പിടിക്കപ്പെട്ടാൽ തടവുശിക്ഷയും വമ്പൻപിഴയും നാടുകടത്തലും, പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം പിടിക്കപ്പെട്ടാൽ റസിഡന്‍സി നിയമ ലംഘകര്‍ക്കെതിരേ നടപടികള്‍ ശക്തമാക്കും, നവംബര്‍ 1 മുതല്‍ യുഎഇയിൽ പരിശോധന ക്യാമ്പയ്നുകള്‍ ശക്തമാക്കും...!
യുഎഇയില്‍ പൊതുമാപ്പ് കാലാവധി ഒക്ടോബര്‍ 31ന് അവസാനിക്കുകയാണ്. ഇനി വെറും രണ്ടാഴ്ച്ചയിൽ താഴെ മാത്രമാണ് അവശേഷിക്കുന്നത്. ഈ അവസരം പ്രയോജനപ്പെടുത്തിയവരും പൊതുമാപ്പ് പ്രയോജനപ്പെടുത്താത്തവരും ഉണ്ട്. ഇത്തരം ഒരു അവസരം അത് പ്രയോജനപ്പെടുത്താതെ നിയമ ലംഘകരായി രാജ്യത്ത് തുടരുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍ രംഗത്തെത്തിയിരിക്കുകയാണ്.
കാലാവധി അവസാനിച്ച ശേഷം റസിഡന്‍സി നിയമ ലംഘകര്‍ക്കെതിരേ നടപടികള്‍ ശക്തമാക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി മുന്നറിയിപ്പ് നല്‍കി. നിയമലംഘകര്‍ക്ക് തങ്ങളുടെ സ്റ്റാറ്റസ് തീര്‍പ്പാക്കാന്‍ ഇനിയും മതിയായ സമയമുണ്ടെന്ന് അതോറിറ്റി അറിയിച്ചു.
പൊതുമാപ്പ് സമയപരിധിക്കുള്ളില്‍ സ്റ്റാറ്റസ് ക്രമപ്പെടുത്താത്ത നിയമലംഘകരെ കണ്ടെത്തുന്നതിനായി നവംബര്‍ 1 മുതല്‍ റെസിഡന്‍ഷ്യല്‍ ഏരിയകള്‍, കമ്പനികള്‍, വ്യാവസായിക മേഖലകള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ പരിശോധനാ ക്യാമ്പയ്നുകള്‍ ശക്തമാക്കും. അതിനു മുമ്പ് നിയമ ലംഘകര്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി അവരുടെ സ്റ്റാറ്റസ് ശരിയാക്കാന്‍ മുന്നോട്ടുവരണമെന്ന് അതോറിറ്റി അഭ്യര്‍ത്ഥിച്ചു.
സമയപരിധി അവസാനിക്കുന്നതിന് മുമ്പ് താമസം ക്രമവല്‍ക്കരിക്കുകയോ യുഎഇ വിടുകയോ ചെയ്യാത്ത നിയമലംഘകര്‍ പിഴയടക്കാനും മറ്റു നിയമനടപടി നേരിടാനും തയ്യാറാകണമെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതുമാപ്പ് കാലാവധി കഴിഞ്ഞ് നിയമലംഘനത്തിന് പിടിക്കപ്പെടുന്നവരില്‍ നിന്ന് പിഴകള്‍ പൂര്‍ണമായും ഈടാക്കുകയും തടവ് ശിക്ഷയും നാടുകടത്തലും ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് അവരെ വിധേയരാക്കുകയും ചെയ്യും. നിലവില്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി പിഴയടക്കാതെ രാജ്യം വിടുന്നവര്‍ക്ക് പുതിയ വിസയില്‍ യുഎഇയിലേക്ക് വരാന്‍ തടസ്സമുണ്ടാവില്ല.
എന്നാല്‍ പൊതുമാപ്പിന് ശേഷം പിടിക്കപ്പെടുന്നവര്‍ക്ക് യുഎഇയിലേക്ക് പ്രവേശന വിലക്കോടെയായിരിക്കും അവരെ നാടുകളിലേക്ക് അയക്കുക. അതിനാൽ കാലാവധി കഴിഞ്ഞാല്‍ അധികൃതരുടെ ഭാഗത്തു നിന്നുള്ള യാതൊരു ദയാദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടതില്ലെന്നും ഗ്രേസ് പിരീഡ് നീട്ടിനല്‍കുമെന്നു കരുതി സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നത് വൈകിപ്പിക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കി.
നിയമലംഘകരില്‍ നിന്നുള്ള ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തില്‍, പൊതുമാപ്പ് കാലയളവില്‍ ആവശ്യമായ മറ്റ് പല ഇളവുകളും നല്‍കിയിട്ടുണ്ടെന്നും ഗ്രേസ് കാലാവധി അവസാനിക്കുന്നതോടെ എല്ലാ ഇളവുകളും അവസാനിക്കുമെന്നും അതോറിറ്റി ഓര്‍മിപ്പിച്ചു.
ഇത് കൂടാതെ, പൊതുമാപ്പ് നടപടികൾ നടന്നുകൊണ്ടിരിക്കെ തന്നെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി പൊതുമാപ്പിൽ ചില ഇളവ് അനുവദിച്ചിരുന്നു. നിയമലംഘകനായ കുടുംബനാഥന്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യത്ത് നിന്ന് പുറത്തുപോവുന്ന സാഹചര്യത്തില്‍ അവരുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള മക്കളെ അവരുടെ അമ്മമാരുടെ കീഴിലേക്ക് മാറ്റാന്‍ അനുമതി നല്‍കുന്നതായിരുന്നു ഇത്.
അമ്മയ്ക്ക് ജോലി ഉണ്ടാവുകയും സാധുതയുള്ള റസിഡന്‍സി വിസ ഉണ്ടാവുകയും ചെയ്യണമെന്ന നിബന്ധന ഉണ്ടെന്ന് മാത്രം. ഇത്തരം കേസുകളില്‍ കുടുംബനാഥന് മക്കളുടെ സ്‌പോണ്‍സര്‍ഷിപ്പ് അമ്മയുടെ കീഴിലേക്ക് മാറ്റി രാജ്യം എക്‌സിറ്റ് പെര്‍മിറ്റില്‍ രാജ്യം വിടാനാവും.
കുടുംബത്തലവനും അവരുടെ കുടുംബാംഗങ്ങളും നിയമലംഘനങ്ങള്‍ നേരിടുന്നവരാണെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് രാജ്യം വിടാനോ അവരുടെ പദവി ക്രമപ്പെടുത്താനോ അനുവാദമുണ്ട്. അനുവദിച്ച ഗ്രേസ് പിരീഡില്‍ സ്‌പോണ്‍സറായ കുടുംബനാഥന് പുതിയ വിസ ലഭിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പിന് കീഴിലുള്ള കുടുംബാംഗങ്ങളുടെ താമസം റദ്ദാക്കപ്പെടുകയില്ലെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha