കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത് 49 പേർ എന്ന് റിപ്പോർട്ട്... 49 മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്... മരിച്ചവരിൽ കൂടുതൽ പേരും മലയാളികളാണെന്നും പലരുടെയും മൃതദേഹം തിരിച്ചറിയാകാനാത്ത നിലയിലാണുള്ളതെന്നുമാണ് സൂചന...
കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത് 49 പേർ എന്ന് റിപ്പോർട്ട്. 49 മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. മരിച്ചവരിൽ കൂടുതൽ പേരും മലയാളികളാണെന്നും പലരുടെയും മൃതദേഹം തിരിച്ചറിയാകാനാത്ത നിലയിലാണുള്ളതെന്നുമാണ് സൂചന. ദുരന്തത്തിൽ 11 മലയാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 40 ഇന്ത്യാക്കാർ മരിച്ചു. കുവൈറ്റിലെ സർക്കാർ ഏജൻസികൾ തീ പിടിത്തത്തിൽ അന്വേഷണം തുടങ്ങി. അടുത്ത ദിവസങ്ങളിൽ മറ്റ് തൊഴിലാളി ക്യാമ്പുകളിലും പരിശോധന നടക്കും.
നിരവധി മലയാളികൾ ജോലി ചെയ്യുന്ന എൻബിടിസി കമ്പനിയുടെ ക്യാംപിലാണ് ദുരന്തമുണ്ടായത്. മലയാളിയുടെ ഉടമസ്ഥതയിലാണ് ഈ കമ്പനി. പ്രാദേശിക സമയം പുലർച്ചെ ആറ് മണിയോടെ ആയിരുന്നു സംഭവം. പലർക്കും പരിക്കേറ്റത് പുക ശ്വസിച്ചും രക്ഷപ്പെടാൻ വേണ്ടി കെട്ടിടത്തിൽ നിന്ന് ചാടിയപ്പോഴുമാണ്.
നോർക്ക ആസ്ഥാനത്ത് ഹെൽപ് ലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 18004253939 എന്ന നമ്പറിൽ ബന്ധപ്പെടാം. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം പുതിയ വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് കുവൈറ്റിലെത്തി. ദുരന്തത്തിനിരയായവരുടെ മൃതദേഹങ്ങൾ എത്രയുംവേഗം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കുവൈറ്റിലെ തെക്കൻ അഹമ്മദി ഗവർണറേറ്റിലെ മംഗഫ് ഏരിയയിലെ ആറ് നില കെട്ടിടത്തിലെ അടുക്കളയിൽ ബുധനാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തത്തിൽ ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ ആഴം വർദ്ധിപ്പിച്ചു.ബുധനാഴ്ച പുലർച്ചെ പ്രാദേശിക സമയം ആറ് മണിക്കാണ് അപകടമുണ്ടായത്. (ഇന്ത്യൻ സമയം രാവിലെ 8.30) കെട്ടിടത്തിൽ താമസിച്ച നിരവധിപേരെ രക്ഷിച്ചെങ്കിലും നിരവധിപേർ പുക ശ്വസിച്ച് മരിച്ചു. കെട്ടിടത്തിന്റെ ഉടമ, കെട്ടിടത്തിന്റെ കാവൽക്കാരൻ, ഈ കെട്ടിടത്തിൽ താമസിക്കുന്ന തൊഴിലാളികളുടെ ഉത്തരവാദിത്തമുള്ള കമ്പനിയുടെ ഉടമ എന്നിവരെ പിടികൂടാൻ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹ് ഉത്തരവിട്ടു എന്നാണ് റിപ്പോർട്ട്.
അതിനിടെ ദുരന്തം വേദനിപ്പിക്കുന്നെന്ന് ഇന്ത്യൻ പ്രധാനമന്ത്രി മോദി പറഞ്ഞു. കുവൈറ്റ് അധികാരികളുമായി ബന്ധപ്പെട്ട് ദുരന്തത്തിനിരയായവരെ സഹായിക്കുന്നുണ്ടെന്നും അറിയിച്ചു. തീപ്പിടിത്തമുണ്ടായ ലേബർ ക്യാമ്പും പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന അൽ-ആദൻ ആശുപത്രിയും സന്ദർശിച്ചതായി കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ആദർശ് ൈസ്വക എക്‌സിൽ അറിയിച്ചു. കുവൈറ്റിലെ ലാ എൻഫോഴ്‌സ്മെന്റ് ഏജൻസികൾ, അഗ്‌നിരക്ഷാ സേനാവിഭാഗം, ആരോഗ്യവകുപ്പ് എന്നിവയുമായി ബന്ധപ്പെടുന്നുണ്ടെന്നും അംബാസഡർ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും കുവൈത്ത് സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമാണ് മന്ത്രി കീർത്തിവർധൻ സിങ്ങിനെ നിയോഗിച്ചത്. മൃതദേഹങ്ങൾ എത്രയുംവേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.
ദുരിതബാധിതർക്ക് അടിയന്തര സഹായമെത്തിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.യും കൊടിക്കുന്നിൽ സുരേഷ് എംപി.യും വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സച്ചെലവുകൾ വഹിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ എത്രയുംവേഗം നാട്ടിലെത്തിക്കാൻ സഹായങ്ങൾ നൽകാൻ എംബസിയോടു നിർദ്ദേശിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു. ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് സഹായധനം നൽകാനും ചികിത്സാസഹായം നൽകാനും നടപടികൾ സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.
കുവൈത്ത് തീപിടിത്തത്തിൽ 40 ഓളം ഇന്ത്യക്കാർ മരിച്ച സാഹചര്യത്തിൽ കുവൈറ്റിലെ വിദേശകാര്യമന്ത്രി അബ്ദുള്ള അലി അൽ-യഹിയയുമായി ചർച്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം കുവൈത്ത്
വിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കുവൈത്ത് ഭരണകൂടത്തിന്റെ ഉറപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
എക്‌സിൽ പങ്കുവച്ച കുറിപ്പിലാണ് ജയശങ്കർ ഇത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കൃതി വർദ്ധൻ സിംഗ് ഇന്ന് കുവൈത്തിലെത്തിയ ശേഷം സ്ഥിതിഗതികൾ അവലോകനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക് പോകുമെന്നും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ പരിശ്രമിക്കുകയും മൃതദേഹങ്ങൾ വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയം നേരത്തെ ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ട് ലക്ഷം വീതം ധനസഹായവും പ്രഖ്യാപിച്ചു. സംഭവത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു.
https://www.facebook.com/Malayalivartha