര്‍പെടുത്തും. തുടര്‍ന്ന് സ്ഥാപനങ്ങളില്‍ കടന്ന് പണവും മറ്റ് സാധനങ്ങളും കവരുകയാണ് ചെയ്തിരുന്നത്. വലിയ കെട്ടിടങ്ങളിലും കൂടുതല്‍ സെക്യൂരിറ്റി ജീവനക്കാരുള്ള സ്ഥലങ്ങളിലും രണ്ട് സംഘങ്ങളായാണ് മോഷണം നടത്തിയിരുന്നത്. അഞ്ച് കവര്‍ച്ചകള്‍ക്കിടെ 11 സെക്യൂരിറ്റി ജീവനക്കാരെയാണ് ഇവര്‍ ആക്രമിക്കുകയും ബന്ധനസ്ഥരാക്കുകയും ചെയ്തത്. ചില സെക്യൂരിറ്റി ഗാര്‍ഡുകള്‍ കെട്ടഴിച്ച് അധികൃതരെ വിവരം അറിയിച്ചപ്പോള്‍ മറ്റ് ചിലരെ അടുത്ത ദിവസം രാവിലെയാണ് കണ്ടെത്തിയത്.
രണ്ട് വാഹനങ്ങളാണ് മോഷണത്തിന് ഉപയോഗിച്ചിരുന്നത്. അഞ്ച് സംഭവങ്ങളിലും ഒരേ രീതിയിലാണ് മോഷണം നടത്തിയത്. നിയമപരമായി യു.എ.ഇയില്‍ ജോലി ചെയ്തിരുന്നവരായിരുന്നു പ്രതികള്‍. ഇവര്‍ പകല്‍ സമയം ജോലി ചെയ്ത ശേഷം രാത്രി മോഷണത്തിന് ഇറങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha