യുഎഇയില്‍ ശക്തമായ മൂടല്‍ മഞ്ഞ് വരും ദിവസങ്ങളിലും തുടർന്നേക്കും, വാഹനം ഓടിക്കുന്നവര്‍ തൊട്ടുമുമ്പിലെ വാഹനങ്ങളുമായി കൃത്യമായ അകലം പാലിച്ചില്ലെങ്കിൽ അപകട സാധ്യത...!!!
യുഎഇയില്‍ കാലാവസ്ഥ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ചൂടേറിയ കാലാവസ്ഥയില്‍ നിന്ന് കനത്ത തണുപ്പുകാലത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് രാജ്യം. ഇതിന്റെ പ്രകടമായ മാറ്റങ്ങളാണ് അന്തരീക്ഷത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഈ അവസ്ഥ ശക്തിയാര്‍ജിച്ചു വരുന്ന സാഹചര്യത്തില്‍ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കൂടാതെ രാജ്യത്ത് നേരിയതോ മിതമായതോ ആയ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ നേരിയ തോതില്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും കേന്ദ്രം അറിയിച്ചു.
മൂടല്‍ മഞ്ഞ് ശക്തമായ സാഹചര്യത്തില്‍ അന്തരീക്ഷത്തിലെ ദൃശ്യപരത വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. മൂടല്‍മഞ്ഞ് കാരണം തൊട്ടടുത്തുള്ള വസ്തുക്കള്‍ പോലും കാണാന്‍ കഴിയാത്ത സ്ഥിതി ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രത്യേകിച്ച് ചില തീരപ്രദേശങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും രാവിലെ ഒന്‍പത് മണിക്കു ശേഷവും ശക്തമായ മൂടല്‍ മഞ്ഞ് നിലനില്‍ക്കുന്ന സാഹചര്യമുണ്ട്.
പലയിടങ്ങളിലും വാഹനങ്ങളുടെ വേഗപരിധി അധികൃതര്‍ കുറച്ചിട്ടുണ്ട്. വാഹനം ഓടിക്കുന്നവര്‍ തൊട്ടുമുമ്പിലെ വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കണമെന്നും അല്ലാത്ത പക്ഷം വലിയ അപകടങ്ങള്‍ക്ക് അത് കാരണമാവുമെന്നും അധികൃതര്‍ വ്യക്തമാക്കി. മൂടല്‍മഞ്ഞില്‍ ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്സിലെ ഒരു പോസ്റ്റില്‍ അബുദാബി പോലീസ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സ്റ്റോം സെന്റര്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അബുദാബിയിലെ റോഡുകള്‍ കനത്ത മൂടല്‍മഞ്ഞ് പുതച്ചുകിടക്കുന്നത് കാണാം.
യുഎഇയിൽ ഇന്നലത്തെ പരമാവധി താപനില 38 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഇന്നത് 37 ഡിഗ്രി സെല്‍ഷ്യസ് ആയി കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് വലിയ തോതില്‍ കുറയും. യുഎഇയുടെ ആന്തരിക പ്രദേശങ്ങളില്‍ 17 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴ്‌ന്നേക്കാമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ന് വെള്ളിയാഴ്ച രാവിലെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുത്ത മൂടല്‍മഞ്ഞുള്ള അവസ്ഥയാണ് അനുഭവപ്പെട്ടത്.
അതേസമയം സൗദിയിലും കാലാവസ്ഥ മാറ്റം പ്രകടമാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ദിവസങ്ങളായി കനത്ത മഴയും അസാധാരണ കാലാവസ്ഥയുമാണ് അനുഭവപ്പെടുന്നത്. ചരിത്രത്തിലാദ്യമായി സൗദിയിൽ ചുട്ടുപൊള്ളുന്ന മരുഭൂമി മഞ്ഞുകൊണ്ട് മൂടികിടക്കുന്ന അവസ്ഥയാണ്. അല്‍ജൗഫ് മേഖലയിലാണ് മഞ്ഞുവീഴ്ചയുണ്ടായത്. വളരെ തണുപ്പുറഞ്ഞ അന്തരീക്ഷമാണിപ്പോൾ ഇവിടെ. മഞ്ഞുമഴക്കൊപ്പം വെള്ളച്ചാട്ടവും രൂപപ്പെട്ടെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച മുതല്‍ അല്‍ ജൗഫ് പ്രവിശ്യയുടെ വടക്കന്‍ ഭാഗമാകെ വെള്ളപുതച്ചുകിടക്കുകയാണ്. മണലും കുറ്റിച്ചെടികളും പര്‍വതങ്ങളും പാതകളും മഞ്ഞ് പുതച്ചു. പ്രവിശ്യ ആസ്ഥാനമായ സകാക്ക നഗരത്തിന്റെ വടക്കന്‍ മേഖലയിലും ദൗമത് അല്‍ ജന്‍ഡാല്‍ ഗവര്‍ണറേറ്റ് പരിധിയിലും ആലിപ്പഴ വര്‍ഷവും തുടര്‍ച്ചയായ കനത്ത മഴയും ഉണ്ടായതിന് പിന്നാലെയാണ് പുതിയ പ്രതിഭാസം. മഞ്ഞുവീഴ്ചയുടെ ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ഇത്തരത്തിലുളള അസാധാരണ കാലാവസ്ഥാവ്യതിയാനങ്ങള്‍ സാധാരണ സൗദിയില്‍ ഉണ്ടാവാറില്ല. അറബിക്കടലില്‍നിന്ന് ഒമാനിലേക്ക് പടരുന്ന ന്യൂനമര്‍ദ്ദമാണ് രാജ്യത്ത് രൂപപ്പെട്ട ഈ അസാധാരണ പ്രതിഭാസത്തിനും മഞ്ഞുവീഴ്ചയ്ക്കും കാരണമായത്.
ആഗോളമായ കാലവസ്ഥാ വ്യതിയാനങ്ങളും മാറിക്കൊണ്ടിരിക്കുന്ന അന്തരീക്ഷവുമാണ് മരുഭൂമിയിലെ മഞ്ഞ് വീഴ്ച പോലെ അസാധാരണമായ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്നാണ് യു.എ.ഇ നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി അധികൃതര്‍ പറയുന്നത്. മഞ്ഞ് മാത്രമല്ല വരുംദിവസങ്ങളില്‍ മഴയും ആലിപ്പഴ വര്‍ഷവും കൊടുംകാറ്റും എല്ലാം പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha