എം.എ യൂസഫലിയെ തേടിയെത്തിയിരിക്കുന്നത് ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെ ഏക മലയാളി എന്ന പ്രശസ്തി; ലോകത്തെ ഏറ്റവും വലിയ സമ്പന്നരായ 500 പേരുടെ പട്ടിക ബ്ലൂംബെർഗ് പ്രസിദ്ധപ്പെടുത്തി
പ്രവാസികളുടെ പ്രിയങ്കരനാണ് പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി. ഗൾഫ് നാടുകളിൽ ദുരിതം അനുഭവിക്കുന്ന പ്രവാസികൾക്ക് എന്നും അദ്ദേഹം താങ്ങും തണലുമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലെ ഇടപെടൽ എം.എ യൂസഫലിയെ ജനശ്രദ്ധേയനാക്കി. പ്രവാസജീവിതത്തിൽ അര നൂറ്റാണ്ട് പൂർത്തിയാക്കി അദ്ദേഹം വിജയകരമായി തന്റെ ജൈത്രയാത്ര തുടരുകയാണ്.
ഇതിനിടയിൽ എം.എ യൂസഫലിയെ തേടിയെത്തിയിരിക്കുന്നത് ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെ ഏക മലയാളി എന്ന പ്രശസ്തി കൂടിയാണ്. ലോകത്തെ ഏറ്റവും വലിയ സമ്പന്നരായ 500 പേരുടെ പട്ടിക ബ്ലൂംബെർഗ് പ്രസിദ്ധപ്പെടുത്തിയപ്പോൾ മറ്റ് മലയാളികളാരും ഇതിൽ ഇടംപിടിച്ചിട്ടില്ല. പട്ടികയിൽ ഇടം പിടിച്ച ഒരേയൊരു മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ്. 6.45 ബില്യൻ ഡോളറിന്റെ ആസ്തിയോടെ 487–ാം സ്ഥാനത്താണ് എം.എ യൂസഫലി.
വാണിജ്യ വ്യവസായ സാമൂഹ്യ സേവനരംഗത്ത് നൽകിയ സേവനങ്ങളെ മാനിച്ച് നിരവധി ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ യൂസഫലിയെ തേടിയെത്തിയിട്ടുണ്ട്. രാജ്യം നൽകിയ പത്മശ്രീ, യു.എ.ഇ.യുടെ ഉന്നത ബഹുമതിയായ അബുദാബി അവാർഡ്, ബഹറൈൻ സർക്കാർ നൽകിയ ഓർഡർ ഓഫ് ബഹറൈൻ, ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീൻസ് പുരസ്‌കാരം, ഇന്തോനേഷ്യയുടെ പ്രിമ ദത്ത പുരസ്‌കാരം എന്നിവ ഇതിലുൾപ്പെടും. അബുദാബി ചേംബറിന്റെ വൈസ് ചെയർമാനായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് നാമനിർദേശം ചെയ്തതാണ് യൂസഫലിയെ തേടിയെത്തിയ മറ്റൊരു ഉന്നതമായ അംഗീകാരം.
ഇതേസമയം, ബ്ലൂംബെർഗ് പ്രസിദ്ധപ്പെടുത്തിയ പട്ടിക പരിശോധിക്കുകയാണെങ്കിൽ ലോകത്തെ നൂറ് സമ്പന്നരിൽ യുഎസ്സിൽ നിന്ന് 35 പേരും ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിൽ നിന്ന് 12 പേർ വീതവും ഇടം പിടിച്ചു. ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ മുകേഷ് അംബാനിയാണ്. അതിസമ്പന്നരായ 500 പേരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുളള 12 വ്യവസായികളാണുളളത്. 41 ബില്യൺ ഡോളർ ആസ്തിയുള്ള എച്ച്‌സിഎൽ സ്ഥാപകൻ ശിവ് നാടാർ 37 ആമതും ടാറ്റാ സൺസ് മേധാവിമാരിൽ ഒരാളായ ഷാപൂർ മിസ്ത്രി 38 ാം സ്ഥാനത്തും പട്ടികയിലുണ്ട്. ജിൻഡാൽ ഗ്രൂപ്പ് മേധാവി സവിത്രി ജിൻഡാലാണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വനിത.
സ്‌പേസ് എക്‌സ്, ടെസ്ല, എക്‌സ് മേധാവി ഇലോൺ മസ്‌കാണ് പട്ടികയിൽ ഒന്നാമത്. 263 ബില്യൺ ഡോളർ ആസ്തിയാണ് മസ്‌കിനുള്ളത്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാം സ്ഥാനത്തെത്തി. 451 കോടി ഡോളറിന്റെ മുന്നേറ്റത്തോടെ, 211 ബില്യൻ ഡോളറിന്റെ ആസ്തിയോടെയാണ് സക്കർബർഗ് രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. മൂന്നാം സ്ഥാനത്തുള്ള ജെഫ് ബെസോസിന് 209 ബില്യൻ ഡോളറിന്റെ ആസ്തിയാണുള്ളത്. ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ എൽവിഎംഎച്ചിന്റെ തലവൻ ബെർണാഡ് അർണോയാണ് നാലാംസ്ഥാനത്ത്. 193 ബില്യൻ ഡോളറിന്റെ ആസ്തിയാണ് ബെർണാഡിനുള്ളത്. ആദ്യ നൂറ് പേരുടെ പട്ടികയിൽ 59 പേരും യുഎസ്, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാല് പേരാണ് പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. ഇതിൽ മൂന്ന് പേരും സൗദിയിൽ നിന്നാണ്. സൗദിയിൽ അൽ വലീദ് ബിൻ തലാൽ രാജകുമാരനാണ് പട്ടികയിലെ അതിസമ്പന്നനായ അറബ് പൗരൻ. 17.4 ബില്യൻ ഡോളർ ആസ്തിയോടെ 123-സ്ഥാനത്താണ് തലാൽ. തൊട്ട് പിറകെ 11.7 ബില്യൻ ഡോളറുമായി സുലൈമാൻ അൽ ഹബീബ്, 9.22 ബില്യൻ ഡോളർ ആസ്തിയുമായി മുഹമ്മദ് അൽ അമൗദി എന്നിവരാണ് സൗദിയിൽ നിന്നും പട്ടികയിൽ ഇടം പിടിച്ചവർ. യുഎഇയിൽ നിന്നൂള്ള അബ്ദുല്ല ബിൻ അൽ ഗുറൈറാണ് പട്ടികയിലെ പ്രമുഖനായ മറ്റൊരു വ്യവസായി. ആഗോള തലത്തിൽ 298 സ്ഥാനത്തോടെ 9.28 ബില്യൻ ഡോളറാണ് അൽ ഗുറൈറിന്റെ ആസ്തി.
https://www.facebook.com/Malayalivartha