ലഗേജില്‍ മദ്യക്കുപ്പിയില്‍ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ വൻ ശേഖരം, സൗദി എയർപ്പോർട്ടിലെത്തിയ മലയാളി ഫുട്ബോള്‍ താരം പിടിയിൽ
ഗൾഫ് രാജ്യങ്ങളിലേക്ക് പോകുമ്പോൾ ലഗേേജിൽ അനധികൃതമായി ഒരു തരത്തിലുമുള്ള വസ്തുക്കൾ കൊണ്ടുപോകരുതെന്ന് പ്രവാസികളായ യാത്രക്കാർക്കെല്ലാം അറിയാം. പ്രത്യേകിച്ച് സൗദി എയർപ്പോർട്ടിൽ. മൂന്ന് സ്കാനറുകളിലെ പരിശോധനക്ക് ശേഷമാണ് ലഗേജുകള്‍ കടത്തിവിടുന്നത്.എന്നാൽ സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തില്‍ മലയാളി ഫുട്ബോള്‍ താരം പിടിയിലായിരുക്കുകയാണ്. അബഹയില്‍ പെരുന്നാള്‍ ദിനങ്ങളില്‍ പ്രവാസി സംഘടനകള്‍ സംഘടിപ്പിക്കുന്ന ഫുട്ബോള്‍ മത്സരത്തില്‍ പ്രമുഖ മലയാളി ടീമിന് വേണ്ടി കളിക്കാനെത്തിയതായിരുന്നു യുവാവ്.
മദ്യക്കുപ്പിയില്‍ ഒട്ടിക്കുന്ന സ്റ്റിക്കർ സഹിതമാണ് താരത്തെ പിടികൂടിയിരിക്കുന്നത്. അഞ്ച് പേരാണ് ടൂർണ്ണമെന്റുകളിൽ കളിക്കുന്നതിന് കോഴിക്കോട് നിന്നും എയർ അറേബ്യ വിമാനത്തിൽ അബഹയിൽ ഇറങ്ങിയത്. ഇവരിൽ ഒരാളാണ് സുരക്ഷാ വിഭാഗത്തിന്റെ കസ്റ്റഡിയിൽ കഴിയുന്നത്. ഇയാള്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി കളിക്കാൻ സൗദിയിലെ വിവിധ സ്ഥലങ്ങളില്‍ നിരന്തരം എത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അബ്ഹ എയർപോർട്ടില്‍ എത്തിയ യുവാവിന്റെ ലഗേജില്‍ മദ്യക്കുപ്പിയില്‍ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ വൻ ശേഖരം കണ്ടതാണ് പിടികൂടാൻ കാരണമെന്ന് അറിയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
നാട്ടില്‍ നിന്നൊരാള്‍ കൊടുത്തയച്ചതായും പറയപ്പെടുന്നു. ലഹരി കടത്ത് തടയാൻ സൗദി എയർപോർട്ടുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. മദ്യനിരോധനം നിലനില്‍ക്കുന്ന സൗദിയില്‍ മദ്യവുമായി ബന്ധപ്പെട്ട എന്ത് വസ്തു കൊണ്ടുവരുന്നതും കുറ്റകരമാണ്. ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ മരുന്ന് കൊണ്ടുവരുന്നതിനും നിശ്ചിത അളവില്‍ കൂടുതല്‍ മരുന്ന് കൊണ്ടുവരുന്നതിനുമെല്ലാം കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha