രണ്ട് ടോൾ ഗേറ്റുകൾ കൂടി പ്രവർത്തനം തുടങ്ങും, ദുബായിൽ ടോൾ ഗേറ്റുകളുടെ എണ്ണം പത്താകുന്നതോടെ നഗരത്തിലൂടെ വാഹനമോടിക്കാൻ ഇനി ചെലവേറും
ദുബായിൽ രണ്ട് ടോൾ ഗേറ്റുകൾ ഈമാസം അവസാനത്തോടെ പ്രവർത്തനം തുടങ്ങും. അൽഖെയ്ൽ റോഡിൽ ബിസിനസ് ബേ ക്രോസ്സിംഗിലും ശൈഖ് സായിദ് റോഡിൽ അൽ സഫ സൗത്തിലുമാണ് പുതിയ സാലിക് ഗേറ്റുകൾ സ്ഥാപിച്ചത്. ഈമാസം 24 മുതൽ ഇവ പ്രവർത്തിച്ച് തുടങ്ങും. ഇതോടെ ദുബായ് നഗരത്തിലൂടെ വാഹനമോടിക്കാൻ ഇനി ചെലവേറും.
അൽസഫ സൗത്ത്, നോർത്ത് എന്നീ സാലിക് ഗേറ്റുകൾ ഒരുമിച്ചാണ് പരിഗണിക്കുക.. ഒരു സാലിക്ക് ഗേറ്റിൽ പണം പിടിച്ചാൽ അടുത്ത ഗേറ്റിൽ പണം ഈടാക്കില്ല.അൽ ഇത്തിഹാദ് റോഡ്, മംസാൽ ടോൾ ഗേറ്റ് എന്നിവയിലൂടെ കടന്നുപോകുമ്പോഴും ഏതെങ്കിലും ഒന്നിൽ മാത്രമാണ് പണം ഈടാക്കുക. സാലിക് ഗേറ്റിലൂടെ ഒരു തവണ വാഹനം കടന്നു പോകുമ്പോൾ നാലു ദിർഹമാണ് ഈടാക്കുന്നത്.
പുതിയ സാലിക് ഗേറ്റുകൾ പ്രവർത്തനം തുടങ്ങുന്നതോടെ അൽഖെയിൽ റോഡിലേക്ക് ഖിസൈസ് ഭാഗത്ത് നിന്നും പോകുമ്പോൾ എയർപോർട്ട് ടണൽ, ബിസിനസ് ബേ ക്രോസ്സിംഗ് എന്നിങ്ങനെ രണ്ട് ടോളുകൾ ഉണ്ടാകും. അൽ ഖെയ്ൽ റോഡ്, ശൈഖ് സായിദ് റോഡ് എന്നിവിടങ്ങളിലെ വാഹനത്തിരക്ക് കുറയ്ക്കാൻ പുതിയ സാലിക്കുകൾ സഹായിക്കുമെന്നാണ് നടത്തിപ്പുകാരായ സാലിക് കമ്പനിയുടെ വിലയിരുത്തൽ.
കഴിഞ്ഞ വർഷം ദുബായിലെ എല്ലാ സാലിക് ഗേറ്റുകളിലും കൂടി 59 കോടി മുപ്പത് ലക്ഷത്തോളം തവണ വാഹനങ്ങൾ കടന്നു പോയെന്നാണ് കണക്ക്.. ഇക്കൊല്ലം ജൂൺ വരെയുള്ള കണക്കനുസരിച്ച് 23 കോടി 85 ലക്ഷം തവണ വാഹനങ്ങൾ കടന്നു പോയിട്ടുണ്ട്.
https://www.facebook.com/Malayalivartha