എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മഴ... യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് യുഎഇയിലെ കലാവസ്ഥാ മുന്നറിയിപ്പ്; വിമാന യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എയര്‍ലൈനുകളും വിമാനത്താവള അധികൃതരും; എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഒന്നിച്ച് കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത വളരെ പ്രധാനം
ഗള്‍ഫിലൊക്കെ മഴ ഒരു സ്വപ്നം മാത്രമായിരുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നാളെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. മുന്‍കരുതല്‍ നടപടിയെന്നോണം സ്‌കൂളുകള്‍ക്ക് നാളെയും മറ്റന്നാളും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏര്‍പ്പെടുത്തി. രണ്ടാഴ്ച മുന്‍പ് പെയ്ത റെക്കോര്‍ഡ് മഴയുടെ കെടുതികളില്‍ നിന്ന് രാജ്യം കരകയറിയതിന് പിന്നാലെയാണ് വീണ്ടും മഴയെത്തുന്നത്.
യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തിന് പിന്നാലെ വിമാന യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ പുറത്തിറക്കി. മഴയും അത് കാരണമുള്ള ഗതാഗതക്കുരുക്കുകളും പ്രതീക്ഷിക്കുന്നതിനാല്‍ യാത്രക്കാര്‍ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ നടത്തണണെന്നാണ് ദുബൈ വിമാനത്താവള അധികൃതരും വിമാന കമ്പനികളും ആവശ്യപ്പെട്ടിരിക്കുന്നത്.
ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ നേരത്തെ സ്വകാര്യ വാഹനങ്ങളിലായാലും പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുകയാണെങ്കിലും അല്‍പം നേരത്തെ ഇറങ്ങണമെന്നും വഴിയില്‍ ഉണ്ടായേക്കാവുന്ന തടസങ്ങള്‍ കൂടി കണക്കിലെടുത്ത് അധിക സമയം കാണണമെന്നും അറിയിപ്പിലുണ്ട്.
'മോശം കലാവസ്ഥ സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുള്ളതുകൊണ്ട് തന്നെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴിയും ദുബൈ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം വഴിയും യാത്ര ചെയ്യുന്ന അതിഥികള്‍ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ മുന്‍കൂട്ടി നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഗതാഗക്കുരുക്ക് പോലുള്ള കാര്യങ്ങള്‍ മനസിലാക്കാന്‍ തത്സമയ ട്രാഫിക് വിവരങ്ങള്‍ നല്‍കുന്ന സ്മാര്‍ട്ട് ആപ്പുകള്‍ ഉപയോഗിക്കാം.
ഒന്നും മൂന്നും ടെര്‍മിനലുകളിലേക്ക് വരുന്നവര്‍ക്ക് ദുബൈ മെട്രോ ഉപയോഗിക്കുകയും ചെയ്യാം' - ദുബൈ എയര്‍പോര്‍ട്ട്‌സ് വക്താവ് അറിയിച്ചു. യാത്രക്കാര്‍ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വീസുകളുടെ സ്ഥിതി പരിശോധിക്കണം. കാലാവസ്ഥ കാരണമായുണ്ടാവുന്ന അസാധാരണ സാഹചര്യങ്ങളോ നീണ്ട ക്യൂവോ യാത്രയെ ബാധിക്കാതിരിക്കാന്‍ സാധാരണയേക്കാള്‍ അല്‍പം കൂടി നേരത്തെ എത്തണമെന്നും അറിയിപ്പില്‍ പറയുന്നു.
എമിറേറ്റ്‌സ്, ഇത്തിഹാദ് ഉള്‍പ്പെടെയുള്ള വിമാന കമ്പനികളും സമാനമായ നിര്‍ദേശം ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം മുതല്‍ രണ്ട് ദിവസത്തേക്കാണ് യുഎഇയില്‍ കനത്ത മഴ പ്രവചിക്കുന്ന ഇപ്പോഴത്തെ കാലാവസ്ഥാ മുന്നറിയിപ്പ്. സ്വകാര്യ മേഖലയില്‍ നേരിട്ട് ജോലി സ്ഥലങ്ങളില്‍ എത്തേണ്ടത് അത്യാവശ്യമല്ലാത്ത ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് രാജ്യത്തെ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഷാര്‍ജ, ദുബൈ എമിറേറ്റുകളില്‍ സ്‌കൂളുകളില്‍ വിദൂര പഠന രീതി സ്വീകരിക്കും.
അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം മൂലം യുഎഇയില്‍ ഇന്ന് ആരംഭിക്കുന്ന നേരിയ, ഇടത്തരം മഴ നാളെ ശക്തമാകും. രാത്രി വരെ യുഎഇയുടെ എല്ലാ ഭാഗങ്ങളിലും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. 22 മുതല്‍ 45 മില്ലിമീറ്റര്‍ മഴ വരെ ലഭിക്കുമെന്നാണ് സൂചന. ദേശീയ ദുരന്ത നിവാരണ സമിതി മുന്‍കരുതല്‍ ഊര്‍ജിതമാക്കി. പ്രതികൂല കാലാവസ്ഥയില്‍ നല്‍കുന്ന സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു.
വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ആവശ്യപ്പെട്ടു. മഴയും കാറ്റും മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ ലഘൂകരിക്കുന്നത് സംബന്ധിച്ച് പ്രാദേശിക വകുപ്പുകളുമായി സമിതി ചര്‍ച്ച നടത്തി. ആഭ്യന്തര മന്ത്രാലയം, നാഷനല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി, സര്‍ക്കാര്‍ ഏജന്‍സി എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. അടിയന്തര ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ഒന്നിച്ചു മഴ ലഭിക്കുന്നത് വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായിട്ടായിരിക്കും.
സൗദിയില്‍നിന്ന് തുടങ്ങിയ മഴ ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, യുഎഇ വഴി ഒമാനിലാണ് അവസാനിക്കുക. ഖത്തറില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ സൂചിപ്പിച്ചു. മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ദുബായിലെ സ്വകാര്യ സ്‌കൂളുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും മറ്റന്നാളും ഇലേണിങ് ആയിരിക്കുമെന്ന് നോളജ് ആന്‍ഡ് ഹ്യുമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു.
സൗദിയില്‍ ഇന്നലെ ശക്തമായ മഴ പെയ്തു. ഇന്നു ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും, നാളെ യുഎഇയിലും ഉച്ചമുതല്‍ വെള്ളിയാഴ്ച വൈകിട്ടു വരെ ഒമാനിലും മഴ ശക്തമാകും.
https://www.facebook.com/Malayalivartha