നിയമലംഘകരായി രാജ്യത്ത് തുടരാൻ അനുവദിക്കില്ല, കുവൈത്തിൽ ഈ വർഷം ഇതുവരെ നാടുകടത്തിയത് 25,000 പ്രവാസികളെ, നാടുകടത്തപ്പെട്ടവർക്ക് വിമാന ടിക്കറ്റ് നൽകാനുള്ള ഉത്തരവാദിത്തം സ്പോൺസർമാരുടേത്...!!!
കുവൈത്തിൽ പ്രവാസികളുടെ എണ്ണത്തിൽ വൻ വര്‍ധനവാണ് ഈ വർഷം രേഖപ്പെടുത്തിയത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 68.3 ശതമാനം എന്ന നിലയിലാണ് പ്രവാസികളുടെ എണ്ണം വർധിച്ചത്. പ്രാവാസികളുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതിന് ഫാമിലി വിസ, വിസിറ്റ് വിസയിൽ ഉൾപ്പെടെ കുവൈത്ത് നിയന്തണം ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യം നിലനിൽക്കെ രാജ്യത്തെ നിയമങ്ങൾ പാലിക്കാതെ നിയമലംഘകരായി കഴിയുന്ന പ്രവാസികളെ കണ്ടെത്തി നാടുകടത്തുന്ന ഭരണകൂടത്തിന്റെ നടപടികൾ തുടരുകയാണ്. ഈ വർഷം ഇതുവരെ 25,000 പേരെ കുവൈത്ത് നാടുകടത്തി.
താമസ, കുടിയേറ്റ, അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരെയും വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെയുമാണ് നാടുകടത്തിയത്. പ്രവാസികളുടെ എണ്ണം നിയന്ത്രിക്കുന്നത് മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെ പ്രവാസികൾ നിയമം കൂടി പാലിക്കാതെ രാജ്യത്ത് തുടർന്നാലുള്ള കാര്യം പറയേണ്ടതില്ലല്ലോ?. ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിവിധ മേഖലകളിൽ നിന്ന് റഫർ ചെയ്യപ്പെടുന്ന വ്യക്തികൾക്കായി മൂന്ന് ദിവസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാരംഭിച്ചതോടെ നാടുകടത്തൽ പ്രക്രിയ കാര്യക്ഷമമായതായി ഒരു അഭിമുഖത്തിൽ ബ്രിഗേഡിയർ അൽ മിസ്ബ വെളിപ്പെടുത്തി.
കഴിഞ്ഞ വർഷം മാത്രം, 42,000 പ്രവാസികളെ നാടുകടത്തി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ കുവൈറ്റില്‍ നിന്ന് ആറ് ലക്ഷത്തോളം പ്രവാസികളെ പല കാരണങ്ങളാല്‍ കുവൈറ്റില്‍ നിന്ന് നാടുകടത്തിയിട്ടുണ്ടെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാടുകടത്തപ്പെട്ടവർക്ക് വിമാന ടിക്കറ്റ് നൽകാനുള്ള ഉത്തരവാദിത്തം സ്പോൺസർമാരുടേതാണെന്ന് അദ്ദേഹം വിശദമാക്കി. ടിക്കറ്റ് റിസർവേഷനും പുറപ്പെടാനുള്ള നടപടിക്രമങ്ങളും വേഗത്തിലാക്കാൻ ഡിപോർട്ടേഷൻ ഡിപ്പാർട്ട്‌മെന്‍റിന്‍റെ കെട്ടിടത്തിലെ രണ്ട് ട്രാവൽ ഓഫീസുകൾ വഴി മന്ത്രാലയം സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്.
നാടുകടത്തലിന് അനുമതി ലഭിച്ചു കഴിഞ്ഞാൽ, വ്യക്തികളുടെ വിരലടയാളം രേഖപ്പെടുത്തുകയും മറ്റു നടപടികൾ പൂർത്തിയാക്കുകയും ചെയ്യുന്നു. നാടുകടത്തല്‍ കേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് പാസ്പോര്‍ട്ടോ എമര്‍ജന്‍സി ട്രാവല്‍ ഡോക്യുമെന്റോ ലഭ്യമാണെങ്കില്‍, നാടുകടത്തല്‍ പ്രക്രിയ കഴിയുന്നത്ര വേഗത്തില്‍ പൂര്‍ത്തിയാക്കും. ശരാശരി 72 മണിക്കൂര്‍ കൊണ്ട് ഇവരെ നാട്ടിലേക്ക് അയക്കും.
അതത് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാ രേഖകള്‍ നല്‍കുന്നതില്‍ ചില എംബസികളുടെ സഹകരണമില്ലായ്മ, പബ്ലിക് പ്രോസിക്യൂഷന്റെ നിലവിലുള്ള യാത്രാ നിരോധനം, കോടതി കേസ് തുടങ്ങിയവ കാരണം നാട്ടിലക്കുള്ള യാത്രകള്‍ വൈകാനിടയുണ്ട്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള അവരുടെ യാത്ര കർശന സുരക്ഷയിലാണ്.
വിവിധ കേസുകളില്‍ പിടിക്കപ്പെട്ട് നാടുകടത്താന്‍ വിധിക്കപ്പെട്ടവർക്കായി സുലൈബിയയിലെ പുതിയ കെട്ടിടം ഏകദേശം 90 ശതമാനം പൂര്‍ത്തിയായതായി ബ്രിഗേഡിയർ അൽ മിസ്ബ അറിയിച്ചു. നാടുകടത്തപ്പെട്ട സ്ത്രീകളെ താമസിയാതെ അവിടേക്ക് മാറ്റാന്‍ കഴിയും. ഈ കെട്ടിടത്തില്‍ സന്ദര്‍ശകര്‍ക്കായി ഒരു വലിയ ഹാള്‍, അഭിഭാഷകര്‍ക്കുള്ള ഇടം, അന്തേവാസികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റ്, കൂടാതെ ഹരിത പ്രദേശങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.
നാടുകടത്തല്‍ കാത്തിരിക്കുന്നവരെ മനുഷ്യാവകാശത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ പാലിച്ചും രാജ്യത്തെ പ്രസക്തമായ നിയമങ്ങളും കുവൈറ്റ് കക്ഷിയായ അന്താരാഷ്ട്ര, പ്രാദേശിക ഉടമ്പടികളും പാലിച്ചുകൊണ്ടും കൈകാര്യം ചെയ്യുന്നതില്‍ ഡിപ്പാര്‍ട്ട്മെന്റ് ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
എല്ലാ തടവുകാരോടും ആവശ്യമായ ബഹുമാനത്തോടും അന്തസ്സോടും കൂടിയാണ് പെരുമാറുന്നത്. രാജ്യം വിടുന്നതുവരെ അവര്‍ക്ക് ഭക്ഷണവും ആരോഗ്യ പരിരക്ഷയും നല്‍കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേക ക്ലിനിക്കുകളും ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha