നിമിഷ പ്രിയയുടെ മോചനത്തിനായി ആശ്വാസധനം ഉടന്‍ സ്വരൂപിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ച് അമ്മ പ്രേമകുമാരി; വേണ്ടത് മൂന്ന് കോടിയോളം രൂപ...
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ആശ്വാസധനം ഉടന്‍ സ്വരൂപിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ച് അമ്മ പ്രേമകുമാരി. മകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കു പിന്തുണ നൽകണമെന്ന് വീഡിയോ കോണ്‍ഫ്രന്‍സ് വഴി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബം ആശ്വാസധനം സ്വീകരിച്ചു നിമിഷയോടു ക്ഷമിക്കുന്നതോടെ മാത്രമേ ജയില്‍മോചനം സാധ്യമാകൂ. ഏതു സമയത്തും വിധി നടപ്പിലാക്കാനുള്ള ഉത്തരവ് ഉണ്ടാകുമെന്നതിനാല്‍ എത്രയും വേഗം പണം സ്വരൂപിക്കണം. ആശ്വാസധനത്തിനും മറ്റു നടപടികള്‍ക്കും ആവശ്യമായ മൂന്നു കോടിയോളം രൂപ അക്കൗണ്ടിലുണ്ടെന്നു ബോധ്യപ്പെടുത്തണമെന്നും ഇവര്‍ പറഞ്ഞു.
മഹ്ദിയുടെ കുടുംബവുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ കഴിയില്ല. അവരുടെ ഗോത്രത്തലവനേ അതിന് കഴിയൂ. അവരുമായി ചര്‍ച്ച നടത്താന്‍ 25 ലക്ഷം രൂപയും മോചനത്തിന് അപേക്ഷിക്കാന്‍ മറ്റൊരു 25 ലക്ഷം രൂപയും ഉടന്‍ സമാഹരിക്കേണ്ടതുണ്ട്. മകളുടെ മോചനത്തിനായി ഈ തുക എത്രയും വേഗം സമാഹരിച്ച് തരണണമെന്ന് പ്രേമകുമാരി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
സേവ് നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ അംഗങ്ങളുടെയും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെയും നീണ്ട പരിശ്രമത്തിനൊടുവിലാണ്, ജിബൂട്ടിയിലെ ഇന്ത്യന്‍ എംബസി യെമന്‍ പൗരനായ ഒരു അഭിഭാഷകനെ നിയമിക്കുകയും നിമിഷയ്ക്ക് വേണ്ടി ചര്‍ച്ച നടത്താനും മറ്റുമായി സൗകര്യങ്ങള്‍ ഒരുക്കിയത്. ഏപ്രിലിലാണ് മകളെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക് പോയത്.
യെമൻ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്കു വിധിച്ചത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്പോർട്ട് പിടിച്ചെടുത്ത് ഭാര്യയാക്കിവയ്ക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചത്. ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, തലാലിനെ കൊല്ലാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തലാലിന്റെ കൈവശമുണ്ടായിരുന്ന പാസ്പോര്‍ട്ട് വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നും നിമിഷ പറഞ്ഞിരുന്നു. തന്റെ പ്രശ്‌നങ്ങള്‍ അറിഞ്ഞ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദേശപ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു.
മരുന്നു കുത്തിവയ്ക്കുന്നതിന് സഹായിച്ച തദ്ദേശിയായ നഴ്സ് ഹാൻ ഇതേ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. കൊല്ലപ്പെട്ട തലാലിൻ്റെ നാട് ഹൂതി വിമതരായ ഇസ്ലാമിക ഗോത്രവര്‍ഗക്കാരുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ്. കടുത്ത ഇസ്ലാം നിയമങ്ങൾ പിന്തുടരുന്ന വിഭാഗമാണ് ഇവർ. അതുകൊണ്ടുതന്നെ കൊലപാതകത്തിനേക്കാൾ കൂടുതൽ അവരെ പ്രകോപിപ്പിക്കുന്നത് കൊലപാതക ശേഷം മൃതദേഹം വികൃതമാക്കിയെന്ന കുറ്റമാണ്.
ദയാധനം സ്വീകരിക്കുന്ന കാര്യത്തില്‍ തലാലിൻ്റെ കുടുംബത്തിലെ രണ്ടംഗങ്ങളാണ് എതിരുനിൽക്കുന്നത്. ഈ രണ്ടുപേരൊഴികെ മറ്റുള്ളവരുടെ സമ്മതം ലഭിച്ചിരുന്നു. മോചനം സംബന്ധിച്ചുള്ള ചർച്ചകൾ ഊർജ്ജിതമാക്കാനാണ് ശ്രമം. ഉടൻ തന്നെ കൊല്ലപ്പെട്ട യമൻ പൗരന് കുടുംബവുമായും ഗോത്രവർഗ നേതാക്കളും കൂടിക്കാഴ്ച്ച നടത്തും. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും.
https://www.facebook.com/Malayalivartha