പ്രവാസികളുടെ ശരാശരി ശമ്പളം കുറഞ്ഞു..!! കുവൈത്തിൽ പ്രവാസികളെ നിയമിക്കുന്നതിൽ നിയന്ത്രണങ്ങൾ നിലനിൽക്കെ തൊഴിലാളികളുടെ എണ്ണം ഉയരുന്നത് തിരിച്ചടി, കുവൈത്തി-വിദേശി ജീവനക്കാർക്കിടയിൽ വേതനത്തിൽ ഏറ്റകുറച്ചിലുകൾ നിലനിൽക്കുന്നതായി റിപ്പോർട്ട്...!!!
നിരവധി പ്രവാസികൾ തൊഴിലെടുക്കുന്ന ഗൾഫ് രാഷ്ട്രമാണ് കുവൈത്ത്. നിലവിൽ ഗാർഹിക തൊഴിലാളികൾ ഒഴികെ കുവൈത്തിൽ 21. 41 ലക്ഷം തൊഴിലാളികളാണ് ഉള്ളത്. പ്രവാസികളെ നിയമിക്കുന്നതിൽ ശക്തമായ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും കുവൈറ്റിലെ പ്രവാസികൾ ഉൾപ്പെടെയുള്ള തൊഴിൽ ജനസംഖ്യ 2.5 ശതമാനം വർധിച്ചതായാണ് കണക്കുകൾ.
2024 ൻ്റെ രണ്ടാം പാദം അവസാനത്തോടെ ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ ആകെ 29.27 ലക്ഷം തൊഴിലാളികളാണ് കുവൈറ്റിലുള്ളത്. ഈ വർദ്ധനവ് പ്രവാസികൾക്ക് തന്നെ തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുകയാണ്. ശമ്പളം കുറയുന്നതിന് ഇത് കാരണമായിട്ടുണ്ടെന്നും വിലയിരുത്തലുണ്ട്. സ്ത്രീ-പുരുഷ തൊഴിലാളികൾക്കിടയിലും, കുവൈത്തി-വിദേശി ജീവനക്കാർക്കിടയിലും വേതനത്തിൽ ഏറ്റകുറച്ചിലുകൾ നിലനിൽക്കുന്നതായാണ് റിപ്പോർട്ട്.
കുവൈത്തികളുടേയും പ്രവാസികളുടേയും ശമ്പളം പരിശോധിക്കുകയാണെങ്കിൽ പൊതുമേഖലയിലെ കുവൈറ്റിലെ പുരുഷ തൊഴിലാളികളുടെ ശരാശരി പ്രതിമാസ വേതനം 1,966 ദിനാറാണ്. 2023 ൽ ഇത് 1,950 ദിനാറായിരുന്നു. കുവൈറ്റ് സ്ത്രീ ജീവനക്കാരുടെ ശരാശരി വേതനം 1,387 ദിനാറാണ്. 2023 ൽ ഇത് 1,362. ദിനാറായിരുന്നു. അതേ സമയം പൊതുമേഖലയിലെ പ്രവാസി പുരുഷ ജീവനക്കാരുടെ പ്രതിമാസ ശമ്പള ശരാശരി 807 ദിനാറും സ്ത്രീകളുടേത് 724 ദിനാറുമാണ്. 2023 ൽ ഇത് യഥാക്രമം 795 ഉം 705 ഉം ദിനാറായിരുന്നു.
സ്വകാര്യമേഖലയിലെ കുവൈറ്റ് പുരുഷന്മാരുടെ പ്രതിമാസ വേതന ശരാശരി 1,648 ദിനാറും കുവൈറ്റ് സ്ത്രീകളുടെ വേതന ശരാശരി 1,075 ദിനാറുമാണ്. കഴിഞ്ഞ വർഷം ഇത് 1,618 ദിനാറും 1,045 ദിനാറുമായിരുന്നു. എന്നിരിക്കെ, സ്വകാര്യമേഖലയിലെ പ്രവാസി പുരുഷന്മാരുടെ പ്രതിമാസ ശരാശരി വേതനം 310 ദിനാറും പ്രവാസി സ്ത്രീകളുടെ ശരാശരി പ്രതിമാസ വേതനം 425 ദിനാറുമാണ്.
കഴിഞ്ഞ വർഷം ഇത് 311 ദിനാറും 430 ദിനാറുമായിരുന്നു. അതായത് പ്രവാസികളുടെ ശമ്പളം കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തേക്കുള്ള പ്രവാസികളുടെ ഒഴുക്ക് ശമ്പളത്തിൽ വലിയ രീതിയിൽ തന്നെ കുറവുവരുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha