ഒമാനിൽ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഉൾപ്പെടെ മരിച്ചത് 12പേർ; കനത്ത മഴ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്: ഒമാനിലെ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടു:- ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യത...
ഒമാനിൽ നിന്ന് പുറത്ത് വരുന്നത് പ്രവാസികൾ അടക്കമുള്ള മലയാളികളെ ആശങ്കപ്പെടുത്തുന്ന ഒരു വാർത്തയാണ്. ഒമാനിൽ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഉൾപ്പെടെ 12 പേരാണ് മരിച്ചത്. അടൂര്‍ കടമ്പനാട് സ്വദേശി സുനിൽ കുമാർ സദാനന്ദനാണ് മരിച്ച മലയാളി. സൗത്ത് ഷർക്കിയയിൽ മതിൽ ഇടിഞ്ഞു വീണാണ് സുനിൽ മരിച്ചത്. മരിച്ചവരിൽ ഒൻപതുപേർ വിദ്യാർഥികളും രണ്ടുപേർ സ്വദേശികളുമാണെന്ന് ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. സമദ് അല്‍ ശാനിൽ ഒഴുക്കില്‍പെട്ട് കാണാതായ എട്ടുപേരിൽ മൂന്ന് കുട്ടികളുടെ മൃതദേഹം കണ്ടെത്തി. ഒരു കുട്ടിയുൾപ്പെടെ മറ്റുള്ളവർക്കായി തിരിച്ചിൽ തുടരുകയാണെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.
കാണാതായ അഞ്ച് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. നേരത്തെ അല്‍ മുദൈബിയിലെ വാദി അല്‍ ബത്തയില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പ്രദേശവാസികളാണ് കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത് എന്ന് റോയല്‍ ഒമാന്‍ പൊലീസ് ട്വീറ്റില്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഒമാന്റെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ വെള്ളപ്പൊക്കമാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റോഡുകളിലും സബ്വേകളിലും സ്‌കൂളുകളിലും റസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ കെട്ടിടങ്ങളിലും ആളുകള്‍ കുടുങ്ങി കിടക്കുകയാണ്.
അതിനിടെ, വാദി സമദ് അല്‍ ഷാനില്‍ ജലനിരപ്പ് കുതിച്ചുയര്‍ന്നു. റോയല്‍ ഒമാന്‍ പൊലീസ്, റോയല്‍ ആര്‍മി ഓഫ് ഒമാന്‍, സിവില്‍ ഡിഫന്‍സ് അതോറിറ്റി, ആംബുലന്‍സ് എന്നിവയുടെ ഫീല്‍ഡ് ടീമുകള്‍ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഒറ്റപ്പെട്ട് പോയ ആളുകളെ അവരുടെ വാഹനങ്ങളില്‍ മാറ്റാന്‍ താമസക്കാരും രംഗത്തെത്തി. ശക്തമായ ഒഴുക്കില്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ഒലിച്ചുപോയി.
സമദ് അല്‍-ഷാന്‍ ജില്ലയില്‍ അരുവിയില്‍ ഒഴുകിയ വാഹനത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് ഏവിയേഷന്‍ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരെ ഇബ്ര റഫറന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അല്‍ ഖാം ഏരിയയിലെ വാദി ബിന്‍ ഖാലിദിലെ മൂന്ന് വീടുകളില്‍ കുടുങ്ങിയ 20 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
ഒമാനിലെ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. ക്ലാസുകള്‍ ഓണ്‍ലൈന്‍ മോഡില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ, ഇന്നൊവേഷന്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. മസ്‌കത്ത്, നോര്‍ത്ത് അല്‍ ഷര്‍ഖിയ, സൗത്ത് അല്‍ ഷര്‍ഖിയ, അല്‍ ദഖിലിയ, അല്‍ ദാഹിറ ഗവര്‍ണറേറ്റുകളിലെ പൊതു, സ്വകാര്യ, രാജ്യാന്തര സ്‌കൂളുകള്‍ക്ക് അവധി ആയിരിക്കും എന്ന് പൊതുവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഒമാന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നതായാണ് റിപ്പോർട്ട്. ഞായറാഴ്ച രാവിലെ മുതൽ കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെ എത്തിയ മഴ ഉച്ചയോടെ ശക്തമാവുകയായിരുന്നു. കനത്ത മഴ ലഭിച്ച പ്രദേശങ്ങളിൽ വാദികൾ നിറഞ്ഞൊഴുകി. വാദികളിൽ വാഹനങ്ങളിൽ കുടുങ്ങിയവരെ സിവില്‍ ഡിഫന്‍സ് വിഭാഗം രക്ഷപ്പെടുത്തിയിരുന്നു. മസ്കത്തിൽ ശക്തമായ മഴയെ തുടർന്ന് ആമിറാത്ത്-ബൗശർ ചുരം റോഡ് അടച്ചു. ഇസ്കിയിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് കെട്ടിടത്തിൽ കുടുങ്ങിയ ഏഴ് കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി. സമദ് അൽ ഷാനിലെ സ്കൂളിൽ വെള്ളം കയറി. എന്നാൽ, വിദ്യാർഥികളും സ്കൂൾ ജീവനക്കാരും സുരക്ഷിതരാണ്. സ്കൂൾ മുറ്റത്തെ വാഹനങ്ങൾ ഒലിച്ചുപോയി.
മറ്റൊരു സംഭവത്തിൽ ഇബ്രിയിൽ യാത്രക്കാരുമായി ഒരു വാഹനം വെള്ളത്തിൽ കുടുങ്ങി. ഇവരെ രക്ഷിച്ചതായി പൊലീസ് അറിയിച്ചു. അൽ ഹംറ വിലായത്തിലെ വാദി അൽ താവിലയിൽ ഒരു ബസ് തകരാറിലായി. യാത്രക്കാരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം രക്ഷിച്ചു. ബഹ്‌ലയിൽ വാദിയിൽ കുടുങ്ങിയ സ്കൂൾ ബസിലെ വിദ്യാർഥികളെയും ജീവനക്കാരെയും അധികൃതരും നാട്ടുകാരും ചേർന്ന് രക്ഷിച്ചു.
കുട്ടികൾ ഉൾപ്പെടെ 12 പേർ മരിച്ച ഒമാനിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് ഉണ്ട്. ഒപ്പം ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ ദാഖിലിയ, മസ്‍കത്ത്, സൗത്ത് അൽ ബാത്തിന, അൽ ദാഹിറ എന്നീ ഗവർണറേറ്റുകളിൽ പൂർണമായും നോർത്ത് അൽ ബാത്തിന, അൽ ബുറൈമി, മുസന്ദം, അൽ വുസ്ത ഗവർണറേറ്റുകളിലെ ചില ഭാഗങ്ങളിലുമാണ് മഴയും കാറ്റും പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ രാത്രി 10 മണി വരെ പ്രതികൂല കാലാവസ്ഥ നിലനിൽക്കുമെന്ന് രാജ്യത്തെ സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കീഴിലുള്ള നാഷണൽ മൾട്ടി ഹസാർഡ് ഏർലി വാണിങ് സെന്റർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
30 മില്ലീമീറ്റ മുതൽ 120 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കാൻ സാധ്യതയുള്ളതിനാൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും ഇപ്പോഴത്തെ മഴ കാരണമാവും. ഇടിമിന്നലും ആലിപ്പഴ വർഷവും ഇതോടൊപ്പം ഉണ്ടാവും. 15 മുതൽ 45 നോട്സ് വരെ (28 മുതൽ 83 കിലോമീറ്റർ വരെ) വേഗത്തിൽ കാറ്റടിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുകയാണ്. മുസന്ദം ഗവർണറേറ്റിലും ഒമാൻ തീരത്തും കടൽ പ്രക്ഷുബ്ധമായിരിക്കും. ഇവിടങ്ങളിൽ രണ്ട് മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരയടിക്കും.
കനത്ത മഴ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കരുത്. താഴ്ന്ന പ്രദേശങ്ങളിലോ വെള്ളക്കെട്ടുകളിലോ ഇറങ്ങാൻ ശ്രമിക്കരുത്. പ്രതികൂല കാലാവസ്ഥ നിലനിൽക്കുമ്പോൾ ദൂരക്കാഴ്ച പരിധി ഗണ്യമായി കുറയുമെന്നതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പുലർത്തണം.
https://www.facebook.com/Malayalivartha