കടുത്ത വേനലിന് ശേഷം ദുബൈയിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; ഒക്ടോബർ ആറ് ഇന്നു മുതൽ ഒമ്പതു വരെ രാജ്യത്തിൻറെ പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയുണ്ടാകും
കടുത്ത വേനലിന് ശേഷം ദുബൈയിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ഒക്ടോബർ ആറ് ഇന്നു മുതൽ ഒമ്പതു വരെ രാജ്യത്തിൻറെ പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയുണ്ടാകും എന്നാണ് പ്രവചനം. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻസിഎം) ആണ് ഇക്കാര്യം അറിയിച്ചത്. ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ മഴ ശക്തമായേക്കും. വടക്ക്, കിഴക്കൻ പ്രദേശങ്ങളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മാത്രമല്ല, മഴയോടൊപ്പം ചെറിയ രീതിയിൽ കാറ്റും പ്രതീക്ഷിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും ദൃശ്യപരത കുറയാൻ സാധ്യയുണ്ട്. അറേബ്യൻ കടലിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്. ഇന്നലെ വെെകുന്നേരം ആണ് കാലാവസ്ഥ മാറ്റം സംബന്ധിച്ച മുന്നറിയിപ്പ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടത്. മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്ത് ഉപരിതല ന്യൂനമർദം അനുഭവപ്പെടും. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്. മഴ മുന്നറിയിപ്പുകൾ അനുസരിച്ച് മാത്രമേ പുറത്തുപോകാൻ പാടുള്ളുവെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ഇത് കൂടാതെ ഒമാനിലും വരുന്ന ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് അധികൃതര്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. വരുന്ന ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ 6 ഞായറാഴ്ച മുതല്‍ ഒക്ടോബര്‍ 9 ബുധനാഴ്ച വരെ അല്‍ ഹാജര്‍ പര്‍വ്വതനിരകളിലും സമീപ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. വിവിധ തീവ്രതകളിലുള്ള മഴ ഉണ്ടാകുമെന്നാണ് പ്രവചനം. ചിലപ്പോള്‍ മഴക്കൊപ്പം ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. മഴ മൂലം താഴ്വരകള്‍ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. കാലാവസ്ഥ സ്ഥിതിഗതികള്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ഏര്‍ലി വാണിങ് ഓഫ് മള്‍ട്ടിപ്പിള്‍ ഹസാര്‍ഡ്സ് വിദഗ്ധര്‍ നിരീക്ഷിച്ച് വരികയാണ്. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പിന്തുടരണമെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha