യുഎഇയിൽ വീണ്ടും മഴയ്ക്ക് സാധ്യത, ഞായർ മുതൽ മൂന്ന് ദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
യുഎഇയിൽ വീണ്ടും അതിശക്തമായ മഴയെത്തുന്നും. ഞായർ മുതൽ ചൊവ്വ വരെ മൂന്ന് ദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റുവീശാനും സാധ്യതയുണ്ട്. തെക്കു കിഴക്കു ഭാഗത്തുനിന്ന് വീശിയടിക്കുന്ന കാറ്റ് വടക്കു കിഴക്ക് ദിശയിലേക്കും പിന്നീട് വടക്കുപടിഞ്ഞാറ് ദിശയിലേക്കും നീങ്ങും.
മണൽ കാറ്റ് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയ്ക്കും.ദൃശ്യപരിധി കുറയുന്നത് സുഗമമായ ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കും. മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങി അസ്ഥിര കാലാവസ്ഥയിൽ അബുദാബിയിൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറയുമെന്നും വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. ദൂരക്കാഴ്ച കുറയുന്നത് വിമാന ഗതാഗതത്തെയും ബാധിച്ചേക്കും.വിമാനത്താവളത്തിലേക്കു പുറപ്പെടും മുൻപ് സമയമാറ്റത്തെക്കുറിച്ച് അതാത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്.
യുഎഇയിൽ അബുദാബിയിലേയും അൽഐനിലേയും ചില ഭാഗങ്ങളിൽ ഇന്നലെ കനത്ത മൂടൽ മഞ്ഞാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം കനത്ത മൂടൽമഞ്ഞ് മൂടിയത് കാരണം രാജ്യത്ത് യെല്ലോഅലർട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മൂടൽമഞ്ഞ് റോഡുകളിലെ ദൃശ്യപരിതി തടസ്സപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് അറിയിച്ചു. അപകടകരമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് ദുബായിൽ നിന്ന് അൽ ഐൻ റോഡിലേക്കും സ്വെഹാനും അൽ അജ്‌ബാനുമിടയിലുള്ള അൽ-താഫ് റോഡിലേക്കും വേഗത 80 കിലോമീറ്ററായി വെട്ടിക്കുറച്ചു.
https://www.facebook.com/Malayalivartha