തൊഴിലിടങ്ങൾ അരിച്ചുപെറുക്കും, യുഎഇയിൽ പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ വിവിധയിടങ്ങളിൽ നാളെ മുതൽ അധികൃതരുടെ മിന്നൽ പരിശോധന, പിടികൂടിയാൽ നാടുകടത്തും...!!
റെസിഡൻസി നിയമലംഘകരായ പ്രവാസികൾക്ക് ഇനിയൊരു അവസരം കിട്ടില്ല. യുഎഇ പ്രഖ്യാപിച്ച രണ്ടുമാസത്തെ പൊതുമാപ്പ് ഇന്ന് അവസാനിക്കുകയാണ്. സമയപരിധി കഴിഞ്ഞാൽ ഒരു തരത്തിലുമുള്ള ഇളവുകളോ ദയയോ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അവസാന ദിവസങ്ങളിൽ ഔട് പാസ് എടുത്തവർ അതിൽ രേഖപ്പെടുത്തിയുട്ടുള്ള ദിവസത്തിന് മുൻപ് രാജ്യം വിടണമെന്നും അധികൃതർ നിർദ്ദേശിച്ചു. 2 മാസത്തെ സാവകാശം നൽകിയിട്ടും പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ യുഎഇയിൽ തുടരുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്.
നാളെ മുതൽ യുഎഇയിൽ ഉടനീളം പരിശോധന ഊർജിതമാക്കും. റെസിഡന്‍ഷ്യല്‍ ഏരിയകള്‍, വലിയ കമ്പനികൾ മുതൽ ചെറുകിട സ്ഥാപനങ്ങളും കൃഷിയിടങ്ങളിലും വരെ പരിശോധന നടത്താനാണ് പദ്ധതി. ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ പരിശോധനാ ക്യാമ്പയ്നുകള്‍ ശക്തമാക്കും. പൊതുമാപ്പ് കാലാവധി കഴിഞ്ഞ് നിയമലംഘനത്തിന് പിടിക്കപ്പെടുന്നവരില്‍ നിന്ന് പിഴകള്‍ പൂര്‍ണമായും ഈടാക്കുകയും തടവ് ശിക്ഷയും നാടുകടത്തലും ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് അവരെ വിധേയരാക്കുകയും ചെയ്യും.
അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന സ്ഥാപനത്തിന് 10 ലക്ഷം ദിർഹം പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി, ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് എന്നിവയാണ് ഇക്കാര്യം അറിയിച്ചത്. നിയമലംഘകർക്ക് ജോലിയും അഭയവും നൽകുന്നവർക്ക് കുറ്റത്തിന്റെ ഗൗരവും അനുസരിച്ച് ഒരു ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്താം.
17 വർഷത്തിനിടെ നാലാം തവണയാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. 2018ലായിരുന്നു ഏറ്റവും ഒടുവിൽ പൊതുമാപ്പ് പ്രഖ്യാപിച്ചത്. അന്ന് 3 മാസത്തേക്കു പ്രഖ്യാപിച്ച പൊതുമാപ്പ് 2 മാസത്തേക്കു കൂടി നീട്ടിയിരുന്നു. എന്നാൽ ഇത്തവണ പൊതുമാപ്പ് നീട്ടില്ലെന്ന് നേരത്തെ തന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു.
പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേയ്ക്ക് മടങ്ങിയവർക്ക് സന്ദർശക വിസ, എംപ്ലോയ്മെന്റ് വിസ തുടങ്ങിയ വിവിധ തരത്തിലുള്ള വിസകളിൽ യുഎഇയിലേയ്ക്ക് മടങ്ങിവരാനാകും.വിസ നിയമം ലംഘിച്ചവർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനും രേഖകൾ ശരിയാക്കി യുഎഇയിൽ തുടരാനും പൊതുമാപ്പ് അവസരം നൽകി.
നിയമലംഘകരില്‍ നിന്നുള്ള ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തില്‍, പൊതുമാപ്പ് കാലയളവില്‍ ആവശ്യമായ മറ്റ് പല ഇളവുകളും നല്‍കിയിട്ടുണ്ടെന്നും ഗ്രേസ് കാലാവധി അവസാനിക്കുന്നതോടെ എല്ലാ ഇളവുകളും അവസാനിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി ഓര്‍മിപ്പിച്ചിരുന്നു.
സുരക്ഷിത സമൂഹത്തിലേക്ക്" എന്ന സന്ദേശത്തോടെ നടന്ന പദ്ധതിയിലൂടെ വിസാ നിയമലംഘകരോടുള്ള മനുഷ്യത്വപരമായ സമീപനമാണ് യുഎഇ അധികൃതർ പൊതുമാപ്പിലൂടെ സ്വീകരിച്ചത്. സർക്കാർ ഫീസ് ഒന്നും ഈടാക്കാതെയും മറ്റു സൗകര്യങ്ങൾ ഒരുക്കിയാണ് ഇത്തരക്കാരെ പിന്തുണച്ചത്. വിസ സാധുവാക്കി യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ജോബ് റിക്രൂട്ട്മെൻ്റ് ക്യാമ്പും സംഘടിപ്പിച്ചു. നിരവധി പേർക്ക് ഈ ക്യാമ്പ് വഴി തൊഴിൽ ലഭിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കാനായതായും ജിഡിആർഎഫ്എ വ്യക്തമാക്കി.
അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ രേഖകൾ നിയമാനുസൃതമാക്കി രാജ്യത്ത് തുടരാനോ നൽകിയ 2 മാസത്തെ അവസരം ആയിരക്കണക്കിന് ആളുകൾ പ്രയോജനപ്പെടുത്തിയത്. കഴിഞ്ഞ 3 ദിവസങ്ങളിലായി പൊതുമാപ്പ് കേന്ദ്രങ്ങളിലേക്ക് അപേക്ഷകരുടെ ഒഴുക്കായിരുന്നു. ഇന്നും വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha