18 വര്‍ഷത്തിന് ശേഷം മകനെ നേരിട്ട് കാണാൻ ആ ഉമ്മ, റഹീമിന്റെ മോചനം അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ കുടുംബാംഗങ്ങൾ സൗദിയിൽ, റിയാദ് ജയിലിൽ കഴിയുന്ന റഹീമിനെ കാണാൻ കഴിയുമെന്ന് പ്രതീക്ഷ...!!
വധശിക്ഷ കാത്ത് കഴിയുന്ന മലയാളിയായ അബ്ദുൽ റഹീമിന്റെ മോചനം അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ ഉമ്മയും സഹോദരനുമടക്കമുള്ള കുടുംബാംഗങ്ങൾ സൗദിയിൽ എത്തും. ഉംറ നിർവഹിക്കുന്നതിനായി എത്തിയ ഇവർ റിയാദ് ജയിലിൽ എത്തി റഹീമിനെ കാണാനാണ് നീക്കം. റഹീമിന്റെ മോചനം നീളുന്നതോടെയാണ് കുടുംബം സൗദിയിലേക്ക് പോകുന്നത്. നാളെ ഇവര്‍ ജയില്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം.
18 വര്‍ഷത്തിന് ശേഷം മകനെ നേരിട്ട് കാണാമെന്ന ആശ്വാസത്തിലാണ് ഉമ്മ. ശേഷം റിയാദിലെ റഹീം നിയമസഹായസമിതി അംഗങ്ങളെ കാണും. സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് റഹീമിന്റെ ഉമ്മ ഫാത്തിമയും സഹോദരന്‍ നസീറും റിയാദിലെത്തുന്നത്. റിയാദിലേക്ക് പോകുമെന്ന് കഴിഞ്ഞ ദിവസം ഇവർ വ്യക്തമാക്കിയിരുന്നു. റഹീമിന്റെ ശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കേസ് റിയാദ് കോടതി നവംബർ പതിനേഴിന് പരിഗണിക്കാനിരിക്കവേയാണ് ഇവരുടെ സൗദി സന്ദർശനം.
കഴിഞ്ഞയാഴ്ച മോചന ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോടതി സിറ്റിങ് അനുവദിച്ചിരുന്നെങ്കിലും കേസ് ബെഞ്ച് മാറ്റുകയായിരുന്നു. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നാണ് കോടതി അറിയിച്ചത്. വിശദവിവരങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിച്ചു. ചീഫ് ജസ്റ്റീസിന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി റിയാദിലെ റഹീം നിയമ സഹായ സമിതി അറിയിച്ചിരുന്നു.
റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂർ എന്നിവർ കോടതിയിലെത്തിയിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാൽ മോചന ഉത്തരവ് വൈകില്ലെന്ന് പ്രതീക്ഷയിലാണ് സഹായ സമിതി. നിലവിൽ നവംബർ 17 ഞായറാഴ്ചയാണ് കേസ് പരിഗണിക്കാൻ പുതിയ ബെഞ്ച് സമയം അനുവദിച്ചിട്ടുള്ളത്. നേരത്തെ കോടതി അറിയിച്ച തീയതി നവംബർ 21 ആയിരുന്നു. എന്നാൽ പ്രതിഭാഗത്തിന്റെ അപേക്ഷ പ്രകാരമാണ് തീയ്യതി 17ലേക്ക് മാറ്റിയിട്ടുള്ളത്. തീയതി കുറച്ചുകൂടി നേരത്തെയാക്കാൻ കോടതി വഴി അഭിഭാഷകനും വിദേശകാര്യ മന്ത്രാലയം വഴി ഇന്ത്യൻ എംബസിയും ശ്രമം തുടരുന്നുണ്ട്.
സാങ്കേതിക പ്രശ്നങ്ങളെല്ലാം ഏറെക്കുറെ പരിഹരിക്കപ്പെട്ടതിനാൽ റഹീമിന്റെ മോചനം ഇനിയുളള കോടതി നടപടിയിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സിറ്റിങ്ങിൽ കേസിന്റെ അന്തിമ വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചു. ഇന്ത്യൻ എംബസി റഹീമിന്റെ യാത്രാരേഖകൾ തയ്യാറാക്കിയിട്ടുണ്ട്. മോചന ഉത്തരവ് ഉണ്ടായാൽ മറ്റ് കേസുകളൊന്നും ഇല്ലാത്തതിനാൽ വൈകാതെ റഹീമിന് നാട്ടിലേക്ക് മടങ്ങാൻ കഴിയും. നീണ്ട 18 വർഷത്തെ ശ്രമത്തിന് ശുഭാന്ത്യമുണ്ടാവാൻ ദിവസങ്ങൾ മാത്രമാണ് ഇനി കാത്തിരിക്കേണ്ടതെന്ന് മുഖ്യ രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട്, സഹായ സമിതി ചെയർമാൻ സി.പി മുസ്തഫ, കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ. സെബിൻ ഇഖ്ബാൽ എന്നിവർ അറിയിച്ചു.
സൗദി പൗരൻ അനസ് അൽ ശഹ്റിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് റഹീമിന് സൗദിയിലെ കോടതി വധശിക്ഷ വിധിച്ചിരുന്നത്. ലോകമെമ്പാടുമുള്ള മലയാളികളുടെയും മനുഷ്യസ്നേഹികളുടെയും ഉദാരമായ സംഭാവനകളുടെ കൂടി ഫലമായാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ അബ്ദുൾ റഹീമിനെ വധശിക്ഷയിൽ നിന്നും മോചിപ്പിക്കുന്നതിന് ആവശ്യമായ തുക സ്വരൂപിച്ചത്. പതിനഞ്ചു മില്യൻ റിയാൽ (ഏകദേശം 35കോടി ഇന്ത്യൻ രൂപ) കൊല്ലപ്പെട്ട സൗദി കുടുംബത്തിന് ദയാധനമായി നൽകി കഴിഞ്ഞു.
https://www.facebook.com/Malayalivartha