പ്രവാസികൾക്ക് ആശ്വാസം, ദുബായിലെ വാടക നിരക്ക് അടിമുടിമാറുമെന്ന് റിപ്പോർട്ടുകൾ, പുതിയ കെട്ടിട നിര്‍മാണ പദ്ധതികള്‍ വലിയ തോതില്‍ പുരോഗമിക്കുന്നതിനാൽ ഒന്നര വര്‍ഷത്തിന് ശേഷം നിരക്ക് കുത്തനെ കുറയും
യുഎഇയിൽ കെട്ടിട വാടക കുതിച്ചുയരുമ്പോൾ ഇതിൽ നേരിയ ആശ്വാസം നൽകുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. വാടക നിരക്ക് ഇപ്പോൾ ഉള്ളതിനേക്കാൾ കുറയുമെന്നാണ് പറയുന്നത്. മിക്കവരും ദുബൈ എമിറേറ്റിലാണ് ജോലിചെയ്യുന്നതെങ്കിൽ ഭീമമായ വാടക നിരക്ക് താങ്ങാത്തതിനാൽ മറ്റ് പല എമിറേറ്റുകളേയുമാണ് താമസത്തിനായി ആശ്രയിക്കുന്നത്. എന്നാൽ ട്രാഫിക്ക് ബ്ലോക്ക് കാരണം താമസസ്ഥലത്തേക്ക് എത്താൻ ഒരുപാട് സമയം വേണ്ടിവരും. തിരിച്ച് ഓഫീസിലേക്ക് പോകാൻ അധികം സമയം എടുക്കും എന്നതും പ്രവാസികളെ വലയ്ക്കുന്ന പ്രശ്നങ്ങളാണ്. ഈ ദുരിതത്തിന് ആശ്വാസമായി കുത്തനെ ഉയർന്ന ദുബൈയിലെ വാടക നിരക്ക് കുറയുന്ന റിപ്പോർട്ടാണ് അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ എസ് ആന്റ് പി ഗ്ലോബല്‍ പുറത്തുവിട്ടിരിക്കുന്നത്.
ഒന്നര വര്‍ഷത്തിനു ശേഷം ദുബായിലെ കെട്ടിട വാടക നിരക്കില്‍ കുറവുണ്ടാകും.ദുബായിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ വാടകയില്‍ ഈയിടെയുണ്ടായ വലിയ വര്‍ധനവ് തുടരില്ലെന്നും കുറച്ചുകാലത്തേക്ക് അത് മാറ്റമില്ലാതെ തുടരുമെന്നുമാണ് പുതിയ വിലയിരുത്തല്‍. ദുബായിലെ പ്രോപ്പര്‍ട്ടി വിലകളും വാടകയും അടുത്ത 18 മാസങ്ങളില്‍ നിലവിലെ നിരക്കില്‍ തുടരും.
ദുബൈയില്‍ പുതിയ കെട്ടിട നിര്‍മാണ പദ്ധതികള്‍ വലിയ തോതില്‍ പുരോഗമിക്കുന്നതാണ് വാടക നിരക്ക് കുറയുമെന്ന വിലയിരുത്തലിന് കാരണം. കോവിഡ് പകര്‍ച്ചവ്യാധി സൃഷ്ടിച്ച മാന്ദ്യത്തിനു ശേഷം നിരവധി പുതിയ റിയല്‍ എസ്‌റ്റേറ്റ് പദ്ധതികള്‍ പൂര്‍ത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഇവ ഉപഭോക്താക്കള്‍ക്ക് വിതരണത്തിന് സജ്ജമാകുന്നതോടെ വിലയില്‍ വലിയ കുറവുണ്ടാവുമെന്നും എസ് ആന്റ് പി ഗ്ലോബല്‍ വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കോവിഡിന് ശേഷം റിയല്‍ എസ്‌റ്റേറ്റ് മേഖലയിലുണ്ടായ വലിയ ഡിമാന്‍ഡ് കാരണം ദുബൈയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വാടകയും വസ്തുവിലയും സ്ഥിരമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ആശ്വാസകരമായ റിപ്പോര്‍ട്ട്.
മാര്‍ക്കറ്റിലെ ഡിമാന്റിനേക്കാള്‍ കൂടുതല്‍ കെട്ടിടങ്ങളുടെ ലഭ്യത അടുത്ത 18 മാസങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്നും ഇത് പ്രോപ്പര്‍ട്ടി വില കുറയാന്‍ സഹായിക്കുമന്നും ഏജന്‍സി വ്യക്തമാക്കി. 2025-2026 കാലയളവില്‍ റെസിഡന്‍ഷ്യല്‍ സപ്ലൈ സ്റ്റോക്ക് ഏകദേശം 182,000 യൂണിറ്റുകള്‍ വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍. ഇത് 2019-2023ല്‍ പ്രതിവര്‍ഷം വിതരണം ചെയ്ത ശരാശരി 40,000 യൂണിറ്റുകളേക്കാള്‍ വളരെ കൂടുതലാണെന്ന് എസ് ആന്റ് പി ഗ്ലോബലിലെ പ്രൈമറി ക്രെഡിറ്റ് അനലിസ്റ്റ് സപ്ന ജഗ്തിയാനി പറയുന്നത്. പ്രാദേശിക, അന്തര്‍ദേശീയ നിക്ഷേപകരുടെ ആവശ്യത്തിന് അനുസൃതമായ നയരൂപീകരണങ്ങളും നിക്ഷേപകരെ ആകര്‍ഷിക്കുന്ന രീതിയിലുള്ള വിസ പരിഷ്‌കാരങ്ങളും ദുബായുടെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന്റെ സ്ഥിരതയും ശക്തിയും നിലനിര്‍ത്താന്‍ സഹായകമായി.
നിലവിൽ, യുഎഇയിൽ കെട്ടിട വാടക 5 മുതൽ 30 ശതമാനം വരെ വാടക വർധിച്ചപ്പോൾ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി കുടുംബങ്ങൾ. ഭാരിച്ച ദൈനംദിന ചിലവുകൾക്കും, കുട്ടികളുടെ സ്കൂൾ ഫീസിനും പുറമേ കെട്ടിടവാടക നിരക്ക് കുത്തനെ ഉയർത്തിയ നടപടി വലിയ തിരിച്ചടിയാണ് പ്രവാസി കുടുംബങ്ങൾക്ക് ഉണ്ടാക്കിയിട്ടുള്ളത്. സാധാരണക്കാരായ പല പ്രവാസികളും കുടുംബങ്ങളെ ഇതിനോടകം നാട്ടിലേക്ക് അയച്ചുകഴിഞ്ഞു.
ദുബൈ, ഷാർജ,അജ്മാൻ തുടങ്ങിയ മിക്ക എമിറേറ്റുകളിലും വാടക നിരക്ക് ഉയർന്നു. നഗര, ഗ്രാമ വ്യത്യാസമില്ലാതെ വിപണി വിലയുടെ നിശ്ചിത ശതമാനം വാടക വർധിപ്പിക്കാൻ അനുമതി നൽകിയതോടെ കെട്ടിട ഉടമകൾ വാടക നിരക്ക് കൂട്ടുകയായിരുന്നു. ചിലർ ഉടൻ വർധിപ്പിച്ചപ്പോൾ മറ്റു ചിലർ വാടക കരാർ പുതുക്കുന്നതോടെ വർധന നടപ്പിലാക്കുമെന്നും ഒപ്പം ഷെയറിങ് പാടില്ലെന്ന കർശന നിർദേശവും താമസക്കാർക്ക് നൽകിയിട്ടുണ്ട്. എന്നാൽ 18 മാസത്തിന് ശേഷം ഉയർന്ന വാടക നിരക്ക് കുറയുമെന്നത് പ്രവാസികൾക്ക് വലിയൊരു ആശ്വാസമാകും.
https://www.facebook.com/Malayalivartha