യു.എ.ഇ. മാര്‍ക്കറ്റുകളില്‍ പച്ചക്കറിക്ക് പൊള്ളുന്ന വില
ചൂടുകാലം തുടങ്ങിയതോടെ യു.എ.ഇ. മാര്‍ക്കറ്റുകളില്‍ മത്സ്യത്തിനെന്നപോലെ പച്ചക്കറിക്കും വിലയേറിത്തുടങ്ങി. പ്രധാന കയറ്റുമതി കേന്ദ്രങ്ങളായ ജോര്‍ദാന്‍, ഒമാന്‍, സൗദി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കഠിനമായ ചൂടുകാരണം വിളവെടുപ്പ് കുറഞ്ഞതിനാല്‍ അവിടെനിന്ന് ഇറക്കുമതി കുറയുകയും ഇവിടെ അതിനനുസരിച്ച് വിലകൂടുകയും ചെയ്തു. ഇന്ത്യയില്‍ നിന്ന് പൊതുവെ ഇറക്കുമതിച്ചെലവ് കൂടുമെന്നതാണ് വില കൂടുന്നതിന് കച്ചവടക്കാര്‍ പറയുന്ന പ്രധാന കാരണം. പ്രവാസികള്‍ക്ക് പ്രത്യേകിച്ചും മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ വയ്യാത്ത തേങ്ങ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമാണ്. അതുകൊണ്ടുതന്നെ ഒരെണ്ണത്തിന് രണ്ട് ദിര്‍ഹം മുതല്‍ മുകളിലോട്ട് വിലയീടാക്കുന്നു. അടുത്തകാലത്തായി വില വളരെയധികം വര്‍ധിച്ച ഉത്പന്നം തക്കാളിയാണ്. തക്കാളിക്ക് കഴിഞ്ഞ മാസങ്ങളില്‍ കിലോയ്ക്ക് രണ്ട് മുതല്‍ മൂന്ന് ദിര്‍ഹം വരെ വിലയായിരുന്നെങ്കില്‍ ഈമാസം അത് അഞ്ച് വരെ എത്തി.
കഴിഞ്ഞ മാസംവരെ ഉള്ളി കിലോയ്ക്ക് ഒരു ദിര്‍ഹത്തിന് കിട്ടിയിരുന്നെങ്കില്‍ ഈമാസം ഒറ്റയടിക്ക് രണ്ട് ദിര്‍ഹം ആയി. ഒമാനില്‍ നിന്നുവരുന്ന കൈപ്പയ്ക്ക് എട്ട് മുതല്‍ 10 ദിര്‍ഹം വരെ വില നല്കണം. എന്നാല്‍ ഷാര്‍ജയിലും യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിലും ചൂടുകാലത്ത് തഴച്ചുവളരുന്ന ചീരയ്ക്ക് വില കുറവാണ്.
വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളിലും പച്ചക്കറി മാര്‍ക്കറ്റിനെ അപേക്ഷിച്ച് വലിയ വിലവ്യത്യാസം അനുഭവപ്പെടുന്നില്ല. ദുബായ്, ഷാര്‍ജ ഭാഗങ്ങളില്‍ അല്‍അവീര്‍ പച്ചക്കറി മൊത്തവിതരണ കേന്ദ്രത്തില്‍ നിന്നുമാണ് പ്രധാനമായും ചില്ലറ വില്പനശാലയിലേക്ക് കൊണ്ടുവരുന്നത്.
https://www.facebook.com/Malayalivartha