എത്രയും വേഗം തന്നെ അത് പൂര്‍ത്തിയാക്കണം, പ്രവാസികൾക്കുള്ളിൽ ആശങ്കകൾ നിലനിൽക്കെ വീണ്ടും മുന്നറിയിപ്പ് നൽകി കുവൈത്ത്, ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാത്തവരുടെയും ആശ്രിതരുടെയും റസിഡന്‍സി വിസകള്‍ പുതുക്കി നൽകില്ല...!!!
രാജ്യത്തെ പ്രവാസികൾക്കുള്ളിൽ ആശങ്കകൾ നിലനിൽക്കെ വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കുവൈത്ത്. ഇതുവരെ ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ പ്രവാസികൾ എത്രയും വേഗം തന്നെ അത് പൂര്‍ത്തിയാക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പിൽ പറയുന്നത്. അവസാന ദിവസംവരെ കാത്തുനിൽക്കാതെ തിരക്ക് ഒഴിവാക്കി നേരത്തേ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് പ്രവാസികള്‍ക്ക് ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന സമയം. ഏകദേശം 530,000 പ്രവാസികള്‍ ഇനിയും ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുണ്ടെന്നും ഈ സമയത്തിനകത്ത് തന്നെ എല്ലാ പ്രവാസികളും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും അഭിയന്തര മന്ത്രാലയം അറിയിച്ചു.
ഇത് പൂര്‍ത്തിയാക്കാത്തവര്‍ക്ക് സര്‍ക്കാര്‍, ബാങ്കിങ് ഇടപാടുകള്‍ തടയപ്പെടും. കൂടാതെ നടപടി പൂര്‍ത്തിയാക്കാത്ത പ്രവാസികളുടെയും അവരുടെ ആശ്രിതരുടെയും റസിഡന്‍സി വിസകള്‍ പുതുക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. ബാങ്ക് അക്കൗണ്ട് സേവനങ്ങള്‍ നിയന്ത്രിക്കുന്നതിന് പുറമെയാണിതെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. ഒരു തവണ രജിസ്‌ട്രേഷന്‍ സമയം നീട്ടി നല്‍കിയ സാഹചര്യത്തില്‍ ഡിസംബര്‍ 31നു ശേഷം വീണ്ടും സമയം അനുവദിക്കാനിടയില്ല.
താമസക്കാർക്ക് ബയോമെട്രിക് രജിസ്‌ട്രേഷന്‍ പ്രക്രിയ സുഗമമാക്കുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ളതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇനിയും അഞ്ച് ലക്ഷത്തിലധികം വരുന്ന പ്രവാസികൾ നടപടികൾ പൂർത്തിയാക്കാൻ ബാക്കിയുണ്ടെന്നിരിക്കെ രാജ്യത്തെ 21 ലക്ഷം പ്രവാസികൾ ബയോമെട്രിക് ഫിംഗര്‍ പ്രിന്‍റ് രജിസ്‌ട്രേഷന്‍ നടപടികള്‍ ഇതിനകം പൂര്‍ത്തിയാക്കിയവരാണ്.
കുവൈറ്റ് പൗരന്മാര്‍ക്ക് രജിസ്‌ട്രേഷന് അനുവദിച്ച സമയപരിധി സെപ്റ്റംബര്‍ അവസാനം വരെയായിരുന്നു. എന്നാല്‍ പ്രവാസികളുടെ എണ്ണക്കൂടുതല്‍ പരിഗണിച്ച് മന്ത്രാലയം അവര്‍ക്ക് ഡിസംബര്‍ 31വരെ സമയം നീട്ടിനല്‍കുകയായിരുന്നു. ബയോമെട്രിക് രജിസ്റ്റർ ചെയ്യാത്ത
കുവൈറ്റ് പൗരന്മാരുടെ എല്ലാ സര്‍ക്കാര്‍, ബാങ്കിങ് ഇടപാടുകളിലും 'ബ്ലോക്ക്' ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, അവര്‍ക്ക് സുരക്ഷാ ഡയറക്ടറേറ്റ് സന്ദര്‍ശിച്ച് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ അവസരമുണ്ട്. ബയോമെട്രിക്‌സ് പൂര്‍ത്തിയായാലുടന്‍ ബ്ലോക്ക് നീക്കം ചെയ്യും.
ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സ്, പേഴ്‌സണല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, ഹവല്ലി, ഫര്‍വാനിയ, അഹമ്മദി, മുബാറക് അല്‍ കബീര്‍, ജഹ്റ എന്നീ ഗവര്‍ണറേറ്റുകളിലെ സെക്യൂരിറ്റി ഡയറക്ടറേറ്റുകള്‍, അലി സബാഹ് അല്‍ സാലിം, ജഹ്റ ഏരിയ എന്നിവിടങ്ങളിലെ കോര്‍പറേറ്റ് വിരലടയാളത്തിനുള്ള പേഴ്‌സണല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളില്‍ എവിടെ എത്തിയാലും രജിസ്‌ട്രേഷന് സൗകര്യമുണ്ടായിരിക്കുമെന്നും ലെഫ്റ്റനന്റ് കേണല്‍ താമര്‍ ദഖിന്‍ അല്‍ മുതൈരി അറിയിച്ചു.
രജിസ്റ്റര്‍ ചെയ്യേണ്ട താമസക്കാര്‍ക്ക് സര്‍ക്കാര്‍ ആപ്ലിക്കേഷന്‍ 'സഹല്‍' വഴിയോ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം 'മത്താ' വഴിയോ സൗകര്യപ്രദമായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം. കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് രജിസ്‌ട്രേഷന് എത്തുന്നവര്‍ മുന്‍കൂട്ടി ഒരു അപ്പോയിന്റ്‌മെന്റ് എടുക്കണമെന്ന് ലെഫ്റ്റനന്റ് കേണല്‍ അല്‍ മുതൈരിപറഞ്ഞു. മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് എടുക്കാതെ കേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക് ബയോമെട്രിക് രജിസ്‌ട്രേഷന്‍ സാധ്യമാകില്ല.
https://www.facebook.com/Malayalivartha