വിമർശനങ്ങൾക്കിടയിലും വധശിക്ഷയിൽ ഒരടി പിൻമാറാതെ സൗദി, സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാൻ പദ്ധതിയിട്ട മൂന്ന് പേരുടെ ശിക്ഷാ വിധി അൽ-ജൗഫ് മേഖലയിൽ നടപ്പാക്കി...!!!
സൗദിയിൽ കഴിഞ്ഞ ദിവസവും 3 പേരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കൊലപാതകത്തിന് പദ്ധതിയിട്ട മൂന്ന് പേരുടെ ശിക്ഷ വിധിയാണ് അൽ-ജൗഫ് മേഖലയിൽ നടപ്പാക്കിയത്.സഅദ് ബിൻ ബഷീർ അൽ റുവൈലി, സാദ് ബിൻ മുസ്‌നദ് അൽ റുവൈലി, നയേൽ ബിൻ ദബൽ അൽ റുവൈലി എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയരായത്.
തീവ്രവാദ സംഘടന രൂപീകരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാനായിരുന്നു ഇവർ ചേർന്ന് പദ്ധതിയിട്ടത്. ഇവർ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പരിശീലനം നേടിയിരുന്നു. ആയുധങ്ങളും സ്ഫോടകവസ്തുക്കളും കൈവശം വച്ചിരുന്നു. സുരക്ഷാ ഹെഡ്ക്വാർട്ടേഴ്‌സ് ലക്ഷ്യമാക്കി ആക്രമണം നടത്താനും സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാനുമായിരുന്നു ഇവരുടെ പദ്ധതി.
ഭീകരവാദം, കൊലപാതകം, സായുധമോഷണം, മയക്കുമരുന്ന് കടത്ത്, ബലാത്സംഗം, വിവാഹേതര ലൈംഗിക ബന്ധം, മന്ത്രവാദം എന്നീ കുറ്റങ്ങൾ ചെയ്താൽ സൗദിയിൽ വധശിക്ഷയാണ് വിധിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണയാകുന്ന ഒരു തരത്തിലുമുള്ള പ്രവർത്തനം ഭരണകൂടം വെയ്ച്ചുപൊറുപ്പിക്കില്ല.
അഞ്ച് ദിവസങ്ങൾക്ക് മുമ്പ് രാജ്യത്ത് മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ട ആറു പേർക്ക് വധശിക്ഷ ഒറ്റദിവസം നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. മാരക ലഹരി വസ്തുക്കളായ ഹാഷിഷും ആംഫെറ്റാമിന്‍ ഗുളികകളുമായി നജ്‌റാന്‍ മേഖലയില്‍ വെച്ചാണ് ഇവര്‍ പൊലീസിന്റെ പിടിയിലായത്. ആറുപേരും കേസില്‍ പ്രതികളാണെന്ന് കോടതി കണ്ടെത്തുകയും പിന്നീട് അപ്പീല്‍ കോടതി ശരിവെക്കുകയും ചെയ്തതോടെയാണ് വധശിക്ഷ നടപ്പാക്കിയത്.
വധശിക്ഷയ്ക്ക് വിധേയരായവരിൽ പ്രവാസികളും സ്വദേശികളും ഉൾപ്പെടുന്നു. നാല് സൗദി പൗരൻമാരും രണ്ട് യെമൻ സ്വദേശികളുമടങ്ങുന്ന സംഘത്തെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. യെമന്‍ സ്വദേശികളായ അഹമ്മദ് മുഹമ്മദ് അലി, യഹിയ സാലിഹ് ഹുസൈന്‍, സൗദി പൗരന്‍മാരായ ഹാദി ബിന്‍ സാലിം, സാലിം ബിന്‍ റഖീം, അബ്ദുല്ല ബിന്‍ അഹമ്മദ്, അലി ബിന്‍ ഇബ്രാഹീം എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്. ശിക്ഷ മയക്കുമരുന്ന് കടത്തുകാര്‍ക്കും പ്രമോട്ടര്‍മാക്കുമുള്ള കടുത്ത മുന്നറിയിപ്പാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
ഒക്ടോബർ 9 വരെയുള്ള കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ, സൗദി അറേബ്യ 213 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി, ഒരു വർഷത്തിനിടെ രാജ്യം വധിച്ച ഏറ്റവും ഉയർന്ന ആളുകളുടെ എണ്ണമാണിത്. 2023-ൽ 172 വധശിക്ഷകൾ നടപ്പാക്കി, ഒരോവർഷന്തോറും ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം ഉയരുകയാണ്. തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും മയക്കുമരുന്ന് കടത്ത് കുറ്റങ്ങൾക്കുള്ള വധശിക്ഷ പുനരാരംഭിച്ചതുമാണ് സൗദി അറേബ്യയിൽ വധശിക്ഷകൾ വർദ്ധിക്കുന്നതിന് പ്രധാന കാരണം. വിവിധ രാഷ്ട്രങ്ങൾ അപലപിച്ചിട്ടും സൗദി അധികാരികൾ വധശിക്ഷയിൽ നിന്ന് പിൻമാറാൻ തയ്യാറല്ല. തങ്ങളുടെ രാജ്യത്തിന്റെ ക്രമസമാധാനം ഉറപ്പാക്കാൻ ഈ നിയമം ആവശ്യമാണെന്നും ഇത് തങ്ങളുടെ രാജ്യത്ത് നിയമവിധേയമാണെന്നുമാണ് അവരുരുടെ വാദം.
വധശിക്ഷയുടെ രീതിയായ, പരസ്യമായി ശിരഛേദം ചെയ്യുന്നതും വധശിക്ഷകളുടെ എണ്ണവും അന്താരാഷ്ട്ര വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. നിരവധി വധശിക്ഷകൾ, പ്രത്യേകിച്ച് വിദേശ തൊഴിലാളികളുടെ, അന്താരാഷ്ട്ര പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. രാജ്യത്തെ മിക്ക വധശിക്ഷകളും ശിരഛേദം വഴിയാണ് നടപ്പിലാക്കുന്നത്. സൗദി അറേബ്യയാണ് ഇപ്പോഴും ഈ രീതി ഉപയോഗിക്കുന്ന ലോകത്തിലെ ഏക രാജ്യം. സൗദിയിൽ ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള ക്രിമിനൽ നീതിന്യായ വ്യവസ്ഥയുണ്ട് . വാളുകൊണ്ട് ശിരഛേദം ചെയ്താണ് സാധാരണയായി വധശിക്ഷ നടപ്പാക്കുന്നത്, പക്ഷേ ഇടയ്ക്കിടെ വെടിവയ്ച്ചും ശിക്ഷ നടത്താറുണ്ട്.
https://www.facebook.com/Malayalivartha