സൗദി അറേബ്യയില്‍ കണ്ടെത്തിയത് കൂറ്റന്‍ എണ്ണപ്പാടങ്ങള്‍; എന്നിട്ടും എന്തിന് ഇറക്കുമതി ചെയ്യുന്നു..?
സൗദി അറേബ്യയില്‍ കണ്ടെത്തിയ പുതിയ,കൂറ്റന്‍ എണ്ണപ്പാടങ്ങള്‍ വരും വര്‍ഷങ്ങളില്‍ പുതിയ തൊഴിലവസരങ്ങള്‍ക്ക് ആണ് വഴി തുറക്കുന്നത്. ജി.സി.സി രാജ്യങ്ങളില്‍ പെട്രോളിയത്തിന്റെ ലഭ്യത കുറയുന്നുവെന്ന ആശങ്കകള്‍ക്കിടയിലാണ് സൗദിയില്‍ പുതിയ എണ്ണപ്പാടങ്ങള്‍ കണ്ടെത്തിയത്. നിലവിലുള്ളവയില്‍ നിന്ന് അടുത്ത രണ്ട് നൂറ്റാണ്ടിലെ ആഭ്യന്തര ഉപയോഗത്തിനുള്ള പെട്രോളിയം അവരുടെ കയ്യില്‍ സ്റ്റോക്കുണ്ട്. എന്നാല്‍ എണ്ണ വില്‍പ്പനയെ പ്രധാന കയറ്റുമതി വരുമാനമായി കാണുന്ന സൗദി അറേബ്യക്ക് ഭാവിയിലേക്ക് പിടിച്ചു നില്‍ക്കണമെങ്കില്‍ കൂടുതല്‍ എണ്ണ ഖനനം സാധ്യമാകണം. എണ്ണ ഖനനത്തിലും കയറ്റുമതിയിലും മുന്‍പന്തിയിലുള്ള രാജ്യമാണ് സൗദി അറേബ്യ. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് എന്ന സംഘടനയിലെ പ്രധാനിയാണ്.
ലോകത്ത് എണ്ണ വില നിശ്ചയിക്കുന്നതിലും സൗദി അറേബ്യയുടെ പങ്ക് ചെറുതല്ല. സൗദിയുടെ നേതൃത്വത്തിലുള്ള ഒപെക് രാജ്യങ്ങളും ഈ കൂട്ടായ്മയില്‍ അംഗമല്ലാത്ത റഷ്യ ഉള്‍പ്പെടെയുള്ള എണ്ണ രാജ്യങ്ങളുമാണ് വിപണിയിലെ വില തീരുമാനിക്കുന്ന പ്രമുഖര്‍. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും സൗദി അറേബ്യ വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ പ്രധാന രാജ്യങ്ങളിലൊന്ന് സൗദി അറേബ്യയാണ്. ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളും എണ്ണയ്ക്ക് വേണ്ടി റഷ്യയെ കൂടുതലായി ആശ്രയിക്കുന്നു. സൗദി അറേബ്യ എന്തിനാണ് എണ്ണ ഇറക്കുമതി ചെയ്യുന്നത് ..?
ഇന്ധന എണ്ണയാണ് റഷ്യയില്‍ നിന്ന് സൗദി അറേബ്യ ഇറക്കുന്നത്. ജൂലൈയില്‍ റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കിയ രണ്ട് രാജ്യങ്ങള്‍ ചൈനയും സൗദി അറേബ്യയുമാണ് എന്ന് ചരക്ക് കടത്ത് കപ്പലുകളുടെ കണക്കുകള്‍ പരിശോധിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയില്‍ സംഭരണ കേന്ദ്രങ്ങളില്‍ അറ്റക്കുറ്റ പണികള്‍ പൂര്‍ത്തിയായതോടെ എണ്ണ കയറ്റുമതി വര്‍ധിച്ചിട്ടുണ്ട്. ഈ അവസരം മുതലെടുക്കുകയാണ് സൗദി.
റഷ്യയില്‍ നിന്നുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ജൂലൈയില്‍ ഏഴ് ശതമാനം വര്‍ധിച്ചിട്ടുണ്ട്. 40 ലക്ഷം മെട്രിക് ടണ്‍ ആണ് വര്‍ധന. ഇതില്‍ ചൈനയും സൗദി അറേബ്യയും ഏഴ് ലക്ഷം ടണ്‍ വീതമാണ് വാങ്ങിയത്. ജൂണില്‍ വാങ്ങിയതിനേക്കാള്‍ 18 ശതമാനം അധികം ജൂലൈയില്‍ ചൈന വാങ്ങി. സൗദി അറേബ്യയാകട്ടെ വാങ്ങുന്ന അളവ് ഇരട്ടിയാക്കുകയും ചെയ്തു.
ഇന്ധന എണ്ണ വന്‍തോതില്‍ റഷ്യയില്‍ നിന്ന് ഇറക്കുന്ന സൗദി അറേബ്യ വൈദ്യുതി ഉല്‍പ്പാദനത്തിനാണ് ഇവ ഉപയോഗിക്കുന്നത്. വേനലില്‍ സൗദിയില്‍ വൈദ്യുതി ആവശ്യം പതിന്മടങ്ങ് വര്‍ധിക്കും. ഈ വേളയില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഉപകാരം ചെയ്യും. റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്ക് വില കുറവാണ്. അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധം കാരണമാണ് റഷ്യ വില കുറച്ച് എണ്ണ വില്‍ക്കുന്നത്.
ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെയാണ് റഷ്യയുടെ എണ്ണ ടാങ്കറുകള്‍ സഞ്ചരിക്കുന്നത്. വളഞ്ഞ വഴിയായതിനാല്‍ ചെലവ് കൂടും. എങ്കിലും ഉപരോധം മറികടക്കാന്‍ വില കുറച്ച് വില്‍ക്കുകയാണ് റഷ്യ. ഈ അവസരമാണ് ഇന്ത്യയും ചൈനയും സൗദി അറേബ്യയും ഉല്‍പ്പെടെയുള്ളവര്‍ മുതലെടുക്കുന്നത്. ആഫ്രിക്ക വഴി കപ്പലുകള്‍ സഞ്ചരിക്കാനുള്ള കാരണം മറ്റൊന്നാണ്. ചെങ്കടലിലൂടെ എണ്ണ കപ്പല്‍ എത്തുന്നതാണ് ചെലവ് കുറഞ്ഞ പാത. ഇസ്രായേല്‍ കപ്പലുകള്‍ ഇവിടെ യമനിലെ ഹൂത്തികള്‍ ആക്രമിക്കുന്നുണ്ട്. പലപ്പോഴും മറ്റു കപ്പലുകളും ആക്രമിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ മിക്ക കപ്പലുകള്‍ വഴി മാറിയാണ് യാത്ര ചെയ്യുന്നത്. 2023 മുതല്‍ ആഫ്രിക്ക വഴി യാത്ര ചെയ്യുന്നതിനാല്‍ എണ്ണയ്ക്ക് അല്‍പ്പം ചെലവ് കൂടിയിട്ടുണ്ട്. സ്വന്തം എണ്ണ കയറ്റുമതി ചെയ്യുന്ന സൗദി, റഷ്യയില്‍ നിന്നുള്ള എണ്ണ ആഭ്യന്തര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് സൗദി അറേബ്യ. പ്രതിദിനം ഒന്നേകാല്‍ കോടി ബാരലാണ് ഉല്‍പ്പാദനം. ഗവേഷണത്തിലൂടെ കണ്ടെത്തിയ പെട്രോളിയം സ്റ്റോക്കിന്റെ ഒരു ശതമാനമാണ് പ്രതിവര്‍ഷം ഖനനം ചെയ്തു വരുന്നത്. ഇത് അടുത്ത ഇരുനൂറ് വര്‍ഷത്തേക്ക് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പുതിയ എണ്ണപ്പാടങ്ങള്‍ കണ്ടെത്താതിരിക്കുകയോ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്റ് വര്‍ധിക്കുകയോ ചെയ്താല്‍ ഈ ശേഖരം നേരത്തെ അവസാനിക്കും. ഉല്‍പ്പാദനത്തിന്റെ 59 ശതമാനം കയറ്റുമതി ചെയ്യുന്ന രാജ്യം കൂടിയാണ് സൗദി അറേബ്യ.
https://www.facebook.com/Malayalivartha