പുണ്യഗേഹങ്ങളുടെ പവിത്രത മാനിക്കണം...ഉച്ചത്തിലുള്ള ശബ്ദവും ആർഭാടവും വേണ്ട, മക്കയിലെയും മദീനയിലെയും വിശുദ്ധ മസ്ജിദുകളില്‍ നിക്കാഹ് നടത്താന്‍ അനുമതി നൽകി സൗദി അറേബ്യ, സുപ്രധാനമായ നീക്കത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നത്...!
സൗദി അറേബ്യ വളരെയധികം മാറിക്കൊണ്ടിരിക്കുകയാണ്. ചില ചരിത്രപരമായ തീരുമാനങ്ങളാണ് അടുത്തിടെയായി ഭരണകൂടം കൈക്കൊള്ളുന്നത്. സൗദിയുടെ പുതിയ നീക്കങ്ങൾ പരിശോധിക്കുകയാണെങ്കിൽ പ്രവാസികൾക്ക് ഇത് മനസിലാക്കാൻ കഴിയും. എന്നാൽ ഇതിലൊന്നും സൗദി ഒതുങ്ങാൻ തീരുമാനിച്ചിട്ടില്ല. വീണ്ടും വീണ്ടും പുതിയ തീരുമാനങ്ങളിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തുകയാണ് സൗദി.
സുപ്രധാനമായ ഒരു നീക്കം കൂടി രാജ്യം നടത്തിയിരിക്കുകയാണ്. മക്കയിലെയും മദീനയിലെയും വിശുദ്ധ മസ്ജിദുകളില്‍ നിക്കാഹ് നടത്താന്‍ സൗദി അറേബ്യ അനുമതി നല്‍കുന്നു.
സുപ്രധാനമായ ഈ നീക്കത്തിലൂടെ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും അനുഭവങ്ങള്‍ വര്‍ധിപ്പിക്കാനും കൂടുതല്‍ സേവനങ്ങള്‍ നല്‍കാനും സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ലക്ഷ്യമിടുന്നു. മക്ക മസ്ജിദുല്‍ ഹറാം, മദീന മസ്ജിദുന്നബവി എന്നിവിടങ്ങളില്‍ നിക്കാഹ് ചടങ്ങുകള്‍ അല്ലെങ്കില്‍ വിവാഹ കരാറുകള്‍ നടത്താന്‍ സൗദി അധികൃതര്‍ അനുമതി നല്‍കിയതായി പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇവന്റ് പ്ലാനിങ് കമ്പനികള്‍ക്ക് നിക്കാഹ് ചടങ്ങ് സംഘടിപ്പിക്കുന്നതിനുള്ള ക്രിയാത്മകവും മാന്യവുമായ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമാണ് ഈ സംരംഭമെന്ന് അറബിക് ദിനപത്രമായ അല്‍ വതന്‍ റിപ്പോര്‍ട്ട് ചെയ്തു. പള്ളിയില്‍ നിക്കാഹ് സംഘടിപ്പിക്കുമ്പോള്‍ ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ ഒഴിവാക്കണമെന്നും ചടങ്ങുകള്‍ ലളിതമായിരിക്കണമെന്നും നിര്‍ദേശമുണ്ട്. പുണ്യഗേഹങ്ങളുടെ പവിത്രത മാനിക്കണമെന്നും കാപ്പി, മധുരപലഹാരം, ഭക്ഷണം എന്നിവയുടെ അമിതമായ വിതരണവും ആര്‍ഭാടവും പാടില്ലെന്നും ഉപദേശിക്കുന്നു.
മസ്ജിദില്‍ വച്ച് നിക്കാഹ് നടത്തുന്നതിന് ഇസ്ലാമികമായി അനുവാദമുണ്ടെന്ന് സൗദിയിൽ വിവാഹം നടത്തുന്നതിന് നേത്യത്വം നൽകുന്ന ഉദ്യോഗസ്ഥൻ മുസൈദ് അല്‍ ജാബിരി വിശദീകരിച്ചു. പള്ളിയില്‍ വെച്ച് ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങ് നടത്തിയ മുഹമ്മദ് നബി (സ) യുടെ മാതൃകയും അദ്ദേഹം ചൂണ്ടിക്കാട്ടി. മദീനയിലെ പ്രവാചകന്റെ മസ്ജിദില്‍ വിവാഹ ഉടമ്പടികള്‍ നടത്തുന്നത് മദീനയിലെ പ്രദേശവാസികള്‍ക്കിടയില്‍ ഒരു സാധാരണ സമ്പ്രദായമാണെന്ന് അല്‍ ജാബിരി പറഞ്ഞു.
വിവാഹിതരാകുന്ന ദമ്പതികളുടെ മിക്ക ബന്ധുക്കളെയും നിക്കാഹിലേക്ക് ക്ഷണിക്കുന്ന രീതി പ്രവാചകന്റെ കാലത്ത് ഉണ്ടായിരുന്നു. പലപ്പോഴും, വധുവിന്റെ വീട്ടില്‍ എല്ലാ ക്ഷണിതാക്കളെയും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതിനാല്‍, നിക്കാഹ് നടക്കുന്നത് പ്രവാചകന്റെ പള്ളിയിലോ, ഖുബ മസ്ജിദിലോ ആയിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. പള്ളിയില്‍ വച്ച് വിവാഹ ഉടമ്പടി നടത്തുന്നത് അനുഗ്രഹവും ഭാഗ്യവും നല്‍കുമെന്ന് ചിലര്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha