ബുർജ് ഖലീഫയെ കടത്തിവെട്ടും, ക്യൂബ് ആകൃതിയിൽ 50 ബില്ല്യൺ ഡോളറിൽ 1,300 അടി ഉയരത്തിൽ മുകാബ് എന്ന ബഹുനില കെട്ടിടം നിർമ്മിക്കാൻ സൗദി, റിയാദിൽ മുകാബ് ഒരുങ്ങുന്നത് സൗദി വിഷൻ 2030 ൻ്റെ ഭാഗമായി...!
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് യുഎഇ, ദുബായിൽ സ്ഥിതി ചെയ്യുന്ന ബുർജ് ഖലീഫ എന്ന് പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. 160 നിലകളോട് കൂടിയ അംബരചുംബിയായ ബൂർജ് ഖലീഫയുടെ ഉയരം 829.8 മീറ്റർ ആണ്. ഈ കെട്ടിടത്തിന്റെ മൊത്തം നിർമാണ ചെലവ് ഏകദേശം 1.5 ബില്ല്യൻ യുഎസ് ഡോളറാണ്. ബുർജ് ഖലീഫയെ കടത്തിവെട്ടാൻ പുതിയ കെട്ടിടം നിർമ്മിക്കാൻ സൗദി ഒരുങ്ങുകയാണ്. മുകാബ് എന്നാണ് ഈ ബഹുനില കെട്ടിടത്തിന് ഇട്ടിരിക്കുന്ന പേര്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
1,300 അടി ഉയരമാണ് ഇതിനുണ്ടാക്കുക. ബുർജ് ഖലീഫയെ പോലെ ഗോപുര ആകൃതിയല്ല മറിച്ച് ക്യൂബിൻ്റെ ആകൃതിയിലാണ് ഈ കെട്ടിടം ഉയരുന്നത് എന്നതാണ് മറ്റൊരു സവിശേഷതയാണ്. ബുർജ് ഖലീഫയേക്കാൾ ഉയരം കൂടിയ കെട്ടിടം എന്ന ഖ്യാതി ഇതിനോടകം മുകാബിന് ലഭിച്ചു കഴിഞ്ഞതിനാൽ പ്രവാസികളും വലിയ ആകാംക്ഷയിലാണ്.
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലാണ് കെട്ടിടം നിർമ്മിക്കപ്പെടുന്നത്. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ്റെ നേതൃത്വം നൽകുന്ന സൗദി വിഷൻ 2030 ൻ്റെ ഭാഗമായാണ് മുകാബ് ഒരുങ്ങുന്നത്. എണ്ണയക്ക് പുറമെയുള്ള വിഭവങ്ങൾ കൊണ്ട് എങ്ങനെ സാമ്പത്തിക പുരോഗതി ഉണ്ടാക്കാമെന്നതാണ് സൗദി വിഷൻ 2030 കൊണ്ട് ഉദേശിക്കുന്നത്. 50 ബില്ല്യൺ ഡോളറാണ് ഈ കെട്ടിടത്തിനായി നിലവിൽ കണക്കാക്കിയിരിക്കുന്നത്. താമസകേന്ദ്രങ്ങൾ, ഹോട്ടലുകൾ, ഓഫീസുകൾ ചില്ലറ വ്യാപാര കേന്ദ്രങ്ങൾ, ഭക്ഷണ ശാലകൾ വിനോദകേന്ദ്രങ്ങൾ ഒക്കെ അടങ്ങുന്നതാവും മുകാബ്. രാജ്യത്തിൻ്റെ പൊതു നിക്ഷേപ ഫണ്ടിലെ പ്രധാന പങ്കാളിയായ സൗദിയിലെ ന്യൂ മുറബ്ബ ഡെവലപ്‌മെൻ്റ് കമ്പനി ആണ് കെട്ടിടത്തിൻ്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.
ഒരുകാലത്ത് ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്ന ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് പോലുള്ള ഇരുപത് കെട്ടിടങ്ങളെ ഉൾകൊള്ളാൻ മുകാബിന് കഴിയുമെന്നാണ് വിവരം. ഇതിന് 1,04,000 റെസിൻഷ്യൽ ബിൽഡിങ്ങുകൾ ഉൾപ്പെടെ 25 മില്യൺ സ്ക്വയർ മീറ്റർ വിസ്തീർണ്ണം ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. വിനോദകേന്ദ്രമായ ലാസ് വേഗാസ് സ്ഫിയറിനു സമാനമായി കെട്ടിടത്തിന് പുറത്ത് വലിയ സ്‌ക്രീനുകളും സ്ഥാപിച്ചേക്കും. സന്ദർശകർക്കായി അതിനൂതന സാങ്കേതികവിദ്യകളിലധിഷ്ഠിതമായ സൗകര്യങ്ങളാവും ഇവിടെയുണ്ടാവുക.
മാത്രമല്ല സൗദി പാരമ്പര്യത്തിലും പൈതൃകത്തിലുമായിരിക്കും കെട്ടിടത്തിന്റെ നിർമാണം. ഇമ്മേഴ്‌സീവ് ഡിജിറ്റൽ, ഹോളോഗ്രാഫിക്സ് അടക്കം ഡിജിറ്റൽ, വെർച്വൽ സാങ്കേതികവിദ്യാ അനുഭവം പ്രദാനം ചെയ്തായിരിക്കും കെട്ടിടം നിർമ്മിക്കുക. കൂടാതെ ആധുനിക നജ്ദി വാസ്തുവിദ്യാ ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മുകാബ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സന്ദർശകരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ന്യൂ മുറാബ ഡെവലപ്‌മെന്റ് കമ്പനി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും പ്രഖ്യാപിച്ചു.
മുകാബിന്റെ പുറംഭാഗത്ത് കൂറ്റൻ സ്‌ക്രീനുകളും സ്ഥാപിക്കും. ഈ വമ്പൻ കെട്ടിടസമുച്ചയം എണ്ണ ഇതര ജിഡിപിയിലേക്ക് 51 ബില്യൺ ഡോളർ ( ഏകദേശം 428,000 കോടി ) കൂട്ടിച്ചേർക്കുമെന്നും 334,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. 2030 ൽ ഈ പദ്ധതിയുടെ നിർമാണ ജോലികൾ പൂർത്തിയാക്കുമെന്നാണ് കരുതുന്നത്. ഇതിനായി 900 തൊഴിലാളികളെയും നിയമിക്കും.
വിമാനത്താവളത്തിൽ നിന്ന് 20 മിനിറ്റുകൊണ്ട് ഇങ്ങോട്ടേക്ക് എത്താനുള്ള ഗതാഗത സംവിധാനവും ഈ പദ്ധതിയിലുണ്ടാകും. ക്യൂബ് ആകൃതിയിലുള്ള അംബരചുംബിയായ മുകാബ് ഭാവിയിൽ സൗദിയുടെ അടയാളമായി മാറുമെന്ന് ഉറപ്പാണ്. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായും മുകാബ് ഇടംപിടിക്കുമെന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട.
https://www.facebook.com/Malayalivartha