യാത്രക്കിടെ കാറിന്റെ ബോണറ്റ് തുറന്നു, സൗദിയിൽ വാഹനം നിയന്ത്രണംവിട്ട് ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തിൽ പ്രവാസി മരിച്ചു
സൗദിയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മരിച്ചു. ഓടുന്നതിനിടെ കാറിന്‍റെ ബോണറ്റ് ഉയർന്നതാണ് അപകടത്തിന് കാരണമായത്. ഉത്തർപ്രദേശ് ഫൈസബാദ് സ്വദേശി മുഹമ്മദ് ഷക്ലാൻ (44) ആണ് മരിച്ചത്. ദമ്മാമിലേക്കുള്ള ഹൈവേയിൽ റിയാദ് നഗര പരിധിക്കുള്ളിലെ ഗുർണാതക്ക് സമീപമാണ് പ്രവാസിയുടെ മരണത്തിന് ഇടയാക്കിയ അപകടം ഉണ്ടായത്. യാത്രക്കിടെ വാഹനത്തിന്‍റെ ബോണറ്റ് സ്വയം തുറക്കുകയും ഡ്രൈവറായ മുഹമ്മദ് ഷക്ലാന്‍റെ കാഴ്ച മറയുകയുമായിരുന്നു. തുടർന്ന് നിയന്ത്രണംവിട്ട കാർ ഇടിച്ചുമറിഞ്ഞായിരുന്നു അപകടം.
റിയാദിൽ ദീർഘകാലമായി സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് മുഹമ്മദ്. പിതാവ്: സിറാജ്, മാതാവ്: സൈറ ഖാത്തൂൻ, ഭാര്യ: സീത ബാനു. നിയമനടപടികൾ അതിവേഗം പൂർത്തീകരിച്ച് റിയാദ് നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ മൃതദേഹം ഖബറടക്കി. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.
https://www.facebook.com/Malayalivartha