എമിറേറ്റ്സ് എയർലൈൻ വിമാനങ്ങളിൽ പേജറും വാക്കിടോക്കിയും നിരോധിച്ചു: മിഡിൽ ഈസ്റ്റിൽ അമേരിക്ക സൈനിക സാന്നിധ്യം വർദ്ദിപ്പിക്കുന്നു...
എമിറേറ്റ്സ് എയർലൈൻ വിമാനങ്ങളിൽ പേജറും വാക്കിടോക്കിയും നിരോധിച്ചു. എല്ലാ സെക്ടറുകളിലെയും വിമാനങ്ങളിൽ ഈ നിരോധനം ബാധകമാണ്. യാത്രക്കാരുടെ ഹാൻഡ് ബാഗേജിലോ ലഗേജിലോ ഇവ കണ്ടെത്തിയാൽ പിടിച്ചെടുക്കും. ലബനനിലെ പേജർ, വാക്കിടോക്കി സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് എമിറേറ്റ്സ് എയർലൈൻ വിമാനങ്ങളിൽ ഈ നടപടി. ഹാൻഡ് ലഗേജുകളിലോ ചെക്ക്-ഇൻ ബാഗേജുകളിലോ പേജർ, വാക്കിടോക്കി എന്നീ വസ്തുക്കൾ കണ്ടെത്തിയാൽ ദുബായ് പൊലീസ് പിടിച്ചെടുക്കുമെന്ന് എയർലൈൻ വ്യക്തമാക്കിയിട്ടുണ്ട്.
മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാൽ, വിമാന സർവീസുകൾ തടസ്സപ്പെടുന്നത് തുടരുകയാണ്. മേഖലയിലെ ഏറ്റവും വലിയ എയർലൈനായ എമിറേറ്റ്‌സ് വെള്ളിയാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ, ലെബനൻ്റെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ നിന്നുള്ള വിമാനങ്ങൾ ഒക്ടോബർ 15 വരെ റദ്ദാക്കിയതായി അറിയിച്ചു.
ദുബായിൽ നിന്ന് ലബനനിലേക്ക് 8 വരെ വിമാന സർവീസില്ല. ഇന്ന് ജോർദാൻ്റെ തലസ്ഥാനമായ അമ്മാനിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുമെന്നും ഇറാഖിലേക്കും ഇറാനിലേക്കും പുറപ്പെടുന്ന വിമാനങ്ങൾ നാളെ വരെ റദ്ദാക്കുമെന്നും എമിറേറ്റ്സ് കൂട്ടിച്ചേർത്തു. ഈ രാജ്യങ്ങളിലേക്കുള്ള കണക്‌ഷൻ സർവീസും എമിറേറ്റ്സ് നിർത്തിവച്ചിരുന്നു. മറ്റ് നിരവധി എയർലൈനുകളും ബെയ്‌റൂട്ടിലേക്കും മറ്റ് പ്രാദേശിക വിമാനത്താവളങ്ങളിലേക്കുമുള്ള വിമാനങ്ങൾ റദ്ദാക്കി.
സെപ്തംബർ 19 മുതൽ ലെബനനിലെ ബെയ്റൂട്ട്-റാഫിക് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും പറക്കുന്ന വിമാനങ്ങളിലും പേജർ കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. ദുബായ് വഴി യാത്ര ചെയ്യുന്നവർ ഉൾപ്പെടെ ബെയ്‌റൂട്ടിലേക്കുള്ള യാത്രക്കാർക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബുക്കിങ് സ്വീകരിക്കില്ല. ഉപഭോക്താക്കൾ ഇതര യാത്രാ ക്രമീകരണങ്ങൾക്കായി അവരുടെ ബുക്കിംഗ് ഏജൻ്റുമാരെ ബന്ധപ്പെടണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ലെബനനില്‍ നിരവധി ഹിസ്ബുള്ള പ്രവര്‍ത്തകര്‍ കൊല്ലപ്പെടാന്‍ കാരണമായ പേജര്‍, വാക്കിടോക്കി സ്‌ഫോടനം, വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണമായിരുന്നു. ലെബനനിലെ ഹിസ്ബുള്ളക്കായി പേജറുകള്‍ നിര്‍മിച്ച ഹംഗറി ആസ്ഥാനമായ ബിഎസി കണ്‍സള്‍ട്ടിങ് ഒരു ഇസ്രയേല്‍ ഷെല്‍ കമ്പനിയാണെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിക്കാനും ട്രാക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള പേജറുകളിലേക്ക് മാറാനും ഹിസ്ബുള്ള നേതാക്കള്‍ ആഹ്വാനം ചെയ്യുന്നതിനു മുന്‍പ് തന്നെ ഇലക്ട്രോണിക് ആക്രമണത്തിനുള്ള പദ്ധതി ഇസ്രയേല്‍ ചാരസംഘടന മൊസാദ് തയാറാക്കിയിരുന്നു. ഇതിനായി ഒന്നിലധികം ഷെല്‍ കമ്പനികളും ഇസ്രയേല്‍ ആരംഭിച്ചിരുന്നു. ഉടമസ്ഥരുടെ ഐഡിന്റിറ്റി പൂര്‍ണമായി ഒഴിവാക്കിയായിരുന്നു ഷെല്‍ കമ്പനികളുടെ രൂപീകരണം.
പ്രത്യക്ഷത്തില്‍, ബിഎസി കണ്‍സള്‍ട്ടിങ് ഹംഗറി ആസ്ഥാനമായുള്ള ഒരു കമ്പനിയാണ്. തായ്‌വാൻ കമ്പനിയായ ഗോള്‍ഡ് അപ്പോളോയ്ക്ക് വേണ്ടി ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ നടപ്പാക്കുന്ന കമ്പനി കൂടിയാണ്. ഈ കമ്പനി ഇസ്രായേലി ചാരസംഘടനയുടെ നിയന്ത്രണത്തിലായിരുന്നെന്ന് ഇസ്രയേലിലെ തന്നെ മൂന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മൊബൈല്‍ ഫോണുകള്‍ ഒഴിവാക്കി പേജറുകള്‍ ഉപയോഗിക്കാന്‍ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രല്ല ഉത്തരവിട്ടതോടെ ലെബനനിലേക്ക് വന്‍തോതില്‍ പേജറുകളുടെ കയറ്റുമതി വര്‍ധിച്ചു. ഹിസ്ബുള്ളയ്ക്കായി നിര്‍മിച്ച പേജറുകളിലുണ്ടായിരുന്നത് സ്‌ഫോടനാത്മകമായ പെന്ററിത്രിറ്റോള്‍ ടെട്രാനൈട്രേറ്റ് അടങ്ങിയ ബാറ്ററികളായിരുന്നു. ഇവകൃത്യമായി ഒരു സന്ദേശത്തിലൂടെ പൊട്ടിത്തെറിപ്പിക്കാവുന്ന തരത്തിലാണ് നിര്‍മിച്ചിരുന്നത്. ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ഇസ്രായേല്‍ ദശലക്ഷക്കണക്കിന് ഡോളറാണ് ചെലവഴിച്ചത്. യഥാര്‍ഥത്തില്‍ ഹാക്കിങ് പേടിച്ച് മൊബൈല്‍ ഒഴിവാക്കി പേജറുകളിലേക്ക് മടങ്ങാനുള്ള ഹിസ്ബുള്ളയുടെ തീരുമാനം തന്നെയാണ് അവര്‍ക്ക് തിരിച്ചടിയായത്.
അതേ സമയം, സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിൽ അമേരിക്ക സൈനിക സാന്നിധ്യം വർധിപ്പിക്കുകയാണ്. നിരവധി സൈനിക സംഘങ്ങളാണ് പുതുതായി എത്തിയിട്ടുള്ളത്. കൂടാതെ യുഎസ് സൈന്യത്തിന്റെയും സഖ്യകക്ഷികളുടെയും സംരക്ഷണത്തിനായി നിരവധി യുദ്ധ വിമാനങ്ങളും മറ്റു വിമാനങ്ങളുടെയും ഒരു നിര തന്നെ അയക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ഇതോടെ മേഖലയിലെ മൊത്തം അമേരിക്കൻ സൈനികരുടെ എണ്ണം 43,000 കവിഞ്ഞു. കൂടാതെ ഒരു ഡസനിലധികം യുദ്ധക്കപ്പലുകളും പല കടലുകളിലായി നിലയുറപ്പിച്ചിട്ടുണ്ട്.
മിഡിൽ ഈസ്റ്റ് മൊത്തമായി വരുന്ന യുഎസ് സെൻട്രൽ കമാൻഡിൽ സാധാരണയായി 34,000 സൈനികരാണ് ഉണ്ടാകാറ്. ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയതിന് പിന്നാലെ കൂടുതൽ കപ്പലുകളും വിമാനങ്ങളും അയച്ചതോടെ ഇത് 40,000ത്തിലെത്തി. ചെറിയ സൈനിക സംഘങ്ങളെ വീണ്ടും അയക്കുന്നുണ്ട് പെന്റഗൺ ഈയിടെ അറിയിച്ചിരുന്നു. യുഎസ് നേവിയുടെ യുദ്ധക്കപ്പലുകൾ കിഴക്കൻ മെഡിറ്റേറിയൻ കടൽ മുതൽ ഒമാൻ ഉൾക്കടൽ വരെയുണ്ട്.
കൂടാതെ ഏത് തരം ആക്രമണവും നേരിടുന്നതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിലായി എയർ ഫോഴ്സിന്റെയും നേവിയുടെയും യുദ്ധ വിമാനങ്ങളും സജ്ജമാണ്. കഴിഞ്ഞ ആഗസ്റ്റിൽ അതിനൂതന എഫ്-22 യുദ്ധവിമാനങ്ങൾ അമേരിക്കൻ എയർഫോഴ്സ് അയച്ചിരുന്നു. ഇതോടെ മിഡിൽ ഈസ്റ്റിൽ ഇവയുടെ എണ്ണം നാലായി ഉയർന്നു. കൂടാതെ എ-10 തണ്ടർബോർട്ട് 2, എഫ്-15ഇ, എഫ്-16 തുടങ്ങിയ ഫൈറ്റർ ജെറ്റുകളുടെയും ഒരു നിര തന്നെയുണ്ട്.
https://www.facebook.com/Malayalivartha