സൗദി അറേബ്യയിൽ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് അപകടം, തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ മലയാളി യുവാവ് മരിച്ചു, അപകടം അറ്റകുറ്റ പണികൾക്കായി വർക്ക്‌ഷോപ്പിൽ എത്തിച്ച കാറിന്‍റെ പെട്രോൾ ടാങ്ക് വെൽഡ് ചെയ്യുന്നതിനിടെ...!!
സൗദി അറേബ്യയിൽ ജോലിക്കിടെ ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. റിയാദിന് സമീപം അൽഖർജിൽ വെൽഡിങ്ങിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. മാഹി വളപ്പിൽ തപസ്യവീട്ടിൽ ശശാങ്കൻ-ശ്രീജ ദമ്പതികളുടെ മകൻ അപ്പു എന്ന ശരത് കുമാറാണ് (29) മരിച്ചത്. അപകടത്തിൽ യു.പി സ്വദേശിക്ക് പരുക്കേറ്റു. അൽഖർജ് സനാഇയ്യയിൽ അറ്റകുറ്റ പണികൾക്കായി വർക്ക്‌ഷോപ്പിൽ എത്തിച്ച കാറിന്‍റെ പെട്രോൾ ടാങ്ക് വെൽഡിങ്ങിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
പൊട്ടിത്തെറിയെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ രണ്ടു പേരെയും ഉടൻതന്നെ അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് റിയാദ് ശുമൈസിയിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ എത്തിച്ചെങ്കിലും മലയാളി യുവാവായ ശരത്കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. തീപിടിത്തത്തിൽ പരിക്കേറ്റ യു.പി സ്വദേശിക്ക് 10 ശതമാനത്തോളം പൊള്ളലേറ്റതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇയാളെ കുറച്ചു ദിവസത്തിന് ശേഷം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാൻ സാധിക്കും എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
രണ്ട് മാസം മുൻപാണ് ശരത് നാട്ടിൽനിന്ന് അവധി കഴിഞ്ഞു തിരിച്ചെത്തിയത്. അവിവാഹിതനാണ്. സഹോദരി ശിൽപ ശശാങ്കൻ റിയാദിൽ നഴ്സായി ജോലി ചെയ്യുന്നുണ്ട്. 2019-ൽ ഹൗസ് ഡ്രൈവർ വിസയിൽ എത്തിയ ശരത്കുമാർ സ്പോൺസറുടെ വർക്ക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു.
ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന മൃതദേഹം കേളി ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്താൽ വളരെ വേഗം തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചു. കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസിൽ കോഴിക്കോട് എയർപോർട്ടിൽ എത്തിച്ച മൃതദേഹം തുടർന്ന് റോഡ് മാർഗം വീട്ടിൽ എത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha