വിസ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ, പ്രവാസികൾക്കെതിരെ കർശന വ്യവസ്ഥകളുമായി കുവൈറ്റിൽ പുതിയ നിയമം, കുവൈത്ത് അമീർ അംഗീകരിക്കുന്നതോടെ പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരും...!!!
റെസിഡൻസി നിയമലംഘകർക്ക് നിയമപരമായി രാജ്യത്ത് നിന്ന് മടങ്ങാനും തുടരാനും അനുവദിക്കുന്ന പൊതുമാപ്പ് നടപടികൾ യുഎഇയിൽ തുടരുകയാണ്. അതിനിടെ റെസിഡൻസി വിസ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികൾക്കെതിരെ കർശന വ്യവസ്ഥകളുമായി കുവൈറ്റിൽ പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുകയാണ്. കുവൈറ്റിലെ റസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റു താമസ ഇടങ്ങളിലുമുള്ള വ്യാപാരം നിരോധിക്കുക, വിദേശികളെ നാടുകടത്തുകയും പുറത്താക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിശ്ചയിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള വിദേശികളുടെ താമസാവകാശം സംബന്ധിച്ചവയാണ് പുതിയ നിയമം.
ഒപ്പം വിദേശികളെ നാടുകടത്തുമ്പോൾ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ പുതുക്കിയിട്ടുണ്ട്. നിയമത്തിന്റെ കരടിന് കുവൈറ്റ് മന്ത്രിസഭ അംഗീകാരം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ - സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റിന്റെ പ്രതിവാര യോഗമാണ് കരട് നിയമത്തിന് അംഗീകാരം നല്‍കിയത്. കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് അംഗീകരിക്കുന്നതോടെ പുതിയ നിയമം പ്രാബല്യത്തിൽ വരും.
പ്രവാസിയുടെ റസിഡന്‍സ് വിസ, താല്‍ക്കാലിക വിസ, വിസിറ്റ് വിസ എന്നിവയുടെ കാലാവധി തീരുകയും വിസ പുതുക്കാതെ പ്രവാസി രാജ്യത്ത് തന്നെ തുടരുകയും ചെയ്യുന്ന പക്ഷം അക്കാര്യം പ്രവാസികളുടെ സ്‌പോണ്‍സര്‍മാര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്ന വ്യവസ്ഥയാണ് കരട് നിയമത്തിലെ മറ്റൊരു പ്രധാന കാര്യം. വിസ കാലാവധി കഴിഞ്ഞവർക്ക് ജോലിയും അഭയവും നൽകുന്നതും കടുത്ത നിയമലംഘനമായി കണക്കാക്കും.
വിസ തരപ്പെടുത്താമെന്ന പേരിൽ അനധികൃതമായി പണം വാങ്ങുന്നത് കടുത്ത നിയമലംഘനമാണ്. തൊഴിലുടമയ്‌ക്ക് കീഴിൽ അല്ലാതെ ജോലി ചെയ്യുന്നതും തസ്തികയ്ക്കു വിരുദ്ധമായി മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നതും വിലക്കി. അടിയന്തര സാഹചര്യങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് പ്രത്യേക അനുമതിയെടുക്കാം. സർക്കാർ ജീവനക്കാർ മറ്റിടങ്ങളിൽ ജോലി ചെയ്യുന്നതും വിലക്കിയിട്ടുണ്ട്.
ഇത് കൂടാതെ എന്‍ട്രി വിസ, റസിഡന്‍സ് പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ടും പ്രവാസിയുടെ റിക്രൂട്ട്മെന്റുമായും ബന്ധപ്പെട്ട് നടക്കുന്ന ചൂഷണങ്ങള്‍, വിസ കച്ചവടം, വിസ പുതുക്കുന്നതിന്റെ പേരില്‍ പണം ഈടാക്കല്‍ തുടങ്ങിയവ കര്‍ശനമായി തടയുന്നതാണ് പുതിയ കരട് നിയമം. മാത്രമല്ല, ശമ്പള കുടിശിക വരുത്തുന്നത് കുറ്റകരമാണെന്നും കരട് നിയമം പറയുന്നു.
അതേസമയം, ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ പ്രവാസികൾ എത്രയും വേഗം തന്നെ അത് പൂര്‍ത്തിയാക്കണമെന്നാണ്
കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. അവസാന ദിവസംവരെ കാത്തുനിൽക്കാതെ തിരക്ക് ഒഴിവാക്കി നേരത്തേ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് പ്രവാസികള്‍ക്ക് ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന സമയം. ഏകദേശം 530,000 പ്രവാസികള്‍ ഇനിയും ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുണ്ടെന്നും ഈ സമയത്തിനകത്ത് തന്നെ എല്ലാ പ്രവാസികളും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും അഭിയന്തര മന്ത്രാലയം അറിയിച്ചു.
ഇത് പൂര്‍ത്തിയാക്കാത്തവര്‍ക്ക് സര്‍ക്കാര്‍, ബാങ്കിങ് ഇടപാടുകള്‍ തടയപ്പെടും. കൂടാതെ നടപടി പൂര്‍ത്തിയാക്കാത്ത പ്രവാസികളുടെയും അവരുടെ ആശ്രിതരുടെയും റസിഡന്‍സി വിസകള്‍ പുതുക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. ബാങ്ക് അക്കൗണ്ട് സേവനങ്ങള്‍ നിയന്ത്രിക്കുന്നതിന് പുറമെയാണിതെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. ഒരു തവണ രജിസ്‌ട്രേഷന്‍ സമയം നീട്ടി നല്‍കിയ സാഹചര്യത്തില്‍ ഡിസംബര്‍ 31നു ശേഷം വീണ്ടും സമയം അനുവദിക്കാനിടയില്ല.
https://www.facebook.com/Malayalivartha