യുഎഇയിൽ കനത്ത മൂടൽ മഞ്ഞിന് സാധ്യത, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, കാലാവസ്ഥ മോശമാകുന്നതിനാൽ താമസക്കാര്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് അധികൃതര്‍
ഗൾഫ് രാജ്യങ്ങളിൽ എല്ലാം തന്നെ കാലാവസ്ഥാ മാറ്റം രൂക്ഷമാവുകയാണ്. സൗദി, ഖത്തർ എന്നീ രാജ്യങ്ങൾക്ക് പുറമേ യുഎഇയിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. രാജ്യത്ത് കനത്ത മഞ്ഞുമൂടല്‍ തുടരുന്നതിനിടെ കാലാവസ്ഥാ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ മോശമാകുന്നതിനിടെ താമസക്കാര്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബുധനാഴ്ചയും കനത്ത മഞ്ഞുവീഴ്ച്ചക്ക് സാധ്യതയുള്ളതായി അധികൃതര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യു.എ.ഇയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നതിനാല്‍ വാഹനമോടിക്കുന്നവരുടെ സുരക്ഷയ്ക്കായി വേഗപരിധി കുറയ്ക്കാനും അധികാരികള്‍ നിര്‍ദ്ദേശിച്ചിരുന്നു. ചില തീരദേശങ്ങളിലും മറ്റു പ്രദേശങ്ങളിലും രാവിലെ 9:30 വരെ കാഴ്ചയില്‍ വ്യക്തത കുറവ് ഉണ്ടാകാന്‍ സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു.
ഇതേസമയം കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഉണ്ടായതുപോലുള്ള വെള്ളപ്പൊക്കം ഇനി ദുബൈയെ ബാധിക്കില്ല. ഇനി എത്ര ശക്തമായ മഴ പെയ്താലും എത്രമാത്രം വെള്ളം ഒഴുകിയെത്തിയാലും നിമിഷ നേരം കൊണ്ട് അവ പുറത്തേക്ക് ഒഴുക്കിവിടാൻ പാകത്തിലുള്ള കനാൽ നിർമ്മാണ പദ്ധതിക്ക് ദുബായിൽ തുടക്കമായി.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, നഗരത്തിലെ ഡ്രെയിനേജ് കപ്പാസിറ്റി 700 ശതമാനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന 'തസ്രീഫ്' പദ്ധതിക്ക് ജൂണിൽ അംഗീകാരം നൽകിയിരുന്നു. 3000 കോടി ദിർഹം ആണ് ഇതിനായി ചെലവുവരുന്നത്. ഇതുമായി ബന്ധപ്പെട്ട നിർമാണ പ്രർത്തനങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. 2033ഓടെ പൂർത്തീകരിക്കാനൊരുങ്ങുന്ന തസ്രീഫ് പദ്ധതിയുടെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha